തൊപ്പിയും മാസ്കും ധരിച്ച് ഒരാൾ, കാക്കനാട്ടെ ടെസ്റ്റ് ഗ്രൗണ്ടിൽ നിരീക്ഷണം; ഒളിച്ചെത്തിയ ഗതാഗത കമ്മീഷണറെ പിടികിട്ടാതെ എംവിഐമാർ
കൊച്ചി: തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ച്, കാറിന്റെ മറവിലും സമീപത്തെ ചായക്കടയ്ക്കരികിലും നിന്നിരുന്ന ആളെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരോ ലേണേഴ്സ് സ്കൂൾ ജീവനക്കാരോ ശ്രദ്ധിച്ചില്ല. എന്നാൽ ആൾ സംസ്ഥാന ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം ആയിരുന്നു.എറണാകുളം ആർടിഒയുടെ കീഴിലുള്ള കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ്

കൊച്ചി: തലയിൽ തൊപ്പിയും മുഖത്ത് മാസ്കും ധരിച്ച്, കാറിന്റെ മറവിലും സമീപത്തെ ചായക്കടയ്ക്കരികിലും നിന്നിരുന്ന ആളെ ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവരോ ലേണേഴ്സ് സ്കൂൾ ജീവനക്കാരോ ശ്രദ്ധിച്ചില്ല. എന്നാൽ ആൾ സംസ്ഥാന ഗതാഗത കമ്മീഷണർ നാഗരാജു ചക്കിലം ആയിരുന്നു.എറണാകുളം ആർടിഒയുടെ കീഴിലുള്ള കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം രാവിലെ നടന്നത് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പരിശോധനയായിരുന്നു. ഔദ്യോഗിക വാഹനം ഒഴിവാക്കി സാധാരണക്കാരനെപ്പോലെ എത്തിയ കമ്മിഷണർ, ആദ്യം ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ വാഹനങ്ങളുടെ പിന്നിലും പിന്നീട് സമീപത്തെ ചായക്കടയിലുമിരുന്ന് നടപടികൾ നിരീക്ഷിച്ചു.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സ്ഥലത്തെത്തി ടെസ്റ്റ് നടപടികൾ ആരംഭിച്ചതിന് ശേഷമാണ് കാര്യങ്ങൾ മാറിയത്. താൻ ഗ്രൗണ്ടിലുണ്ടെന്ന് എറണാകുളം ആർടിഒ ആർ സുരേഷിനെ ഫോണിലൂടെ അറിയിച്ച കമ്മിഷണർ, ഔദ്യോഗിക വാഹനത്തിൽ എത്തേണ്ടെന്നും സ്വന്തം വാഹനത്തിൽ വരണമെന്നും നിർദേശിച്ചു. തുടർന്ന് ആർടിഒ ഗ്രൗണ്ടിൽ എത്തിയപ്പോഴാണ് തങ്ങളുടെ പിന്നിൽ നിന്നിരുന്നത് ഗതാഗത കമ്മീഷണറാണെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാരും ഡ്രൈവിംഗ് സ്കൂൾ അധികൃതരും അറിഞ്ഞത്.അപേക്ഷകരുടെ ഗ്രൗണ്ട് ടെസ്റ്റ് നടപടികൾ കമ്മീഷണർ നേരിട്ട് വിലയിരുത്തി. ‘എച്ച്’ എടുക്കുന്നതും റിവേഴ്സ് എടുക്കുന്നതുമെല്ലാം നിരീക്ഷിച്ച അദ്ദേഹം, തുടർന്ന് റോഡ് ടെസ്റ്റിനിറങ്ങിയവരുടെ വാഹനങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച് ഡ്രൈവിംഗ് രീതിയും പരിശോധിച്ചു. പരിശോധന നടന്ന ദിവസം ടെസ്റ്റിൽ പങ്കെടുത്തവരിൽ പകുതിയിലധികം പേരും പരാജയപ്പെട്ടു. ഹാജരായ 101 പേരിൽ 47 പേർക്ക് മാത്രമാണ് ലൈസൻസ് ലഭിച്ചത്. 54 പേർ പരാജയപ്പെട്ടു.