19 ഫോര്, 8 സിക്സ്, വിനു മങ്കാദ് ട്രോഫിയിൽ 143 പന്തില് 173 റൺസ് അടിച്ചുകൂട്ടി സെവാഗിന്റെ മകൻ ആര്യവീർ
വിശാഖപട്ടണം: വീരേന്ദർ സെവാഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ അനുസ്മരിപ്പിച്ച് മകൻ ആര്യവീർ സെവാഗ്. വിനൂ മങ്കാദ് ട്രോഫിയിൽ ഡൽഹി ടീമിനെ നയിക്കുന്ന 18-കാരനായ ആര്യവീർ ചണ്ഡീഗഡിനെതിരെ 143 പന്തിൽ നിന്ന് 173 റൺസ് അടിച്ചുകൂട്ടി. 19 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു യുവതാരത്തിന്‍റെ വിസ്മയ ഇന്നിം

വിശാഖപട്ടണം: വീരേന്ദർ സെവാഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ അനുസ്മരിപ്പിച്ച് മകൻ ആര്യവീർ സെവാഗ്. വിനൂ മങ്കാദ് ട്രോഫിയിൽ ഡൽഹി ടീമിനെ നയിക്കുന്ന 18-കാരനായ ആര്യവീർ ചണ്ഡീഗഡിനെതിരെ 143 പന്തിൽ നിന്ന് 173 റൺസ് അടിച്ചുകൂട്ടി. 19 ഫോറുകളും 8 സിക്സറുകളും അടങ്ങുന്നതായിരുന്നു യുവതാരത്തിന്‍റെ വിസ്മയ ഇന്നിംഗ്സ്. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിക്കായി ഓപ്പണർ അർണവ് ബുഗ്ഗയ്ക്കൊപ്പം (47) മികച്ച തുടക്കമാണ് ആര്യവീർ നൽകിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തു.തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും ഒരു വശത്ത് നിലയുറപ്പിച്ച ആര്യവീർ ചണ്ഡീഗഡ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. 46-ാം ഓവറിൽ ശ്രേഷ്ഠ് ദുഗ്ഗലിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഡൽഹിയെ സുരക്ഷിതമായ സ്കോറിലേക്ക് ആര്യവീർ എത്തിച്ചിരുന്നു. ആര്യവീറിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഡൽഹി നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.കഴിഞ്ഞ മത്സരത്തിൽ കർണാടകയ്ക്കെതിരെ വലിയ തോൽവി വഴങ്ങിയ ഡൽഹിക്ക് ഈ ഇന്നിംഗ്സിലൂടെ ശക്തമായ തിരിച്ചുവരവ് നടത്താൻ സാധിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ രാജ്കോട്ടിൽ ഓസ്ട്രേലിയൻ അണ്ടർ-19 ടീമിനെതിരായ പരമ്പരയിലൂടെയാണ് ആര്യവീർ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ചത്. പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരം, ഡൽഹി പ്രീമിയർ ലീഗിൽ വെസ്റ്റ് ഡൽഹി ലയൺസിനായും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. അച്ഛന്‍റെ അതേ ആക്രമണ ശൈലിയിൽ റൺസ് അടിച്ചുകൂട്ടുന്ന ആര്യവീർ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി പ്രതീക്ഷയായാണ് വിലയിരുത്തപ്പെടുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക