തൂഫാൻ ടീം അടിച്ച് തൂഫാൻ! നാട്ടുകാരുടെ പിടിയിലായി മദ്യപിച്ച് പോലീസ് ജീപ്പോടിച്ച ഡാൻസാഫ് ഉദ്യോഗസ്ഥർ, വനിതാ ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പത്തനംതിട്ട: പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ചതിനെ തുടർന്ന് വൻ ജനരോഷം. ലഹരി വേട്ടയ്ക്ക് ലക്കുകെട്ട രീതിയിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ

പത്തനംതിട്ട: പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലുള്ള ഡാൻസാഫ് ഉദ്യോഗസ്ഥർ മദ്യപിച്ച് പോലീസ് ജീപ്പ് ഓടിച്ചതിനെ തുടർന്ന് വൻ ജനരോഷം. ലഹരി വേട്ടയ്ക്ക് ലക്കുകെട്ട രീതിയിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് സഞ്ചരിച്ച പോലീസ് വാഹനം നിയന്ത്രണം വിടുകയായിരുന്നു. ജീപ്പിന്റെ നിയന്ത്രണം നഷ്ടമായതോടെ റോഡിലുണ്ടായിരുന്ന ഒരു വനിതാ ഓട്ടോ ഡ്രൈവർ തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. അപകടകരമായ രീതിയിൽ നിയന്ത്രണം വിട്ട പൊലീസ് ജീപ്പ് ഒടുവിൽ നാട്ടുകാർ ചേർന്ന് തടഞ്ഞുവെക്കുകയായിരുന്നു. നാട്ടുകാർ തടിച്ചുകൂടി ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ, വാഹനത്തിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ ജീപ്പിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ആളുകൾ ഒത്തുകൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് ഈ ഉദ്യോഗസ്ഥൻ ഓടിയത്.സംഭവത്തെ തുടർന്ന് സ്ഥലത്ത് കൂടുതൽ പോലീസ് സംഘം എത്തിച്ചേരുകയും വാഹനം ഓടിച്ച ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളെ തുടർനടപടികൾക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സുരക്ഷാവീഴ്ചയിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക റിപ്പോർട്ട് ലഭിച്ചതിനുശേഷം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള കർശനമായ വകുപ്പുതല നടപടികളിലേക്ക് നീങ്ങുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.