15 വർഷം മുൻപ് മരിച്ച പ്രൊഫസറുടെ കുടുംബ പെൻഷൻ കുടിശ്ശികയായ 47,89,221 രൂപ നൽകാൻ സർക്കാർ ഉത്തരവ്
കൊച്ചി: ചേർത്തല എൻഎസ്എസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 2010 സെപ്റ്റംബർ 1ന് മരിച്ച ബി രവീന്ദ്രൻ പിള്ളയുടെ ഭാര്യ നോർത്ത് പറവൂർ സ്വദേശി ബീനാ രാധയ്ക്ക് 47,89,221 രൂപ കുടുംബ പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി നൽകാൻ സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 15 വർഷം മുൻപ്

കൊച്ചി: ചേർത്തല എൻഎസ്എസ് കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 2010 സെപ്റ്റംബർ 1ന് മരിച്ച ബി രവീന്ദ്രൻ പിള്ളയുടെ ഭാര്യ നോർത്ത് പറവൂർ സ്വദേശി ബീനാ രാധയ്ക്ക് 47,89,221 രൂപ കുടുംബ പെൻഷൻ കുടിശ്ശിക ഒറ്റത്തവണയായി നൽകാൻ സർക്കാർ ഉത്തരവിട്ടു. മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. 15 വർഷം മുൻപ് നൽകേണ്ടിയിരുന്ന കുടിശ്ശിക ഇനിയും വൈകിയാൽ നഷ്ടപരിഹാരം നൽകേണ്ടിവരുമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. കാലതാമസത്തിന് കാരണമായ സാഹചര്യം അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കും ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്. കോളേജിന്റെയും കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ഓഫീസുകളിൽ ഉണ്ടായ വീഴ്ചയാണ് കുടിശ്ശിക ഇത്രയും വലുതാകാൻ കാരണമായതെന്ന് ധനവകുപ്പ് വിലയിരുത്തി.2010 സെപ്റ്റംബർ 14 മുതൽ 2024 ജൂലായ് 31 വരെയുള്ള യുജിസി കുടുംബ പെൻഷൻ പരിഷ്കരണ കുടിശ്ശികയും 2014 ജനുവരി 1 മുതൽ 2019 ജൂൺ 30 വരെയുള്ള ക്ഷാമബത്ത കുടിശ്ശികയുടെ ആദ്യ രണ്ട് ഗഡുക്കളുമാണ് പരാതിക്കാരിക്ക് ലഭിക്കാനുള്ളത്. കോളേജിൽ നിന്ന് പ്രൊപ്പോസൽ ലഭിക്കാൻ വൈകിയതാണ് കാലതാമസത്തിന് കാരണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിച്ചിരുന്നു. ജൂലായ് 7-ന് തിരുവനന്തപുരത്ത് നടന്ന സിറ്റിങ്ങിൽ ധനവകുപ്പ് അണ്ടർ സെക്രട്ടറിയെയും ട്രഷറി ഡയറക്ടറെയും കമ്മിഷൻ നേരിട്ട് കേട്ടിരുന്നു.തുടർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ മുഴുവൻ കുടിശ്ശികയും ഒറ്റത്തവണയായി നൽകാൻ കമ്മിഷൻ നിർദേശിച്ചു. ഇനിയും കാലതാമസമുണ്ടായാൽ നഷ്ടപരിഹാരം നൽകാൻ നിർദേശിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഓഗസ്റ്റ് 10ന് എറണാകുളത്ത് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കുടിശ്ശിക അനുവദിക്കാൻ സർക്കാർ തീരുമാനമായത്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം