`പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലം'; മുഖ്യമന്ത്രി വിഡി സതീശനെതിരെ വീണ്ടും വിമർശനവുമായി ജിൻ്റോ ജോൺ
കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് ജിൻ്റോ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെ

കൊച്ചി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി എറണാകുളത്തെ കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണെന്ന് ജിൻ്റോ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. രാഷ്ട്രീയ അൽഷിമേഴ്‌സ് ബാധിക്കുന്നവർക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാർ കൂടിയുണ്ടെങ്കിൽ ന്യായീകരിച്ച് കാലം പോക്കാം. അധികാരമൊഴിയുമ്പോൾ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാൻ കുട്ടികൾ വേണം. അപ്രഖ്യാപിത അംഗത്വ വിലക്കുള്ള ചില സംവിധാനങ്ങൾ തയാറാക്കുന്ന ലിസ്റ്റുകളിൽ എന്തുകൊണ്ട് ആക്ഷേപ കാരണമായ പേരുകൾ കയറിക്കൂടി എന്ന് പരിശോധിക്കപ്പെടണം. എത്ര പുസ്തകങ്ങൾ വായിച്ചു, എത്ര ഉത്തരങ്ങൾ കാണാതെ പഠിച്ചെഴുതി എന്നതൊന്നുമല്ല, എത്ര ചോദ്യങ്ങൾ ചോദിക്കാൻ കുട്ടികൾ പ്രാപ്തരായി എന്നതാണ് വിദ്യാഭ്യാസത്തിന്റെ മികവെന്നും ഭയമില്ലാതെ സത്യം പറയാൻ അധികാരപ്രീതിക്കായി കണ്ണിറുക്കി അടയ്ക്കുന്നവരുടെ ഇടയിൽ കുട്ടികൾ തന്നെ വേണമെന്നും പോസ്റ്റിൽ പറയുന്നു.സർക്കാർ അഭിഭാഷകരുടെ നിയമന വിവാദത്തിലും കടുത്ത വിമർശനവുമായി ജിൻ്റോ ജോൺ രംഗത്തെത്തിയിരുന്നു. യുഡിഎഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ വിയർത്ത് പണിയെടുത്തവരെയും തെരുവിൽ പോരാടിയവരെയും അവഗണിച്ച് മറ്റ് പാർട്ടികളിലെ മിടുക്കരെ തേടുന്ന ഇടപാട് ഇരിക്കുന്ന ഇടത്തെ അപമാനിക്കലാണെന്നായിരുന്നു വിമർശനം. കോൺഗ്രസ്സിന്റെ മാധ്യമ വക്താവും, എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമാണ് ജിന്റോ ജോൺ.