26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചു സോനം വാങ്ചുക്ക്; ആശുപത്രിയിൽ കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യം
ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് സോന

ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ് എന്നിവരുടെ സാന്നിധ്യത്തിൽ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ വെച്ചാണ് സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചത്. നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സോനം വാങ്ചുക്ക് എക്സിലൂടെ അറിയിച്ചു."കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിങ്, ലേ ലഡാക്ക് അപെക്സ് ബോഡിയിലെ മുതിർന്ന നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ, 26 ദിവസങ്ങൾക്ക് ശേഷം ഞാൻ ഒടുവിൽ എന്റെ ഉപവാസം അവസാനിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 65 പാർലമെന്റ് അംഗങ്ങൾ നേരത്തെ എന്നെ സന്ദർശിക്കുകയോ ഉപവാസം അവസാനിപ്പിക്കാൻ അഭ്യർത്ഥിച്ച് കത്തുകളിൽ ഒപ്പിടുകയോ ചെയ്തിരുന്നു. വിവിധ നിബന്ധനകളെക്കുറിച്ചുള്ള നീണ്ട ചർച്ചകൾക്ക് ശേഷവും രാജ്യത്ത് ഉണ്ടായേക്കാവുന്ന അക്രമസാധ്യതകൾ മുൻനിർത്തിയുമാണ് ഈ തീരുമാനമെടുത്തത്. ഈ നിബന്ധനകളെക്കുറിച്ച് വളരെ പെട്ടെന്ന് തന്നെ മറ്റൊരു വീഡിയോയിലൂടെ ഞാൻ വിശദമായി വ്യക്തമാക്കും. അതുവരെ, ഒരിടത്തും ഒരു തരത്തിലുള്ള അക്രമവും അനുവദിക്കാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു"- സോനം വാങ്ചുക്ക് എക്സിലൂടെ അറിയിച്ചു. #WATCH | Activist Sonam Wangchuk breaks his hunger strike in the presence of Union Health Minister JP Nadda and Minister of State for the Prime Minister's Office, Dr Jitendra Singh, at the Medanta hospital. pic.twitter.com/fl48k2bj45— ANI (@ANI) July 23, 2026 കഴിഞ്ഞ 26 ദിവസമായി സോനം വാങ്ചുക്ക് നിരാഹാര സമരത്തിലായിരുന്നു. ഇതേ തുടർന്ന് വാങ്ചുക്കിൻ്റെ ശരീരഭാരം ഒൻപത് കിലോയോളം കുറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കോടതി നിർദേശപ്രകാരമാണ് ജന്തർ മന്തറിലെ സമരവേദിയിൽനിന്ന് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം ദില്ലിയിലെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സോനം വാങ്ചുക്കിനെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന കുടുംബത്തിൻ്റെ ആവശ്യപ്രകാരം ദില്ലി ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നായിരുന്നു ആശുപത്രി മാറ്റം.അതേസമയം സോനം വാങ്ചുക്ക് ആരോഗ്യവാനായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെയാണ് മോദിയുടെ പോസ്റ്റ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സോനം ജി തന്റെ ദിനചര്യകൾ കൃത്യമായി പാലിക്കണമെന്നും എത്രയും വേഗം പഴയ ഭാരം തിരിച്ചുപിടിക്കണമെന്നും അഭ്യർത്ഥിക്കുന്നതായും മോദി പോസ്റ്റിൽ പറഞ്ഞു.