പൂപ്പലും പൊടിയും തട്ടി ചൂട് തീരുമാനം എടുക്കൂ, സർക്കാരിന്റെ വൈകലിൽ പ്രതികരിച്ച് ജിന്റോ ജോൺ; 'അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം'
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം ആർ അജിത് കുമാറിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ ‘സൂപ്പർ ഡിജിപി’യും കള്ളന് കഞ്ഞിവെച്ച ആളുമായിരുന്നു

തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ ശ്രമിച്ച എഡിജിപി എം ആർ അജിത് കുമാറിനെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ. കഴിഞ്ഞ സർക്കാരിന്‍റെ കാലത്തെ ‘സൂപ്പർ ഡിജിപി’യും കള്ളന് കഞ്ഞിവെച്ച ആളുമായിരുന്നു അജിത് കുമാറെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിച്ച ആഭ്യന്തര വകുപ്പിന്‍റെ തീരുമാനത്തെ കോൺഗ്രസ്-യുഡിഎഫ് പ്രവർത്തകർ മാത്രമല്ല, നീതിബോധമുള്ള സാധാരണ ജനങ്ങളും സ്വാഗതം ചെയ്തിരുന്നു. എന്നാൽ ഈ അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടികൾ വൈകുന്നത് നീതിബോധത്തെ വെല്ലുവിളിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച പൊലീസുകാരെ രക്ഷിച്ചെടുക്കാൻ റിപ്പോർട്ടുകൾ തിരുത്തിച്ചതുൾപ്പെടെയുള്ള ഗുരുതര പൗരാവകാശ ലംഘനങ്ങളാണ് അജിത് കുമാറിന്‍റെ നേതൃത്വത്തിൽ നടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള അതിരുകവിഞ്ഞ രാജഭക്തി തെളിയിക്കാനും തന്‍റെ ഇരിപ്പിടം അരക്കിട്ടുറപ്പിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച, പൂരം കലക്കൽ, തൃശൂരിൽ ബിജെപിയുടെ വിജയത്തിന് കളമൊരുക്കൽ, അനധികൃത സ്വത്ത് സമ്പാദനം, സ്വർണ്ണക്കടത്ത്, മാമി തിരോധാനം, ശബരിമലയിലെ അനധികൃത ട്രാക്ടർ യാത്ര തുടങ്ങിയ നിരവധി വിവാദങ്ങളിൽ പങ്കാളിയായ ഒരു ഉദ്യോഗസ്ഥന് ഇനി ഒരുതരത്തിലുള്ള പ്രിവിലേജും സംരക്ഷണവും ഈ സർക്കാരിൽ നിന്ന് ലഭിക്കരുത്.ഡിജിപിയുടെ ഓഫീസിൽ മൂന്നാഴ്ചയായി കെട്ടിക്കിടക്കുന്ന അന്വേഷണ റിപ്പോർട്ടിൽ ആഭ്യന്തര മന്ത്രാലയം അടിയന്തരമായി കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളണം. ‘ഓപ്പറേഷൻ തൂഫാൻ’ വഴി മാതൃകാപരമായ നിലപാടുകൾ സ്വീകരിച്ചതുപോലെ, പൊലീസിലെ ക്രിമിനൽ സിൻഡിക്കേറ്റിന്‍റെ തലവനായ അജിത് കുമാറിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണം. ഭീഷണിപ്പെടുത്തൽ, ഗൂഢാലോചന, റിപ്പോർട്ട് തിരുത്തിക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ ഇനിയും വൈകുന്നത് സാധാരണ ജനങ്ങളിൽ സംശയമുണ്ടാക്കുമെന്നും ജിന്‍റോ ജോൺ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.