ബെംഗളൂരുവിൽ നടപ്പാതയിലൂടെ വണ്ടിയോടിച്ചാൽ കീശ കീറും; നിയമലംഘകർക്ക് 5,000 രൂപ പിഴ ചുമത്താൻ നീക്കം
ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതയിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താൻ നീക്കം. നടപ്പാതയിലൂടെ ഇരുചക്ര വാഹമോടിക്കുന്നവ‍ർക്കെതിരായ പിഴ 500 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തണെമന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഗതാഗത വകുപ്പ് മന്ത്രി ബൈരാതി സുരേഷിന് കത്ത് നൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതയിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത പിഴ ചുമത്താൻ നീക്കം. നടപ്പാതയിലൂടെ ഇരുചക്ര വാഹമോടിക്കുന്നവ‍ർക്കെതിരായ പിഴ 500 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തണെമന്ന് ആവശ്യപ്പെട്ട് ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ ഗതാഗത വകുപ്പ് മന്ത്രി ബൈരാതി സുരേഷിന് കത്ത് നൽകി. നിയമലംഘനങ്ങൾ ഒഴിവാക്കാനും കൽനടയാത്രക്കാരുടെ സുരക്ഷയ്ക്കുമായി ക‍ടുത്ത ശിക്ഷ ആവശ്യമാണെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ കത്തിൽ പറഞ്ഞു.ബെംഗളൂരു നഗര പരിധിയിൽ നടപ്പാതയിലൂടെ ഇരുചക്ര വാഹനമോടിക്കുന്നവരുടെ എണ്ണം ദിനംപ്രതി വ‍ർധിച്ചുവരികയാണെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഇത് കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു.നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിച്ചതിന് പിന്നാലെ ഇരുചക്രവാഹന യാത്രക്കാ‍ർ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നുവെന്ന പരാതികൾ ലഭിച്ചതായി മന്ത്രി കൃഷ്ണ ബൈരെ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. ബെംഗളൂരു ട്രാഫിക് പൊലീസിലെ മുതി‍ന്ന ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി ഉത്തരവനുസരിച്ചു നടപ്പാതകളിലെ കൈയേറ്റം ഒഴിപ്പിച്ചതിനെ തുട‍ർന്ന് ജനങ്ങളിൽനിന്ന് പ്രശംസ ലഭിച്ചു. നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവ‍ർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിച്ച മന്ത്രി, ഇത്തരം നിയമലംഘനങ്ങളെ തുടർന്ന് കാൽനട യാത്രക്കാർക്ക് പരിക്ക് പറ്റിയാൽ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ചോദിച്ചു.ജൂലൈ ഒന്നുമുതൽ 10 വരെ നീണ്ട സ്പെഷ്യൽ ഡ്രൈവിൽ ബെംഗളൂരു നഗരത്തിലെ 490.5 കിലോമീറ്റർ നടപ്പാതയിലെ കൈയേറ്റം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഒഴിപ്പിച്ചിരുന്നു. ബെംഗളൂരു വെസ്റ്റ് സിറ്റി കോ‍ർപറേഷൻ പരിധിയിലാണ് ഏറ്റവും കൂടുതൽ നടപ്പാത ഒഴിപ്പിച്ചത്, 122.62 കിലോമീറ്റർ. ബെംഗളൂരു നോർത്ത് സിറ്റിയിൽ 11.35 കിലോമീറ്ററും സൗത്ത് സിറ്റിയിൽ 94.01 കിലോമീറ്ററും ഈസ്റ്റ് സിറ്റിയിൽ 88 കിലോമീറ്ററും സെൻട്രൽ സിറ്റി കോർപറേഷനിൽ 70 കിലോമീറ്ററും നടപ്പാത ഒഴിപ്പിച്ചു.