ജന്മനാട് കാണാതെ 25 വർഷത്തെ പ്രവാസം, ഏഴ് കേസുകളും 37 ലക്ഷത്തിന്റെ ബാധ്യതയും; ഒടുവിൽ നാട്ടിലേക്ക് മടങ്ങാനാകാതെ നാസർ ഖാൻ മരിച്ചു
റിയാദ്: ഇരുപത്തഞ്ചാണ്ടുകാലം നെഞ്ചിലൊതുക്കിയ നാടിന്റെ പച്ചപ്പിലേക്കും പ്രിയപ്പെട്ടവരുടെ പുഞ്ചിരിയിലേക്കും ഒടുവിലൊന്നു കണ്ണുതുറക്കാൻ പോലുമാകാതെ, കൊല്ലം സ്വദേശിയായ പ്രവാസി റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ തുടയന്നൂർ മാൻകുന്നിൽ വീട്ടിൽ സുലൈമാൻ നാസർ ഖാൻ (59) ആണ് പ്രവാസത്തിന്റെ കണ്ണീരോർമയായി വിടപറഞ്ഞത്. രോ

റിയാദ്: ഇരുപത്തഞ്ചാണ്ടുകാലം നെഞ്ചിലൊതുക്കിയ നാടിന്റെ പച്ചപ്പിലേക്കും പ്രിയപ്പെട്ടവരുടെ പുഞ്ചിരിയിലേക്കും ഒടുവിലൊന്നു കണ്ണുതുറക്കാൻ പോലുമാകാതെ, കൊല്ലം സ്വദേശിയായ പ്രവാസി റിയാദിൽ മരിച്ചു. കൊല്ലം കടയ്ക്കൽ തുടയന്നൂർ മാൻകുന്നിൽ വീട്ടിൽ സുലൈമാൻ നാസർ ഖാൻ (59) ആണ് പ്രവാസത്തിന്റെ കണ്ണീരോർമയായി വിടപറഞ്ഞത്. രോഗശയ്യയിലും ജന്മനാട് കാണാൻ കൊതിച്ച ആ പ്രവാസി, ഒടുവിൽ റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിലെ തണുത്ത മണ്ണിലേക്ക് യാത്രയായി.നീണ്ട 25 വർഷമായി നാസർ നാട്ടിൽ പോയിട്ട്. ഒരു പുരുഷായുസ്സിന്റെ വലിയൊരു പങ്കും മണലാരണ്യത്തിൽ ഹോമിച്ച അദ്ദേഹം, റിയാദിൽ ആദ്യം ബഖാല (പലചരക്ക് കട) നടത്തിവരികയായിരുന്നു. അത് നിർത്തേണ്ടി വന്നതോടെ താൽക്കാലിക ഒഴിവുകളിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു. കഴിഞ്ഞ 10 വർഷമായി ഇഖാമ പോലുമില്ലാതെ, നിയമത്തിന്റെ കണ്ണുവെട്ടിച്ച് വലിയ ആശങ്കളോടെയാണ് അദ്ദേഹം പ്രവാസഭൂമിയിൽ കഴിഞ്ഞുകൂടിയത്.ഏഴു മാസം മുൻപ്, എങ്ങനെയെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം ശക്തമായതോടെയാണ് അദ്ദേഹം സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെടുന്നത്. കൈയിൽ പാസ്‌പോർട്ട് പോലുമില്ലാതിരുന്ന നാസറിന് ഒടുവിൽ ഇന്ത്യൻ എംബസി വഴി പുതിയ പാസ്‌പോർട്ട് ലഭ്യമാക്കി. മൂന്ന് മാസം മുൻപ് അദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ സജീവമായെങ്കിലും വിധി ക്രൂരമായ മറ്റൊരു വഴിയിലായിരുന്നു.സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട ഏഴ് കേസുകളിലായി 1,70,000 റിയാൽ (ഏകദേശം 37 ലക്ഷത്തിലധികം രൂപ) നൽകാനുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന് യാത്രാവിലക്ക് ഉണ്ടായിരുന്നു. ഇതോടെ നാട്ടിൽ നിന്നും കുടുംബം നൽകിയ അഭ്യർത്ഥനയെ തുടർന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷയത്തിൽ ഇടപെട്ടു (ഈ കാലയളവിൽ കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു). നാസർ ഖാൻ പാപ്പരാണെന്ന് പ്രഖ്യാപിക്കാനുള്ള അപേക്ഷ മറ്റൊരു സാമൂഹിക പ്രവർത്തകനായ നിഹ്മത്തുല്ല റിയാദിലെ കോടതിയിൽ സമർപ്പിച്ചു. ഈ കേസിന്റെ നിർണായകമായ ഹിയറിങ് നടക്കേണ്ടിയിരുന്നത് നാളെ (ബുധനാഴ്ച) ആയിരുന്നു.കോടതി വിധിയോടെ ജന്മനാട്ടിലേക്ക് തിരികെപ്പോകാമെന്ന പ്രതീക്ഷകൾ ബാക്കിയാക്കി രണ്ട് മാസം മുൻപ് നാസറിനെ അർബുദം കീഴടക്കി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലും, പിന്നീട് അതീവ ഗുരുതരമായതോടെ റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിലേക്കും മാറ്റി.ഒരു മാസത്തോളം മരണത്തോട് പൊരുതി ഒടുവിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. നിയമക്കുരുക്കുകൾ അഴിഞ്ഞ് നാടിന്റെ മണ്ണിലേക്ക് തിരികെപ്പോകാൻ കോടതി അനുവദിക്കുന്ന ആ ബുധനാഴ്ചയ്ക്കായി കാത്തുനിൽക്കാതെ, അതിനു മുൻപേ മരണത്തിന്റെ കൈപിടിച്ച് അയാൾ പോവുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കം നടന്നു.നാസറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ശിഹാബ് കൊട്ടുകാടിനൊപ്പം നിഹ്മത്തുല്ലയും കൈകോർത്താണ് നടത്തിക്കൊണ്ടിരുന്നത്. ഇന്ത്യൻ എംബസിയുടെയും സഹായമുണ്ടായിരുന്നു. എസ്. സുലൈമാന്റെയും ആമിന ഉമ്മയുടെയും മകനാണ് മരിച്ച നാസർ ഖാൻ. ഭാര്യ: ഷിബി. മക്കൾ: ഹൈഫ, മുഹമ്മദ്, അൻവർ. 15 വർഷം മുമ്പ് കുടുംബത്തെ റിയാദിലേക്ക് കൊണ്ടുവന്നിരുന്നു. കുറച്ചുകാലം ഇവിടെ ഒരുമിച്ചുതാമസിച്ചു. ഇളയ രണ്ട് ആൺമക്കൾ ഇവിടെ വെച്ചാണ് ജനിച്ചത്. മൂത്ത മകൾ മാത്രമുള്ളപ്പോഴായിരുന്നു നാസർ ഖാൻ സൗദിയിലേക്ക് വരുന്നത്.