ഒടുവിൽ ഇന്ത്യയുടെയും ചൈനയുടെയും കാര്യത്തിൽ യു-ടേൺ അടിച്ച് നേപ്പാൾ പ്രധാനമന്ത്രി; സ്ഥാനപതിമാരെ ഒറ്റയ്ക്ക് നേരിട്ട് കാണില്ലെന്ന തീരുമാനം തിരുത്തി
കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന മുൻ നിലപാട് സ്വയം തിരുത്തി ബാലേന്ദ്ര ഷാ. ഇന്ത്യയുടെയും ചൈനയുടെയും നേപ്പാളിലെ സ്ഥാനപതിമാരുമായി ഈ ആഴ്ച തന്നെ അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാക്കിയത്. ഇരുരാജ

കാഠ്‌മണ്ഡു: നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന മുൻ നിലപാട് സ്വയം തിരുത്തി ബാലേന്ദ്ര ഷാ. ഇന്ത്യയുടെയും ചൈനയുടെയും നേപ്പാളിലെ സ്ഥാനപതിമാരുമായി ഈ ആഴ്ച തന്നെ അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളുമായും നയതന്ത്രപരമായി ശക്തമായ ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഈ നയംമാറ്റം. ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവ, ചൈനീസ് സ്ഥാനപതി ഷാങ് മാവോമിംഗ് എന്നിവരുമായി ഒരേ ദിവസം കൂടിക്കാഴ്ച നടത്തിയേക്കും.മാർച്ച് 27-നാണ് ഇദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. അധികാരമേറ്റ ശേഷം സ്ഥാനപതിമാരെ നേരിട്ട് കാണുന്ന പരമ്പരാഗത നയതന്ത്ര രീതിക്ക് ഒഴിവാക്കിയ അദ്ദേഹം എല്ലാ സ്ഥാനപതിമാരെയും ഒരുമിച്ച് വിളിച്ച് സംയുക്ത യോഗം നടത്താനാണ് മുൻഗണന നൽകിയിരുന്നത്. സന്ദർശനത്തിനെത്തിയ പ്രമുഖ അമേരിക്കൻ നയതന്ത്രജ്ഞരും പ്രതിനിധികളും ഒറ്റയ്ക്ക് നേരിട്ട് കൂടിക്കാഴ്ചയ്ക്ക് അവസരം തേടിയിരുന്നു. എന്നാൽ എല്ലാം ഇദ്ദേഹം നിരസിച്ചു.ഇന്ത്യ, ചൈന സ്ഥാനപതിമാരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നത് അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിലാണ് നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസും ഉദ്യോഗസ്ഥരും. ഇവരുടെ സമ്മർദ്ദമാണ് പ്രധാനമന്ത്രിയുടെ തീരുമാനം മാറ്റിയത്. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് മസാത്സുഗു അസകാവയുമായി മാത്രമാണ് അദ്ദേഹം ഇതുവരെ നേരിട്ട് തനിച്ച് കൂടിക്കാഴ്ച നടത്തിയത്. വരും ദിവസങ്ങളിൽ വ്യാപാരികൾ, വ്യവസായികൾ, മറ്റ് നിർണായക മേഖലകളിലെ പ്രതിനിധികളുമായും വിദേശ പ്രതിനിധികളുമായും കൂടുതൽ സജീവമായ ചർച്ചകൾക്ക് തുടക്കമിടാനാണ് നേപ്പാൾ സർക്കാരിന്റെ തീരുമാനം.