'ദളപതി'യുടെ വണ് ലാസ്റ്റ് ഡാന്സ്; 'ജനനായകന്' റിവ്യൂ
കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍താരത്തിന്‍റെ അവസാന ചിത്രം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനൊപ്പമുള്ള വിജയിന്‍റെ വാക്കായിരുന്നു സിനിമാ ജീവിതത്തില്‍ ഇനി ഒരേയൊരു ചിത്രം എന്നത്. അന്ന് മുതല്‍ ഹൈപ്പ് കയറിത്തുടങ്ങിയ ചിത്രമായിരുന്നു എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്&z

കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള സൂപ്പര്‍താരത്തിന്‍റെ അവസാന ചിത്രം. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനൊപ്പമുള്ള വിജയിന്‍റെ വാക്കായിരുന്നു സിനിമാ ജീവിതത്തില്‍ ഇനി ഒരേയൊരു ചിത്രം എന്നത്. അന്ന് മുതല്‍ ഹൈപ്പ് കയറിത്തുടങ്ങിയ ചിത്രമായിരുന്നു എച്ച് വിനോദ് സംവിധാനം ചെയ്ത ജനനായകന്‍. പൊങ്കല്‍ റിലീസ് ആയി എത്തേണ്ടിയിരുന്ന ചിത്രം സെന്‍സര്‍ പ്രതിസന്ധിയില്‍ കുരുങ്ങി ആറ് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തുമ്പോള്‍ വിജയ് തമിഴ്നാടിന്‍റെ മുഖ്യമന്ത്രി കസേരയിലാണ് എന്നതും കൗതുകം.തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രേക്ഷകരിലേക്ക് എത്തേണ്ടിയിരുന്ന ചിത്രം വിജയിന്‍റെ ഒരു ബിഗ് സ്ക്രീന്‍ വോട്ട് അഭ്യര്‍ഥനയായാണ് അനുഭവപ്പെടുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായ തെലുങ്കിലെ വിജയചിത്രം ഭഗവന്ത് കേസരിയുടെ ബേസിക് പ്ലോട്ട് എടുത്താണ് എച്ച് വിനോദ് ജനനായകന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭഗവന്ത് കേസരിയെ പൂര്‍ണ്ണമായും ഒരു ഇലക്റ്ററല്‍ പൊളിറ്റിക്സ് പശ്ചാത്തലത്തിലേക്ക് കൊണ്ടുവന്നാല്‍ അത് ജനനായകനായി. ദളപതി വെട്രി കൊണ്ടാന്‍ എന്ന മുന്‍ ഐപിഎസ് ഉദ്യേഗസ്ഥനാണ് വിജയിന്‍റെ നായകന്‍. എന്നാല്‍ നായകനെ നാം ആദ്യം കാണുന്നത് ഒരു തടവുപുള്ളിയുടെ വേഷത്തിലും. അയാള്‍ ആരാണെന്നും എന്താണെന്നും എങ്ങനെയാണ് ജയിലില്‍ എത്തിയതെന്നുമുള്ള കാര്യം വൈകാതെ വെളിപ്പെടുത്തുന്നുണ്ട് എച്ച് വിനോദ്. പിന്നാലെ നായകന്‍ ദളപതിക്കൊപ്പം പ്രേക്ഷകരെ കൊണ്ടുപോവുകയാണ് സംവിധായകന്‍.നായകനൊപ്പം പ്രതിനായകന്മാര്‍ക്കും പ്രാധാന്യമുള്ള ചിത്രമാണ് ജനനായകന്‍. പ്രധാന വില്ലന്‍ ബോബി ഡിയോളിന്‍റെ ജോണ്‍ ഹിംലര്‍ എന്ന അമരീഷ് പൂജാരി ആണെങ്കിലും പ്രകാശ് രാജ് അവതരിപ്പിക്കുന്ന റോജ രംഗസ്വാമിക്കും വലിയ പ്രാധാന്യവും സ്ക്രീന്‍ സ്പേസുമുണ്ട്. ദളപതി വെട്രി കൊണ്ടാനെപ്പോലെ പൊലീസ് പശ്ചാത്തലം ഉണ്ടായിരുന്ന ആളാണ് അമരീഷ് പൂജാരിയും. സാഹചര്യങ്ങള്‍ അയാളെ മറ്റൊരു ദിശയിലേക്ക് നയിച്ചെന്ന് മാത്രം. മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ആളല്ലെങ്കിലും തമിഴ്നാടിന്‍റെ രാഷ്ട്രീയ, അധികാര കേന്ദ്രങ്ങളെയാകെ നിയന്ത്രിക്കുന്ന സൂപ്പര്‍ പവറായി നില്‍ക്കുന്ന റോജ രംഗസ്വാമി എന്ന കഥാപാത്രം രൂപപ്പെടുത്തിയിരിക്കുന്നത് വിജയ് പ്രധാന രാഷ്ട്രീയ പ്രതിയോഗിയായി കാണുന്ന എം കെ സ്റ്റാലിനെ ഉദ്ദേശിച്ചാണെന്ന് ചിത്രം കണ്ടിരിക്കുമ്പോള്‍ തോന്നും. തലമുറകളായി തങ്ങളാണ് അധികാരം കൈയാളുന്നതെന്നും ഇനിയും അങ്ങനെ തന്നെയാവുമെന്നും രംഗസ്വാമി ഒരിടത്ത് പറയുന്നുണ്ട്.