വടക്കൻ കേരളത്തിൽ ഉച്ചവരെ കനത്ത മഴയില്ല; ദുരിതം തുടരുന്നു; കാപ്പാട് രണ്ടുവയസ്സുകാരൻ മരിച്ചു, കോഴിക്കോട്ട് നഗരപ്രദേശങ്ങളിലും വെള്ളക്കെട്ട്
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് ജില്ലയില്‍ നൂറ്റന്‍പതോളം വീടുകളിലാണ് വെളളം കയറിയത്. ഡാമുകളിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കനത്ത മഴ ശമിച്ചെങ്കിലും വെളളക്കെട്ടിന് കുറവില്ല. കോഴിക്കോട് കാപ്പാട് വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. കാസര്‍കോട് ജില്ലയില്‍ നൂറ്റന്‍പതോളം വീടുകളിലാണ് വെളളം കയറിയത്. ഡാമുകളിലും ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടുണ്ട്. ഞായറാഴ്ച കൂടി കനത്ത മഴയ്ക്ക് സാധ്യതയുളളതിനാല്‍ അപകട സാധ്യതയുളള പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ ക്യാംപുകളിലും ബന്ധുവീടുകളിലും തുടരുകയാണ്.ഉച്ചവരെ കാര്യമായ മഴയില്ല...ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനഫലമായുളള അതിതീവ്ര മഴ വടക്കന്‍ ജില്ലകളില്‍ ‍‍‍‍‍ഞായറാഴ്ചയും തുടരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ ഏജന്‍സികൾ മുന്നറിയിപ്പ് നൽകിയതെങ്കിലും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുളള ജില്ലകളില്‍ ഞായറാഴ്ച ഉച്ചവരെ കാര്യമായ മഴയില്ല. അതേസമയം, ശനിയാഴ്ച പെയ്ത അതിശക്തമായുണ്ടായ മഴയെത്തുടര്‍ന്നുണ്ടായ വെളളക്കെട്ടിന് കാര്യമായ ശമനവുമില്ല. താഴ്ന്ന പ്രദേശങ്ങള്‍ പലതും ഇപ്പോഴും വെളളത്തിലാണ്. കോഴിക്കോട് കാപ്പാട് വീട്ട് മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു. വലിയാണ്ടി നൗഷാദിന്‍റേയും ഷംനയുടേയും മകൻ മാസിൻ ഇര്‍ഷയാണ് മരിച്ചത്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളക്കെട്ട് തുടരുകയാണ്. വടകര മുക്കാളിയിൽ നിര്‍മ്മാണം നടക്കുന്ന ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായി. കോൺക്രീറ്റ് ഭിത്തി നിര്‍മ്മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. പൂനൂര്‍പുഴ കരകവിഞ്ഞതിനാൽ തീരങ്ങളിലുള്ള വീടുകളിൽ വെള്ളം കയറി. കുറ്റിക്കാട്ടൂരിൽ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കോര്‍പ്പറേഷനിലെ തടമ്പാട്ടുത്താഴം, കണ്ണാടിക്കൽ, പാലാഴി, കോട്ടൂളി മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കോടഞ്ചേരി ചാലിപ്പുഴയിൽ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവൽ, അന്താരാഷ്ട്ര കയാക്കിംഗ് റദ്ദാക്കി. ജില്ലയിൽ 25 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ 400-ലേറെ കഴിയുന്നത്.മലപ്പുറത്ത് വീട് തകർന്നുമലപ്പുറം വേങ്ങര പെരണ്ടക്കലിൽ മഴയെത്തുടര്‍ന്ന് വീട് തകർന്നു, ഓട്ടോ ഡ്രൈവർ ആയ സമീറും കുടുംബവും വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് വീട്ടിലേക്ക് മണ്ണും കല്ലും പതിച്ചത്. പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജില്ലയിൽ ഏഴ് ക്യാമ്പുകളിലായി 129 ആളുകളാണ് കഴിയുന്നത്. അതേസമയം, മലപ്പുറം നഗരസഭ ഒരുക്കിയ ക്യാമ്പിൽ നിന്ന് ആളുകൾ വീടുകളിലേക്ക് മാറിത്തുടങ്ങി.പാലക്കാട്ട് ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയ‍ർന്നുഭാരതപുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടര്‍ന്ന് ഒറ്റപ്പാലം ഷോർണൂർ മേഖലകളിൽ ഇരുകരകളും കൂട്ടിമുട്ടി. ശ്രീകൃഷ്ണപുരത്ത് കനത്ത മഴയിൽ വീടിൻ്റെ അടുക്കള തകർന്നു. അട്ടപ്പാടി സൈലന്റ് വാലി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡിന്റെ ഔദ്യോഗിക വസതിയിലെ മരം കടപുഴകി വീണ് റെയ്ഞ്ച് ഓഫീസിലെ ജീപ്പ് തകർന്നു.കണ്ണൂരിൽ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തികണ്ണൂര്‍ ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞതിനെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി.പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ ശ്രീകണ്ഠപുരം ടൗണില്‍ വെള്ളം കയറിയെങ്കിലും പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ വെള്ളമിറങ്ങി.കൂത്തുപറമ്പില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈതേരിയിടത്തില്‍ കലാശപ്പറമ്പത്ത് രാരിഷാണ് മരിച്ചത്. മാടായിയിലും പയ്യന്നൂരിലും വീട് തകര്‍ന്ന് ഏഴു വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ കേളോത്ത് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്ന് പരിക്കേറ്റ ഇന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുഴയില്‍ കാണാതായ രണ്ടു പേര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. പേരാവൂര്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുക്കില്‍ പെട്ട ഹനീഫ,ചെറുപുഴയില്‍ ഒഴുക്കില്‍ പെട്ട തിരുവനന്തപുരം സ്വദേശി രാജേഷ് എന്നിവര്‍ക്കായാണ് തെരച്ചില്‍ നടക്കുന്നത്. മണ്ണിടിച്ചിലുണ്ടായ പാല്‍ചുരം മണ്ണ് നീക്കി ഗതാഗതയോഗ്യമാക്കി. ജില്ലയിൽ 18 ക്യാമ്പുകളിലായി 600-ഓളം പേരെ മാറ്റി പാർപ്പിച്ചെങ്കിലും മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങി തുടങ്ങി.വയനാട്ടിൽ മഴയ്ക്ക് ശമനംവയനാട്ടിലും മഴയ്ക്ക് ശമനമുണ്ട്. വെള്ളം കയറിയ ഭാഗങ്ങളിൽ വെള്ളം ഇറങ്ങി തുടങ്ങി. വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 23 ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.കാസർകോട്ട് നൂറിലേറെ വീടുകളിൽ വെള്ളംകയറികാസര്‍കോട് കാര്യങ്കോട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് 100-ലേറെ വീടുകളില്‍ വീടുകളില്‍ വെളളം കയറി. ഇന്ന് കൂടി കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥ പ്രവചനം നിലനില്‍ക്കുന്നതിനാല്‍ വടക്കന്‍ ജില്ലകളിലെങ്ങും ജാഗ്രത തുടരുകയാണ്.