യൂണിഫോമുണ്ട് ഫോട്ടോയുണ്ട് റീലുണ്ട്, എല്ലാം കൃത്യം, പിന്നൊന്നും നോക്കിയില്ല! ഐഎഎസ് ഓഫീസർ ചമഞ്ഞ് വിവാഹം, യുവതി പിടിയിൽ
ലക്ക്നൗ: ഐഎഎസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം കഴിക്കുകയും, അതിനുശേഷം അയാളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവതിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബദായൂൻ ജില്ലയിലെ സാധന എന്ന യുവതിയാണ് ബറേലിയിൽ വെച്ച് തിങ്കളാഴ്ച അറസ്റ്റിലായത്. യുവതിയുടെ ഭർത്താവായ അഭിഷേ

ലക്ക്നൗ: ഐഎഎസ് ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവാവിനെ വിവാഹം കഴിക്കുകയും, അതിനുശേഷം അയാളില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവതിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബദായൂൻ ജില്ലയിലെ സാധന എന്ന യുവതിയാണ് ബറേലിയിൽ വെച്ച് തിങ്കളാഴ്ച അറസ്റ്റിലായത്. യുവതിയുടെ ഭർത്താവായ അഭിഷേക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫരീദ്പൂർ പൊലീസ് നടപടിയെടുത്തത്. താൻ ഒരു ഐഎഎസ് ഓഫീസറാണെന്ന് കാണിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും സാധന ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു. ഇതുകണ്ട് വിശ്വസിച്ച അഭിഷേകും കുടുംബവും ഇവരുമായുള്ള വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. എന്നാൽ വിവാഹശേഷമാണ് സാധനയുടേത് വ്യാജ ഐഡന്റിറ്റിയാണെന്ന് ഭർത്താവിനും കുടുംബത്തിനും മനസ്സിലായത്.വിവാഹത്തിന് ശേഷം സാധനയുടെ പെരുമാറ്റം പൂർണ്ണമായും മാറി. തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും, കുടുംബത്തെ ഭീഷണിപ്പെടുത്തി 40 ലക്ഷം രൂപ ആവശ്യപ്പെട്ടതായും അഭിഷേക് പരാതിയിൽ പറയുന്നു. ബദായൂനിലുള്ള സാധനയുടെ സ്വന്തം സ്ഥലത്ത് ഒരു ആശുപത്രി നിർമ്മിക്കുന്നതിനായി, അഭിഷേകിന്റെ ഭൂമി വിറ്റ് പണം കണ്ടെത്താൻ സാധനയും കുടുംബവും ചേർന്ന് സമ്മർദ്ദം ചെലുത്തിയിരുന്നതായും പരാതിയിലുണ്ട്. പൊലീസ് ചോദ്യം ചെയ്യലിൽ സാധന കുറ്റസമ്മതം നടത്തി. അഭിഷേകിന്‍റെയും കുടുംബത്തിന്‍റെയും വിശ്വാസം പിടിച്ചുപറ്റാനാണ് താൻ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമ്മിച്ചതെന്ന് യുവതി സമ്മതിച്ചു. യഥാർത്ഥത്തിൽ ബി.എസ്സി ബിരുദധാരിയായ സാധന സർക്കാർ ജോലികൾക്കായുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു. ഇവരുടെ പിതാവ് നരേന്ദ്ര പാൽ സിംഗ് ഒരു കർഷകനാണ്.ഭർത്താവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ സാധന, പിതാവ് നരേന്ദ്ര പാൽ സിംഗ്, സഹോദരൻ സൂര്യ പ്രതാപ്, അമ്മാവൻ രാജേന്ദ്ര സിംഗ് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ മറ്റുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.