ബിഹാറിൽ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; തട്ടിക്കൊണ്ടുപോകൽ അല്ലെന്ന് പൊലീസ്, പീഡനത്തിന് തെളിവില്ലെന്നും വിശദീകരണം
പട്ന: ബിഹാറിൽ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പൊലീസിലെ വനിതാ ഹോംഗാർഡായ യുവതിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയെന്നും ബന്ദിയാക്കിയശേഷം പൊലീസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് ആരോപണം. അതേസമയം, സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നാണ് പൊലീസിന്റെ വിശദീകരണം.ബിഹാറിലെ വൈശാലി ജില്ലയി

പട്ന: ബിഹാറിൽ പൊലീസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി. പൊലീസിലെ വനിതാ ഹോംഗാർഡായ യുവതിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയെന്നും ബന്ദിയാക്കിയശേഷം പൊലീസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് ആരോപണം. അതേസമയം, സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നാണ് പൊലീസിന്റെ വിശദീകരണം.ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ഹോംഗാർഡായ യുവതിയും സഹോദരിയും പിതാവിനൊപ്പം ചന്തയിൽനിന്ന് തിരികെവരുന്നതിനിടെ സുബോദ് പാസ്വാൻ എന്നയാളും കൂട്ടാളികളും ചേർന്ന് രണ്ട് യുവതികളെയും തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. തുടർന്ന് യുവതികളെ വീട്ടിൽ പൂട്ടിയിടുകയും പൊലീസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. കുടുംബം പൊലീസിൽ അറിയിച്ചതോടെ പൊലീസെത്തിയാണ് യുവതികളെ മോചിപ്പിച്ചതെന്നും എന്നാൽ, പ്രതികൾ രക്ഷപ്പെട്ടതായും കുടുംബം പറഞ്ഞു. സുബോദ് പാസ്വാൻ ഏറെനാളായി പൊലീസുകാരിയായ യുവതി ശല്യംചെയ്യുകയാണെന്നും ഇയാൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നും കുടുംബം ആരോപിച്ചു.അതേസമയം, പരാതിയിൽ പറയുന്ന ആരോപണങ്ങൾ തെളിഞ്ഞിട്ടില്ലെന്നും പീഡനം നടന്നോ എന്നത് വൈദ്യപരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ എന്നുമായിരുന്നു മഹുവ സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ സഞ്ജീവ് കുമാറിന്റെ പ്രതികരണം. യുവതിയും പ്രതിയും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ജോലി ലഭിച്ചതോടെ യുവതി പ്രതിയിൽനിന്ന് അകലം പാലിച്ചു. ഇതിനെച്ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് പീഡനം നടന്നതായി ആരോപിക്കുന്നത്. സംഭവം തട്ടിക്കൊണ്ടുപോകൽ അല്ലെന്നും പീഡനത്തിന് ഇതുവരെ തെളിവില്ലെന്നും യുവതിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും യുവതി ചികിത്സയിലുണ്ടെന്നും പൊലീസ് പറഞ്ഞു.