'ഇന്ത്യയിൽ ഞാൻ രാജാവാണ്, യുഎസ് ജോലി വേണ്ട'; വീട്ടുജോലി പേടിച്ച് ലക്ഷങ്ങളുടെ ഓഫർ നിരസിച്ച് യുവാവ്, കുറിപ്പ് വൈറൽ
ഉയർന്ന ശമ്പളവും മികച്ച കരിയറും സ്വപ്നം കണ്ട് ഭൂരിഭാഗം ഐടി പ്രൊഫഷണലുകളും അമേരിക്കയിലേക്ക് ചേക്കേറാൻ കാത്തിരിക്കുമ്പോൾ, കമ്പനി വച്ചുനീട്ടിയ യുഎസ് ട്രാൻസ്ഫർ ഓഫർ വേണ്ടെന്നുവെച്ച ഒരു ഇന്ത്യൻ ജീവനക്കാരന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമേരിക്കയിലെത്തിയാൽ വീട്ടുജോലികൾ സ്വന്തമായി

ഉയർന്ന ശമ്പളവും മികച്ച കരിയറും സ്വപ്നം കണ്ട് ഭൂരിഭാഗം ഐടി പ്രൊഫഷണലുകളും അമേരിക്കയിലേക്ക് ചേക്കേറാൻ കാത്തിരിക്കുമ്പോൾ, കമ്പനി വച്ചുനീട്ടിയ യുഎസ് ട്രാൻസ്ഫർ ഓഫർ വേണ്ടെന്നുവെച്ച ഒരു ഇന്ത്യൻ ജീവനക്കാരന്‍റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അമേരിക്കയിലെത്തിയാൽ വീട്ടുജോലികൾ സ്വന്തമായി ചെയ്യേണ്ടി വരുമെന്ന ഭയമാണ് ലക്ഷങ്ങളുടെ ഈ ഓഫർ നിരസിക്കാൻ യുവാവിനെ പ്രേരിപ്പിച്ചത്. 'സൈമ്രാറ്റ്' (Zymrat) എന്ന ബ്രാൻഡിന്‍റെ സഹസ്ഥാപകനായ ഉജ്ജ്വൽ അസ്താനയാണ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ തന്‍റെ ബന്ധുവിന്‍റെ ഈ അപൂർവ്വ തീരുമാനം പങ്കുവെച്ചത്. ഇന്ത്യയിലെ സുഖലോലുപമായ ജീവിതം ഉപേക്ഷിക്കാൻ യുവാവ് തയ്യാറാകാതിരുന്നതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ഉജ്ജ്വൽ അവകാശപ്പെടുന്നു.'ഇവിടെ സിംഗിൾ, ജീവിതം രാജാവിനെ പോലെ!'തന്‍റെ ബന്ധുവിന് സ്വന്തം കമ്പനിയിൽ നിന്ന് തന്നെയാണ് യുഎസിലേക്ക് മാറാനുള്ള അവസരം ലഭിച്ചതെന്ന് ഉജ്ജ്വൽ അസ്താന വ്യക്തമാക്കുന്നു. എന്നാൽ, അവിടെ ലഭിക്കുന്ന ശമ്പളം വച്ച് നോക്കുമ്പോൾ ജീവിതച്ചെലവ് കൂടുതലാണെന്നും സൗകര്യങ്ങൾ കുറവാണെന്നുമാണ് യുവാവിന്‍റെ കണ്ടെത്തൽ. "ഒരു ബന്ധു സ്വന്തം കമ്പനി നൽകിയ യുഎസ് അവസരം നിരസിക്കുകയാണ്. അദ്ദേഹം പറയുന്ന കാരണം ഇതാണ് –അവിടെ വാഗ്ദാനം ചെയ്ത ശമ്പളത്തിൽ ജീവിക്കുമ്പോൾ വീട് സ്വന്തമായി വൃത്തിയാക്കേണ്ടി വരും, സ്വന്തമായി പാകം ചെയ്ത് കഴിക്കണം, 10 മിനിറ്റിൽ സാധനങ്ങൾ എത്തിക്കുന്ന ഗ്രോസറി ഡെലിവറിയോ വീട്ടിൽ വന്ന് ചെയ്യുന്ന മസാജ് സർവീസോ ഒന്നും അവിടെ കിട്ടില്ല. ഇന്ത്യയിൽ അദ്ദേഹം അവിവാഹിതനാണ്, രാജാവിനെപ്പോലെയാണ് ജീവിക്കുന്നത്," അസ്താന എക്സിൽ കുറിച്ചു. A relative is refusing US opportunity in his own company.His reason - in the offered salary he will have to clean house himself, eat at home, won’t get 10 min grocery, won’t get at home massages - here he is single and lives king size.Priorities.— ujjawal (@ujjawalasthana) July 5, 2026 അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസെൺസ്ഈ പോസ്റ്റ് പുറത്തുവന്നതോടെ വലിയ രീതിയിലുള്ള തർക്കങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. യുവാവിന്‍റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അനുകൂലിക്കുന്നവർ പറയുന്നത് "ഇന്ത്യയിൽ ജീവിക്കുന്നതാണ് ഏറ്റവും ലാഭകരം. അമേരിക്കയിലേക്ക് മാറിയാൽ പിപിപി (Purchasing Power Parity - വാങ്ങൽ ശേഷി സമത) അടിസ്ഥാനത്തിൽ നോക്കുമ്പോൾ വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല. പാൽ, പത്രം, പച്ചക്കറി, തയ്യൽക്കാരൻ, വീട്ടുജോലിക്കാർ എന്നിവരെല്ലാം വിരൽത്തുമ്പിൽ കിട്ടുന്ന ഇന്ത്യ തന്നെയാണ് സ്വർഗ്ഗം." എതിർക്കുന്നവർ പറയുന്നത് "യുവാവ് എടുത്തത് തെറ്റായ തീരുമാനമാണ്. അമേരിക്കയിൽ ഗ്രീൻ കാർഡും പി.ആറും (PR) ലഭിക്കുന്ന കാലമാകുമ്പോഴേക്കും വീട്ടുജോലികൾ ചെയ്യാൻ റോബോട്ടുകൾ വരും. കുറച്ചുകാലമെങ്കിലും വിദേശത്ത് ജീവിക്കുന്നത് വ്യക്തിത്വ വികാസത്തിനും വ്യത്യസ്ത സംസ്കാരങ്ങൾ മനസ്സിലാക്കാനും സഹായിക്കും."