'മറ്റൊരു വഴി പോകണമെന്ന് വാശി, പറ്റില്ലെന്ന് പറഞ്ഞപ്പോൾ രാത്രി പാതിവഴിയിൽ ഇറക്കി വിട്ടു'; കാബ് ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ റൈഡ് - ഹെയിലിംഗ് സേവനമായ റാപ്പിഡോ ഉപയോഗിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റാപ്പിഡോയുടെ ആപ്പിലുള്ള മാപ്പിൽ കാണിക്കാത്ത വഴിയിലൂടെ വാഹനം ഓടിക്കാൻ ഡ്രൈവർ നിർബന്ധിച്ചതായും അതിന് സമ്മതിക്കാതിരുന്നതിനെ

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ റൈഡ് - ഹെയിലിംഗ് സേവനമായ റാപ്പിഡോ ഉപയോഗിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. റാപ്പിഡോയുടെ ആപ്പിലുള്ള മാപ്പിൽ കാണിക്കാത്ത വഴിയിലൂടെ വാഹനം ഓടിക്കാൻ ഡ്രൈവർ നിർബന്ധിച്ചതായും അതിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് യാത്ര പാതിവഴിയിൽ അവസാനിപ്പിച്ച്, തന്നെ പെരുമഴയിൽ ഇറക്കിവിട്ടെന്ന് യുവതി വീഡിയോയിൽ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ റാപ്പി‍ഡോ ആഭ്യന്തര അന്വേഷണം നടത്തുമെന്ന് അറിയിച്ച് രംഗത്തെത്തി.'മറ്റൊരു വഴിയിലൂടെ പോകണം'ജാൻവി ചൗധരി എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ തനിക്ക് നേരിടേണ്ടിവന്ന ഭയപ്പെടുത്തുന്ന അനുഭവം പങ്കുവച്ചത്. ബുക്ക് ചെയ്ത കാബിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ർ ഡ്രൈവർ, ആപ്പിലെ നാവിഗേഷൻ മാപ്പിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മലയുടെ പിന്നിലൂടെയുള്ള റോഡിലൂടെ പോകണമെന്ന് ആവശ്യപ്പെട്ടുകയായിരുന്നു. ആപ്പിൽ കാണിക്കാത്ത തനിക്ക് പരിചിതമല്ലാത്ത വഴിയിലൂടെ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ താൻ അതിന് സമ്മതിച്ചില്ലെന്നും ജാൻവി പറയുന്നു.രാത്രി, പെരുമഴ, അറിയാത്ത വഴി..."മഴ പെയ്യുന്നതിനിടെ റാപ്പിഡോ ഡ്രൈവർ എന്നെ നടുറോഡിൽ ഇറക്കിവിട്ടു" എന്ന കുറിപ്പോടെയാണ് ജാൻവി വീഡിയോ പങ്കുവച്ചത്. സംഭവം സമൂഹ മാധ്യമത്തിൽ പങ്കുവെക്കുമെന്ന് ഡ്രൈവറോട് പറഞ്ഞപ്പോൾ, അയാൾക്ക് യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ലെന്നും അവ‍ർ ആരോപിച്ചു. കാറിനുള്ളിൽ തർക്കം രൂക്ഷമായതോടെ ഡ്രൈവർ വാഹനം പാതി വഴിയിൽ നിർത്തി ഇറങ്ങാൻ ആവശ്യപ്പെട്ടെന്നും ശക്തമായ മഴയുണ്ടായിരുന്നിട്ടും അയാൾ മുന്നോട്ട് പോകാൻ തയ്യാറായില്ലെന്നും യുവതി ആരോപിച്ചു. എന്തു കൊണ്ട് പോകാൻ പറ്റില്ലെന്ന് ചോദിച്ചപ്പോൾ 'ഇത് എന്‍റെ വാഹനം, എന്‍റെ ഇഷ്ടപ്രകാരമാണ് ഞാൻ ചെയ്യുക' എന്ന് രൂക്ഷമായ ഭാഷയിൽ പറഞ്ഞതായും യുവതി പറയുന്നു. View this post on Instagram A post shared by Janvi Choudhary (@jnvchoudhary) എവിടെ സുരക്ഷ?മഴയും രാത്രിയുമായതിനാൽ മറ്റൊരു വാഹനം ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ അധിക തുക നൽകാമെന്ന് പറഞ്ഞെങ്കിലും അയാൾ യാത്ര പൂർത്തിയാക്കാൻ തയ്യാറായില്ലെന്നും എവിടെയാണ് നിങ്ങൾ പറയുന്ന സ്ത്രീ സുരക്ഷയെന്നും യുവതി റാപ്പിഡോയോട് വീഡിയോയിൽ ചോദിക്കുന്നു. പിന്നീട് 10 മണിയോടെ മറ്റൊരു വീഡിയോയിൽ താൻ സുരക്ഷിതയായി വീട്ടിലെത്തിയെന്ന് യുവതി സമൂഹ മാധ്യമത്തിലൂടെ വീഡിയോ പങ്കുവച്ചു. "ജീവിതത്തിലുണ്ടായ ഏറ്റവും മോശം യാത്രാനുഭവം" എന്ന കുറിപ്പോടെ തന്‍റെ പരാതി റാപ്പിഡോ സ്വീകരിച്ചെന്നും തുടർ നടപടികളെ കുറിച്ച് അറിയിക്കാമെന്നും ജാൻവി പറഞ്ഞു.നടപടി വേണം, അന്വേഷണം നടക്കുന്നുവീഡിയോയ്ക്ക് താഴെ നിരവധി പേർ ഡ്രൈവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവർമാർ കുറച്ച് കൂടി മാന്യമായി പെരുമാറണമെന്നും ചിലർ കുറിച്ചു. മറ്റ് ചിലർ തങ്ങൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എഴുതി. അധിക പണം ആവശ്യപ്പെടൽ, വളഞ്ഞ വഴികളിലൂടെയുള്ള യാത്ര, അശ്രദ്ധമായ ഡ്രൈവിംഗ്, മോശമായ സംസാരം എന്നിങ്ങനെ നിരവധി പരാതികൾ ഉയർന്നു.സംഭവത്തിൽ പ്രതികരിച്ച റാപ്പിഡോ, ഉപഭോക്താക്കളുടെ സുരക്ഷയും മാന്യതയും കമ്പനിയുടെ ഏറ്റവും വലിയ മുൻഗണനയാണെന്ന് വീണ്ടും വ്യക്തമാക്കി. റിപ്പോർട്ട് ചെയ്ത സംഭവം അംഗീകരിക്കാനാവില്ലെന്നും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും റൈഡ് ഐഡിയും പങ്കുവെക്കാൻ ആവശ്യപ്പെട്ട കമ്പനി, വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.