'ഗംഭീറിനോട് കടപ്പെട്ടിരിക്കും'; തന്റെ ബാറ്റിംഗ് മെച്ചപ്പെട്ടതിന്റെ കാരണം വ്യക്തമാക്കി വാഷിംഗ്ടണ് സുന്ദര്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പങ്ക് എടുത്തുപറഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ നട

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍, തന്റെ ബാറ്റിംഗ് മെച്ചപ്പെടുത്തുന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പങ്ക് എടുത്തുപറഞ്ഞു. എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയാണ് സുന്ദര്‍ ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ പങ്കാളിയായത്. 2024 ജൂലൈയില്‍ ഇന്ത്യന്‍ പരിശീലകനായി ഗംഭീര്‍ ചുമതലയേറ്റ ശേഷം തന്റെ ബാറ്റിംഗിനെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചെന്ന് സുന്ദര്‍ പറഞ്ഞു.ബാറ്റിംഗില്‍ തനിക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് കൃത്യമായി മനസ്സിലാക്കി തന്നത് ഗൗതം ഗംഭീറാണ്. തന്റെ കളിശൈലി എന്താണെന്ന് തിരിച്ചറിയാനും അദ്ദേഹം സഹായിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് പരിശീലകന്‍ ആശിഷ് നെഹ്‌റയുടെ പിന്തുണയും തനിക്ക് ഒരു വ്യക്തി എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് സുന്ദര്‍ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ നാലാം നമ്പറിലും ടി20യില്‍ ഫിനിഷറായും കളിക്കുന്ന സുന്ദര്‍, വ്യത്യസ്തമായ റോളുകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള സന്തോഷം പങ്കുവെച്ചു.സുന്ദറിന്റെ വാക്കുകള്‍... ''വ്യത്യസ്തമായ റോളുകളില്‍ കളിക്കാന്‍ സാധിക്കുന്നത് ആവേശകരമാണ്. എല്ലാ കളിക്കാര്‍ക്കും ഇതിനുള്ള അവസരം ലഭിക്കാറില്ല. സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്ത് ടീമിനെ വിജയിപ്പിക്കാനാണ് ഞാന്‍ എപ്പോഴും ശ്രമിക്കുന്നത്.'' സുന്ദര്‍ പറഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പരിക്കേറ്റ് മടങ്ങിയ ശേഷം ക്രീസിലെത്തിയ സുന്ദര്‍, അക്‌സര്‍ പട്ടേലുമായി ചേര്‍ന്ന് നിര്‍ണ്ണായകമായ 102 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.വിക്കറ്റില്‍ ബാറ്റിംഗ് അത്ര എളുപ്പമായിരുന്നില്ലെന്നും, അക്‌സറിന്റെ മികച്ച ബാറ്റിംഗ് പ്രകടനം തനിക്ക് വലിയ ആശ്വാസമായെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ അവസരങ്ങളും പരിശീലകരുടെ വ്യക്തമായ ആശയവിനിമയവുമാണ് തന്നിലെ കളിക്കാരനെ വളര്‍ത്തിയതെന്ന് 26-കാരനായ ഈ ഓള്‍റൗണ്ടര്‍ പറഞ്ഞു. മികച്ച പിന്തുണ നല്‍കുന്നവരോട് താന്‍ കടപ്പെട്ടിരിക്കുന്നു എന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു.