'സഞ്ജു മികച്ച താരം'; സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ശ്രേയസ്
സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ ടി20 നായകന്‍ ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിലെ മോശം പര്യടനത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പര ഇതിനകം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മറ്റൊരു ഓപ

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യില്‍ വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയ തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ ടി20 നായകന്‍ ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിലെ മോശം പര്യടനത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പര ഇതിനകം നഷ്ടപ്പെട്ട സാഹചര്യത്തില്‍ മറ്റൊരു ഓപ്പണിംഗ് കോമ്പിനേഷന്‍ പരീക്ഷിക്കാനാണ് ടീം മാനേജ്മെന്റ് തീരുമാനിച്ചതെന്ന് അയ്യര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ 4-0 എന്ന നിലയില്‍ സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങിയിരുന്നു.ഇതോടെ ഐസിസി ടി20 റാങ്കിംഗില്‍ 1,601 ദിവസമായി ഇന്ത്യ തുടര്‍ന്നുവന്ന ഒന്നാം സ്ഥാനം നഷ്ടമായി. ഈ തോല്‍വി ടീം മാനേജ്മെന്റിന്റെയും ശ്രേയസ് അയ്യരുടെയും ഗൗതം ഗംഭീറിന്റെയും തെരഞ്ഞെടുപ്പ് തീരുമാനങ്ങളെയും തന്ത്രങ്ങളെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ രൂക്ഷമാക്കിയിട്ടുണ്ട്. പരമ്പര കൈവിട്ടിട്ടും അവസാന മത്സരത്തില്‍ വൈഭവ് സൂര്യവംശിയെ ഒഴിവാക്കി സഞ്ജു സാംസണെ തിരികെ കൊണ്ടുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഓപ്പണിംഗില്‍ ഒരു വലതു കൈ ബാറ്റ്‌സ്മാനെയാണ് ടീം മാനേജ്മെന്റ് ആഗ്രഹിച്ചതെന്ന് അയ്യര്‍ പറഞ്ഞു.അയ്യരുടെ വാക്കുകള്‍... ''നേരത്തെ പറഞ്ഞതുപോലെ, ഈ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങള്‍ കരുതുന്ന കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഒരു വലതു കൈ ബാറ്റ്‌സ്മാനെ കൂടി ഞങ്ങള്‍ ആഗ്രഹിച്ചു, അതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഞാന്‍ മാത്രമായിരുന്നു ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്കിടയിലുള്ള ഏക വലതു കൈ ബാറ്റ്‌സ്മാന്‍. ഈ മത്സരത്തിന് അനുയോജ്യമായ മറ്റൊരു കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. സഞ്ജു മികച്ചൊരു ബാറ്റ്‌സ്മാനാണ്, മുന്‍പ് പല പരമ്പരകളിലും അദ്ദേഹം നമുക്ക് വിജയം സമ്മാനിച്ചിട്ടുണ്ട്.'' അയ്യര്‍ വിശദീകരിച്ചു.സഞ്ജുവിലുള്ള വിശ്വാസം പ്രകടിപ്പിച്ചെങ്കിലും, വൈഭവ് സൂര്യവംശിയെ കൈകാര്യം ചെയ്ത രീതിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ ഈ വിശദീകരണം സഹായിക്കില്ല. മികച്ച ഫോമിലുള്ള യുവതാരത്തെ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പെട്ടെന്ന് ഒഴിവാക്കിയത് ടീം മാനേജ്മെന്റിന്റെ തീരുമാനങ്ങളിലെ അവ്യക്തതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ടി20 ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം താനനുഭവിച്ച ആദ്യത്തെ വലിയ തിരിച്ചടിയാണിതെങ്കിലും, ഈ പര്യടനം തന്നെ മികച്ചൊരു നായകനാകാന്‍ സഹായിക്കുമെന്ന് അയ്യര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.അദ്ദേഹം തുടര്‍ന്നു... ''നായകസ്ഥാനം ഉത്തരവാദിത്തം കൂടിയാണ്, എന്നാല്‍ ഞാന്‍ സമ്മര്‍ദ്ദത്തെ ഇഷ്ടപ്പെടുന്നു, അതിനെ ഒരു ഭാഗ്യമായാണ് കാണുന്നത്. ഇത്തരം നിമിഷങ്ങള്‍ എന്നെ വളരാനും ഭാവിയില്‍ മികച്ചൊരു നായകനാകാനും സഹായിക്കും. ഈ പരമ്പരയെക്കുറിച്ച് ആളുകള്‍ എന്ത് പറയുമെന്നതിനെക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നില്ല. കാരണം, വിജയവും പരാജയവും കളിയുടെ ഭാഗമാണ്. മുന്നോട്ട് പോകുമ്പോള്‍, പോസിറ്റീവായി ചിന്തിക്കാനും ടീമിലെ താരങ്ങളെ വളര്‍ത്തിയെടുക്കാനുമാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.'' അയ്യര്‍ കൂട്ടിച്ചേര്‍ത്തു.