ലമീൻ യമാൽ മാത്രമല്ല, ഇത് ടോട്ടൽ പാക്കേജ്; ഫ്രാൻസിനെ വീഴ്ത്തിയത് സ്പെയിനിന്റെ 'സംഘശക്തി'
ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. സൂപ്പർ താരം ലാമിൻ യമാലിന്‍റെ തിളക്കത്തിനപ്പുറം, മിന്നും ഗോളുകളുമായി ഒയർസബാലും പെഡ്രോ പോറോയും ഉറച്ച കോട്

ഡാളസ്: ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിന്‍റെ അപരാജിത കുതിപ്പിന് തടയിട്ട് സ്പെയിൻ ഫൈനലിലേക്ക് മാർച്ച് ചെയ്യുമ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത് അവരുടെ അതിശയിപ്പിക്കുന്ന സംഘശക്തിയെക്കുറിച്ചാണ്. സൂപ്പർ താരം ലാമിൻ യമാലിന്‍റെ തിളക്കത്തിനപ്പുറം, മിന്നും ഗോളുകളുമായി ഒയർസബാലും പെഡ്രോ പോറോയും ഉറച്ച കോട്ടയായി സ്പാനിഷ് പ്രതിരോധവും നിലയുറപ്പിച്ചപ്പോൾ ഫ്രഞ്ച് സൈന്യത്തിന് ആയുധം വെച്ചു കീഴടങ്ങേണ്ടി വന്നു.കൗമാര വിസ്മയം ലാമിൻ യമാലിന് ടൂർണമെന്‍റിൽ ആകെ ഒരു ഗോൾ മാത്രമുള്ളപ്പോഴാണ് സ്പെയിനിന്‍റെ 'സൈലന്‍റ് കില്ലർ' മിക്കേൽ ഒയർസബാൽ അഞ്ച് ഗോളുകളുമായി ചരിത്രം കുറിക്കുന്നത്. മുൻപ് കാബോ വെർദെക്കെതിരായ മത്സരത്തിൽ 30 മിനിറ്റോളം പന്ത് കിട്ടാതെ ഗ്രൗണ്ടിൽ വെറുതെ ഓടേണ്ടി വന്നതിന്‍റെ വലിയ നാണക്കേടും നിരാശയും ഒയർസബാലിനുണ്ടായിരുന്നു. എന്നാൽ ഇന്നവൻ ഒരു ലോകകപ്പിൽ അഞ്ച് ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം സ്പാനിഷ് താരമെന്ന റെക്കോർഡിലേക്ക് എത്തിയിരിക്കുന്നു. സ്പെയിനിന്‍റെ ആക്രമണ നിരയിൽ പരിശീലകൻ ലൂയിസ് ഡി ലാ ഫ്യൂന്‍റെയുടെ ഏറ്റവും വിശ്വസ്തനായ ആയുധമായി ഒയർസബാൽ മാറിക്കഴിഞ്ഞു.മറ്റൊരു അദ്ഭുതം പ്രതിരോധ താരം പെഡ്രോ പോറോയുടെ പ്രകടനമാണ്. ഒരാഴ്ച മുൻപ് വരെ സ്പെയിൻ ദേശീയ ടീമിനായി ഒരൊറ്റ അന്താരാഷ്ട്ര ഗോൾ പോലും പോറോയുടെ പേരിലുണ്ടായിരുന്നില്ല. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ കന്നി ഗോൾ കുറിച്ച താരം, ഇന്നിതാ ഫ്രാൻസിന്‍റെ നെഞ്ചകം പിളർന്ന് വീണ്ടുമൊരു മിന്നും ഗോൾ സ്വന്തമാക്കിയിരിക്കുന്നു. ഒരു ഡിഫൻഡറിൽ നിന്ന് ഇതിലും വലിയ എന്ത് മാന്ത്രികതയാണ് ഒരു ടീമിന് പ്രതീക്ഷിക്കാനാകുക!ടൂർണമെന്റിലുടനീളം കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് വെറും ഒരൊറ്റ ഗോൾ മാത്രം വഴങ്ങിയ സ്പാനിഷ് പ്രതിരോധ നിരയാണ് സ്പെയിനിന്‍റെ യഥാർത്ഥ കരുത്ത്. ലപ്പോർട്ടെയുടെ പരിചയസമ്പത്തും കുക്രേയയുടെ പോരാട്ടവീര്യവും കൗമാരക്കാരൻ കുബാർസിയുടെ യുവരക്തവും ചേർന്ന പ്രതിരോധ നിരയ്ക്ക് മുന്നിൽ കിലിയൻ എംബാപ്പെ അടക്കമുള്ള ഫ്രഞ്ച് സൂപ്പർതാരങ്ങൾ നിഷ്പ്രഭരായി.ഇതിനെല്ലാം പുറമെ, ഗോൾപോസ്റ്റിന് മുന്നിൽ അനാവശ്യ സാഹസങ്ങൾക്കൊന്നും മുതിരാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ നിലയുറപ്പിച്ച ഉനായ് സിമോൺ കൂടിയായപ്പോൾ ഒരു ചാമ്പ്യൻ ടീമിന് വേണ്ട എല്ലാ ചേരുവകളും ചേർന്ന തികവുറ്റ സംഘമായി സ്പെയിൻ മാറി. വമ്പൻ പേരുകളിലല്ല, ഒത്തൊരുമയിലാണ് കാര്യമെന്ന് തെളിയിച്ചാണ് സ്പെയിൻ ഇപ്പോൾ ഫൈനലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക