പരീക്ഷാ സംവിധാനം ആർക്കും തകർക്കാനാകില്ല; കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പ്: അമിത് ഷാ
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്. ചോദ്യപ്പേപ്പർ ചോർ
ദില്ലി: രാജ്യത്തെ പരീക്ഷാ പരിഷ്കാരങ്ങൾക്കായി രൂപീകരിച്ച ഉന്നതതല ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കാൻ മോദി സർക്കാർ തുടർച്ചയായി പരിഷ്കാരങ്ങൾ നടപ്പാക്കുകയാണ്. ചോദ്യപ്പേപ്പർ ചോർച്ചയ്ക്ക് പിന്നിലുള്ള കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകുമെന്നും അമിത് ഷാ എക്സിലൂടെ അറിയിച്ചു. ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.പുതിയ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. സമഗ്രമായ പരീക്ഷാ പരിഷ്കാരങ്ങൾക്കുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. നമ്മുടെ പരീക്ഷാ സംവിധാനത്തിന്റെ പവിത്രത തകർക്കാൻ ആർക്കും കഴിയില്ലെന്ന് ഈ ടാസ്‌ക് ഫോഴ്‌സ് ഉറപ്പാക്കും. ചോദ്യപ്പേപ്പർ ചോർത്തുന്ന കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ നൽകും. ഭാവിയിൽ ഈ കുറ്റം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത സാഹചര്യം ഉണ്ടാക്കുമെന്നും അമിത് ഷാ പറഞ്ഞു.പ്രമുഖ ടെക്‌നോളജി വിദഗ്ദ്ധൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പരീക്ഷാ പരിഷ്കാരങ്ങൾക്കായി ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ചയാണ് പ്രഖ്യാപിച്ചത്. ടാസ്‌ക് ഫോഴ്‌സ് ഒരു റിപ്പോർട്ട് സമർപ്പിക്കുമെന്നും സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശ്വസനീയവും സുതാര്യവുമായ ഒരു പരീക്ഷാ സംവിധാനം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്."വിദ്യാർത്ഥികളുടെ ഭാവിക്കായി കേന്ദ്ര സർക്കാർ തുടർച്ചയായി നടപടികൾ സ്വീകരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ ഭാവിവെച്ച് കളിച്ചവർ ഇപ്പോൾ ജയിലിലാണ്. ഞങ്ങൾ ഇതിനകം ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിച്ചിട്ടുണ്ട്. കർശനമായ നിയമ വ്യവസ്ഥകളുള്ള പുതിയ നിയമനിർമ്മാണവുമായി പാർലമെന്റിൽ മുന്നോട്ട് പോവുകയാണ്. എന്നാൽ നമ്മൾ ഭാവിയെക്കൂടി നോക്കണം. നമ്മുടെ പരീക്ഷാ സംവിധാനം വിശ്വസനീയവും സുതാര്യവുമാകണം, അതിൽ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം"- പ്രധാനമന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് പരീക്ഷാ പരിഷ്കാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാനിരിക്കുന്ന പരീക്ഷകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ എത്രയും പെട്ടെന്ന് നടപടികൾ സ്വീകരിക്കുമെന്നും മോദി അറിയിച്ചു.