ബൈക്ക് പാർക്ക് ചെയ്ത് ബസിൽ പോകുന്നവരെ നോട്ടമിടും; മണിക്കൂറുകൾക്കകം മോഷണം, ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി കറങ്ങിയ വൻ സംഘം പിടിയിൽ
സംസ്ഥാനത്തുടനീളം നടന്ന 21-ലേറെ ഇരുചക്ര വാഹന മോഷണ കേസുകൾക്ക് പിന്നിലെ സംഘത്തെ ഗുജറാത്ത് ക്രൈംബ്രാഞ്ച് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ്, ഇവരിൽ നിന്ന് മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും മൂന്ന് വാഹന എൻജിനുകളും പിടിച്ചെടുത്തു. അഹമ്മദാബാദിലെ ഗാരേജ് ഉടമ ഇമ്രാൻ ഷെയ്ഖും ഇയാളുടെ കൂട്ടാളി മുന്നവർ ഹുസൈൻ

സംസ്ഥാനത്തുടനീളം നടന്ന 21-ലേറെ ഇരുചക്ര വാഹന മോഷണ കേസുകൾക്ക് പിന്നിലെ സംഘത്തെ ഗുജറാത്ത് ക്രൈംബ്രാഞ്ച് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്ത പൊലീസ്, ഇവരിൽ നിന്ന് മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും മൂന്ന് വാഹന എൻജിനുകളും പിടിച്ചെടുത്തു. അഹമ്മദാബാദിലെ ഗാരേജ് ഉടമ ഇമ്രാൻ ഷെയ്ഖും ഇയാളുടെ കൂട്ടാളി മുന്നവർ ഹുസൈൻ ഷെയ്ഖുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരുവരും ചേർന്ന് വാഹന മോഷണ റാക്കറ്റ് നടത്തിയിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്.വാഹനം വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിൽകരേലിബാഗ് മേഖലയിൽ ഒരാൾ മോഷ്ടിച്ച ഇരുചക്ര വാഹനം വിൽക്കാൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചത്. സ്ഥലത്തെത്തിയ പൊലീസ് മുന്നവർ ഷെയ്ഖിനെ പിടികൂടുകയായിരുന്നു. ഓടിച്ചുകൊണ്ടിരുന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാൻ ഇയാൾക്ക് കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനം ഭാരൂച്ചിലെ ഒരാളുടേതാണെന്നും മോഷ്ടിച്ചതാണെന്നും കണ്ടെത്തി.ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മോഷണംചോദ്യം ചെയ്യലിൽ മുന്നവർ ഷെയ്ഖ് കഴിഞ്ഞ എട്ട് മാസത്തിനിടെ വഡോദര, പാടൻ, ആനന്ദ്, മെഹ്സാന, സുരേന്ദ്രനഗർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതായി സമ്മതിച്ചു. പാർക്ക് ചെയ്തിരിക്കുന്ന ബൈക്കുകളും സ്‍കൂട്ടറുകളും ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് തുറന്നാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച വാഹനങ്ങൾ അഹമ്മദാബാദിലേക്ക് എത്തിച്ച് ഇമ്രാൻ ഷെയ്ഖിന് വിൽക്കുകയായിരുന്നു.മോഷ്‍ടിച്ച വാഹനങ്ങൾ പൊളിച്ച് സ്പെയർ പാർട്‍സ് വിൽപ്പനമോഷ്‍ടിച്ച വാഹനങ്ങൾ വാങ്ങിയിരുന്ന ഇമ്രാൻ ഷെയ്ഖ് അവ പൊളിച്ച് സ്പെയർ പാർട്സുകളാക്കി വിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒരു വാഹനത്തിന് 4,000 മുതൽ 5,000 രൂപ വരെയാണ് ഇയാൾ മുന്നവറിൽ നിന്ന് നൽകിയിരുന്നത്. പൊലീസ് പിടികൂടിയ വാഹനങ്ങളിൽ ചിലത് മുന്നവറിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. ബാക്കിയുള്ളവ ഇമ്രാന്റെ ഗാരേജിൽ നിന്ന് കണ്ടെടുത്തു. കൂടുതൽ ആളുകൾ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.മുമ്പും നിരവധി കേസുകളിൽ പ്രതിമുന്നവർ ഷെയ്ഖിന് മുൻകാല ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അഹമ്മദാബാദ്, നഡിയാദ്, ആനന്ദ്, ഗാന്ധിനഗർ എന്നിവിടങ്ങളിൽ വാഹന മോഷണം ഉൾപ്പെടെ 17 കേസുകളിൽ ഇയാൾ നേരത്തെ അറസ്റ്റിലായിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ബസിൽ കയറി ജോലി ആവശ്യങ്ങൾക്ക് മറ്റ് നഗരങ്ങളിലേക്ക് പോകുന്ന ആളുകളുടെ പാർക്ക് ചെയ്ത വാഹനങ്ങളായിരുന്നു ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ക്യാമറകളിൽ തിരിച്ചറിയപ്പെടാതിരിക്കാൻ മുഖം തുണികൊണ്ട് മറച്ചായിരുന്നു മോഷണം നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.