1.5 ലക്ഷം ഇന്ത്യക്കാർക്ക് എട്ടിന്റെ പണിയുമായി ട്രംപ്; ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർക്ക് തിരിച്ചടി, കുടിയേറ്റ ഡ്രൈവർമാരെ ഒഴിവാക്കുമെന്ന് യുഎസ്
വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശികളായ പല ഡ്രൈവർമാരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും റോഡുകളിൽ നിരവധി ജീവനുകൾ പൊലിയാൻ ഇവർ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രം

വാഷിംഗ്ടൺ: അമേരിക്കയിലെ കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്ക് പകരമായി വിരമിച്ച യുഎസ് സൈനികരെ നിയമിക്കുമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശികളായ പല ഡ്രൈവർമാരും ലഹരിമരുന്നിനും മദ്യത്തിനും അടിമകളാണെന്നും റോഡുകളിൽ നിരവധി ജീവനുകൾ പൊലിയാൻ ഇവർ കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് ട്രംപിന്റെ പുതിയ നീക്കം. ഈ നിർദ്ദേശം നടപ്പിലാക്കുകയാണെങ്കിൽ അമേരിക്കയിലെ ട്രക്കിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒന്നര ലക്ഷത്തോളം വരുന്ന ഇന്ത്യൻ ഡ്രൈവർമാരെ ഇത് ഗുരുതരമായി ബാധിക്കും. പെൻസിൽവേനിയയിൽ നടന്ന സൈനിക നിക്ഷേപ സംഗമത്തിലാണ് കുടിയേറ്റക്കാരായ ഡ്രൈവർമാരെ ട്രക്ക് ഡ്രൈവിങ് മേഖലയിൽ നിന്ന് ഒഴിവാക്കാനുള്ള തന്റെ ഭരണകൂടത്തിന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.അനധികൃതമായി രാജ്യത്ത് പ്രവേശിച്ച, കൃത്യമായ രേഖകളോ ഡ്രൈവിംഗ് ലൈസൻസോ ഇല്ലാത്ത കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർക്കെതിരെ രാജ്യവ്യാപകമായി കർശന നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ട്രംപ് പറഞ്ഞു. "കുടിയേറ്റക്കാരായ ട്രക്ക് ഡ്രൈവർമാർ റോഡുകളിൽ നിരവധി ആളുകളെ കൊന്നൊടുക്കുകയാണ്. അവർക്ക് റോഡ് ചിഹ്നങ്ങൾ വായിക്കാൻ അറിയില്ല. പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണ്. ഇത്തരക്കാർ വലിയ ട്രക്കുകൾ ഓടിക്കാൻ പാടില്ല. അവരെ മാറ്റി അഭിമാനികളായ അമേരിക്കൻ സൈനികരെ ഞങ്ങൾ അവിടെ നിയമിക്കും. സൈന്യത്തിൽ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുള്ള ഏതൊരു അമേരിക്കക്കാരനും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസിന് അർഹതയുണ്ടായിരിക്കും," ട്രംപ് വ്യക്തമാക്കി.ഈ വർഷം മാർച്ച് മാസത്തിൽ മാത്രം നിയമപരമായ രേഖകളുള്ള രണ്ട് ലക്ഷത്തോളം കുടിയേറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസുകൾ ഭരണകൂടം റദ്ദാക്കിയിരുന്നു. ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യ പരിശോധന നിർബന്ധമാക്കിയതും, കൊമേഴ്സ്യൽ ലൈസൻസ് നൽകുന്നത് തടഞ്ഞുകൊണ്ടുള്ള പുതിയ നിയമങ്ങളും ഈ മേഖലയിലെ ഇന്ത്യൻ തൊഴിലാളികൾക്ക് ഇതിനകം തന്നെ തിരിച്ചടിയായിട്ടുണ്ട്. അമേരിക്കൻ പൗരന്മാർ വലിയ ട്രക്കുകൾ ഓടിക്കാൻ വിമുഖത കാണിച്ചതിനെ തുടർന്നാണ് സമീപകാലത്ത് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർ ഈ മേഖലയിലേക്ക് വൻതോതിൽ ആകർഷിക്കപ്പെട്ടത്. മികച്ച വരുമാനം ലഭിക്കുന്നതും ഇതിനൊരു കാരണമായിരുന്നു. നോർത്ത് അമേരിക്കൻ പഞ്ചാബി ട്രക്കേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് യുഎസിലെ ട്രക്കിംഗ് മേഖലയിൽ 1,30,000 നും 1,50,000 നും ഇടയിൽ പഞ്ചാബി-ഹരിയാന സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്.