വില്ലന്‍മാരുടെയും നായകന്‍റെയും വിസ്താരമുള്ള പാരലല്‍ ട്രാക്കുകളിലൂടെയാണ് എച്ച് വിനോദ് ജനനായകന്‍റെ കഥ പറഞ്ഞു തുടങ്ങുന്നത്. ആദ്യമാദ്യം പരസ്പരം സ്വാധീനിക്കുന്ന അവര്‍ നേര്‍ക്കുനേരെ വരുന്നിടത്താണ് ചിത്രം കൂടുതല്‍ ചടുലതയിലേക്കുള്ള അതിന്‍റെ ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നത്. വിജയ് നിരവധി സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്ന് ഏറെയൊന്നും വേറിട്ട് നില്‍ക്കാത്ത വ്യക്തിയാണ് ദളപതി വെട്രി കൊണ്ടാനും. തന്‍റെ പ്രിയപ്പെട്ടവരുടെയും നാടിന്‍റെ തന്നെയും നന്മയ്ക്ക് വേണ്ടി എന്തും ത്യജിക്കാന്‍ സന്നദ്ധനായ ഒരാള്‍. ഒരു അനുജത്തിയായി തന്‍റെ ജീവിതത്തിലേക്ക് എത്തിയ വിജി എന്ന വിജയലക്ഷ്മിയും ദളപതിയും തമ്മിലുള്ള ബോണ്ടിംഗ് ആണ് ചിത്രത്തിന്‍റെ വൈകാരിക പ്രതലം രൂപപ്പെടുത്തുന്നത്. ചിത്രത്തിന്‍റെ കഥയെ മുന്നോട്ട് നയിക്കുന്നതിലും പ്രധാന പങ്ക് ഇവര്‍ക്കിടയിലുള്ള ബന്ധം തന്നെ. മമിത ബൈജുവിന് തമിഴ് പ്രേക്ഷകര്‍ക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നുണ്ട് ചിത്രത്തില്‍ അത്രയും പ്രാധാന്യമുള്ള ഈ കാസ്റ്റിംഗ്. പ്രതിനായക കഥാപാത്രത്തിന്‍റെ ഗ്രാവിറ്റി ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് ബോബി ഡിയോളിന്‍റേത്. പ്രകാശ് രാജിന്‍റെ കഥാപാത്രം നാം മുന്‍പ് കണ്ടുമറന്ന അദ്ദേഹത്തിന്‍റെ പല കഥാപാത്രങ്ങളെയും ഓര്‍മ്മിപ്പിക്കുമെങ്കിലും റോജ രംഗസ്വാമിയായി അദ്ദേഹം നന്നായിട്ടുണ്ട്.3 മണിക്കൂര്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രമാണ് ജനനായകന്‍. ഇത്രയും ദൈര്‍ഘ്യം ഉണ്ടായിട്ടും ഉള്‍ക്കൊള്ളാവുന്നതിലുമധികം സബ് പ്ലോട്ടുകള്‍ ചിത്രത്തിലുണ്ട് എന്നത് ന്യൂനതയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇറങ്ങേണ്ട, വിജയിന്‍റെ അവസാന ചിത്രം എന്ന വലിയ സമ്മര്‍ദ്ദം എച്ച് വിനോദ് നേരിട്ടുവെന്നത് വ്യക്തം. സത്യന്‍ സൂര്യനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദറിന്‍റേതാണ് സംഗീതം. എന്നാല്‍ എപ്പോഴും സാധിക്കുന്നത് പോലെ അനിരുദ്ധിന് ഇക്കുറി ഇംപ്രഷന്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ചീഫ് മിനിസ്റ്റര്‍ ദളപതി വിജയ് എന്ന ടൈറ്റില്‍ ആദ്യമായി തെളിയുന്ന ചിത്രമാണ് ജനനായകന്‍. അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുള്ളതനുസരിച്ച് അവസാനത്തേതും. വിജയ് എന്ന എന്‍റര്‍ടെയ്നര്‍ പ്രേക്ഷകര്‍ക്ക് ആരായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്‍റെ എന്‍ഡ് ക്രെഡിറ്റ്സ്. വലിയ ആരാധകവൃന്ദം അദ്ദേഹത്തെ ബിഗ് സ്ക്രീനില്‍ മിസ് ചെയ്യുമെന്ന് ഉറപ്പാണ്.