കുവൈത്തിൽ നിർമ്മാണത്തിനിടെ പ്രവാസി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: 50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-മുത്‌ല റെസിഡൻഷ്യൽ സിറ്റി പ്രോജക്ടിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ, മരിച്ചയാളുടെ ആശ്രിതർക്ക് ബ്ലഡ് മണിയും (ദിയ) 50,000 കുവൈറ്റ് ദിനാർ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്. നിർമ്മാണ കമ്പനിക്കും ഇൻഷുറൻസ് കമ്പനിക്കും കുവൈറ്റ് അപ്പീൽ കോടതി നിർ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ അൽ-മുത്‌ല റെസിഡൻഷ്യൽ സിറ്റി പ്രോജക്ടിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് ഈജിപ്ഷ്യൻ തൊഴിലാളി മരിച്ച സംഭവത്തിൽ, മരിച്ചയാളുടെ ആശ്രിതർക്ക് ബ്ലഡ് മണിയും (ദിയ) 50,000 കുവൈറ്റ് ദിനാർ നഷ്ടപരിഹാരവും നൽകാൻ ഉത്തരവ്. നിർമ്മാണ കമ്പനിക്കും ഇൻഷുറൻസ് കമ്പനിക്കും കുവൈറ്റ് അപ്പീൽ കോടതി നിർദേശം നൽകി. കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി മുൻ വിധി ശരിവെച്ചത്.അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം നിർമ്മാണ കമ്പനിക്കാണെന്ന് വ്യക്തമാക്കുന്ന വിധി വന്നതിന് പിന്നാലെയാണ് ആശ്രിതർക്കായി സിവിൽ കേസ് ഫയൽ ചെയ്തതെന്ന് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്റെ അഭിഭാഷകൻ ജാസിം അൽ-തുവൈതാൻ അറിയിച്ചു. തൊഴിലാളിക്ക് ആവശ്യമായ തൊഴിൽ സുരക്ഷാ സാമഗ്രികളും മുൻകരുതലുകളും നൽകുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് കമ്പനിക്കെതിരെ നരഹത്യ കുറ്റം ചുമത്തിയിരുന്നു.അൽ-മുത്‌ല പ്രോജക്ടിലെ സബ്‌സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടയിലാണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് അതിശക്തമായ വൈദ്യുതാഘാതമേറ്റതും സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടതും. സുരക്ഷാ ഉപകരണങ്ങളും തൊഴിൽ സുരക്ഷാ മാർഗ്ഗങ്ങളും ഒരുക്കുന്നതിൽ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത അനാസ്ഥയാണ് തൊഴിലാളിയുടെ മരണത്തിന് നേരിട്ട് കാരണമായതെന്ന് ക്രിമിനൽ കോടതിയും മുൻപ് നിരീക്ഷിച്ചിരുന്നു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കമ്പനിക്കും ഇൻഷുറൻസ് സ്ഥാപനത്തിനുമെതിരെ വൻ തുക നഷ്ടപരിഹാരം ഈടാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.