'മനീതി സംഘം ചെയ്തതിനേക്കാൾ വലിയ അനീതി'; താഴ്മൺ കുടുംബത്തിനെതിരെ കെ എസ് രാധാകൃഷ്ണൻ
കൊച്ചി: ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്ന നിലപാട് ആവർത്തിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ. ഗുരുതര ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്നാണ് തൻ്റെ അഭിപ്രായം. ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നത് ബിജ

കൊച്ചി: ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്ന നിലപാട് ആവർത്തിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് രാധാകൃഷ്ണൻ. ഗുരുതര ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ ശബരിമല തന്ത്രിസ്ഥാനം താഴ്മൺ കുടുംബത്തിൽനിന്ന് മാറ്റണമെന്നാണ് തൻ്റെ അഭിപ്രായം. ക്ഷേത്രങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്നത് ബിജെപിയുടെ നിലപാടുകൂടിയാണ്. താഴ്മൺ കുടുംബം ശബരിമല തന്ത്രിപദവിയിൽ എത്താൻ യോഗ്യരല്ലെന്ന തന്റെ നിലപാടും പാർട്ടി നിലപാടും തമ്മിൽ ഭിന്നതയില്ലെന്നും കെ എസ് രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മനീതി സംഘം ചെയ്തതിനേക്കാൾ വലിയ അനീതിയാണ് താഴ്മൺ കുടുംബം ചെയ്തത്. ശബരിമലയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ ചെമ്പുപാളികൾ എന്ന് മാത്രമാക്കി തയ്യാറാക്കിയ മഹ്സറിൽ ഒപ്പുവെച്ച ഒന്നാം പേരുകാരനാണ് കണ്ഠരര് രാജീവര്. ഇത്തരമൊരു വ്യാജരേഖ വെച്ചാണ് സ്വർണക്കൊള്ള നടത്തിയത്. ഇതുസംബന്ധിച്ച രണ്ട് കേസിലെ പ്രതിയാണ് കണ്ഠരര് രാജീവരെന്നും അദ്ദേഹം പറഞ്ഞു."എനിക്ക് പറ്റില്ല, അതുകൊണ്ട് എന്റെ മകൻ വരട്ടെ എന്ന് പറയാൻ ഇത് കുടുംബസ്വത്തല്ല. ദേവസ്വം ബോർഡിനാണ് അതിന് അധികാരം. തന്ത്രസമുച്ചയത്തിലും തന്ത്രികളെ മാറ്റാം"- കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.ബിജെപിക്ക് ഒരു ക്ഷേത്രത്തെക്കുറിച്ച് മാത്രമായി പ്രതികരണമില്ല. എല്ലാ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠ വിശുദ്ധി സംരക്ഷിക്കപ്പെടണമെന്നാണ് ബിജെപിയുടെ നിലപാട്. ക്ഷേത്രത്തിൻ്റെ കാര്യത്തെക്കുറിച്ച് ബിജെപിക്ക് സുശക്തവും സുവ്യക്തവുമായ നയപരിപാടികളുണ്ട്. അതുകൊണ്ട് എപ്പോഴും ചർച്ച ചെയ്യേണ്ടതില്ല. സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ തന്ത്രിയെ ബിജെപി നേതാക്കൾ കണ്ടത് വ്യക്തിപരമായ ബന്ധം കൊണ്ടാകാമെന്നും കെ എസ് രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.