വ്യാഴത്തിന്റെ 'ചന്ദ്രൻ' ഭയങ്കര 'ചൂട'നായതിന്റെ രഹസ്യം കണ്ടെത്തി നാസയുടെ ജൂണോ പേടകം
സൗരയൂഥത്തിലെ ഏറ്റവും സജീവമായ അഗ്നിപർവത ലോകമായ വ്യാഴത്തിന്റെ ഉപഗ്രഹം അയോയുടെ ഉപരിതലത്തിനടിയിലെ ചൂടിന്റെ രഹസ്യം ആദ്യമായി കണ്ടെത്തി നാസയുടെ ജൂണോ പേടകം. ഉപരിതലത്തിന് ഏതാനും മീറ്റർ താഴെ എങ്ങനെ ചൂട് സഞ്ചരിക്കുന്നു എന്നതിന്റെ നിർണായക വിവരങ്ങളാണ് പുതിയ പഠനത്തിലൂടെ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. 2023 ഡിസംബറിലും 2

സൗരയൂഥത്തിലെ ഏറ്റവും സജീവമായ അഗ്നിപർവത ലോകമായ വ്യാഴത്തിന്റെ ഉപഗ്രഹം അയോയുടെ ഉപരിതലത്തിനടിയിലെ ചൂടിന്റെ രഹസ്യം ആദ്യമായി കണ്ടെത്തി നാസയുടെ ജൂണോ പേടകം. ഉപരിതലത്തിന് ഏതാനും മീറ്റർ താഴെ എങ്ങനെ ചൂട് സഞ്ചരിക്കുന്നു എന്നതിന്റെ നിർണായക വിവരങ്ങളാണ് പുതിയ പഠനത്തിലൂടെ ശാസ്ത്രജ്ഞർക്ക് ലഭിച്ചത്. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലും അയോയ്ക്ക് തൊട്ടുത്ത് നടത്തിയ പറക്കലിനിടെയാണ് ജൂണോയിലെ മൈക്രോവേവ് റേഡിയോമീറ്റർ (MWR) ഉപകരണം നിർണായക വിവരങ്ങൾ ശേഖരിച്ചത്. വ്യാഴത്തിന്റെ കട്ടിയേറിയ മേഘപാളികൾ പഠിക്കാൻ രൂപകൽപ്പന ചെയ്ത ഈ ഉപകരണം, അയോയുടെ പുറംപാളിക്ക് താഴെയുള്ള ഏകദേശം രണ്ട് മുതൽ ആറ് മീറ്റർ വരെ ആഴത്തിലുള്ള ചൂട് അളക്കുകയായിരുന്നു.ഇതുവരെ അയോയെക്കുറിച്ചുള്ള പഠനങ്ങൾ പ്രധാനമായും ഉപരിതലത്തിലെ ചൂട് മാത്രം കണ്ടെത്തുന്ന ഇൻഫ്രാറെഡ് നിരീക്ഷണങ്ങളെ ആശ്രയിച്ചായിരുന്നു. എന്നാൽ ജൂണോയുടെ പുതിയ നിരീക്ഷണങ്ങൾ വഴി ഉപരിതലത്തിന് താഴെയുള്ള ചൂടിന്റെ പ്രവാഹം ആദ്യമായി മനസിലാക്കാൻ കഴിഞ്ഞു. പഠനത്തിൽ, ഉപരിതലത്തിൽ നിന്ന് ഏതാനും അടി താഴേക്ക് പോകുമ്പോൾ താപനില 22 ഡിഗ്രി സെൽഷ്യസിലധികം ഉയരുന്നതായി കണ്ടെത്തി. സൂര്യന്റെ ചൂട് കൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയാത്ത ഈ താപവർധന അയോയുടെ ആന്തരിക ഭാഗങ്ങളിൽ നിന്നുള്ള ചൂടാണെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. ചില പ്രദേശങ്ങളിൽ സമീപ പ്രദേശങ്ങളെക്കാൾ 10 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂടും രേഖപ്പെടുത്തി.വൻ അഗ്നിപർവതങ്ങളും ഉയർന്ന മലനിരകളും ഉള്ള അയോയുടെ ഉപരിതലം എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ മൃദുവും കുറഞ്ഞ സാന്ദ്രതയുള്ള വസ്തുക്കളാൽ നിറഞ്ഞതുമാണെന്ന് പഠനം വ്യക്തമാക്കുന്നു. അഗ്നിപർവതങ്ങളിൽ നിന്ന് നിരന്തരം പുറത്തേക്ക് ഒഴുകുന്ന ചാരം, സൾഫർ മഞ്ഞ്, മറ്റ് അവശിഷ്‍ടങ്ങൾ എന്നിവ പുതിയ പാളികളായി അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണമെന്നാണ് ഗവേഷകർ കരുതുന്നത്.അയോയിലെ അതിശക്തമായ അഗ്നിപർവത പ്രവർത്തനത്തിന് പിന്നിൽ വ്യാഴത്തിന്റെ ഗുരുത്വാകർഷണ ശക്തിയാണ്. വ്യാഴത്തെ ചുറ്റുന്ന സമയത്ത് അയോ നിരന്തരം വലിച്ചിഴക്കപ്പെടുകയും ചുരുങ്ങുകയും ചെയ്യുന്നു. ഈ പ്രക്രിയയിൽ ഉണ്ടാകുന്ന ടൈഡൽ ഹീറ്റിംഗ് ആണ് ഉപഗ്രഹത്തിനുള്ളിൽ വലിയ തോതിൽ ചൂട് സൃഷ്‍ടിക്കുന്നത്. ഇതാണ് നൂറുകണക്കിന് സജീവ അഗ്നിപർവതങ്ങൾക്ക് ഊർജം നൽകുന്നത്.ജൂണോയുടെ ഈ കണ്ടെത്തൽ ഭൂമിയിലെ അഗ്നിപർവതങ്ങളെ പഠിക്കുന്നതിനും സഹായകരമാകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. മൈക്രോവേവ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമിയിലെ അഗ്നിപർവതങ്ങളുടെ അടിയിലെ ചൂടിന്റെ മാറ്റങ്ങൾ നിരീക്ഷിക്കാനും ഭാവിയിൽ പൊട്ടിത്തെറി സാധ്യതകൾ വിലയിരുത്താനും സാധിച്ചേക്കും.അതേസമയം യൂറോപ്പ, ഗനിമീഡ് തുടങ്ങിയ വ്യാഴത്തിന്റെ മറ്റ് ഉപഗ്രഹങ്ങളിലെ മഞ്ഞുപാളികൾക്കടിയിലുള്ള സമുദ്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും ഈ കണ്ടെത്തൽ പുതിയ വഴികൾ തുറക്കും. അയോ ജീവന് അനുയോജ്യമായ ലോകം അല്ലെങ്കിലും അവിടത്തെ ചൂടിന്റെ സഞ്ചാരം മനസ്സിലാക്കുന്നത് സൗരയൂഥത്തിലെ മറ്റ് ലോകങ്ങളിൽ ജീവന് അനുയോജ്യമായ സാഹചര്യങ്ങൾ തേടുന്നതിനും സഹായകമാകും. ജൂണോയുടെ പുതിയ കണ്ടെത്തൽ, ഒരു ഉപഗ്രഹത്തിന്റെ ഉള്ളറകളിലേക്ക് നോക്കാനുള്ള മനുഷ്യന്റെ കഴിവിൽ പുതിയ അധ്യായമാണ് തുറന്നിരിക്കുന്നത്.