'പത്തനംതിട്ടയിൽ ജാഗ്രത തുടരണം, ഇന്ന് രാത്രിയും മിന്നൽപ്രളയ സാധ്യത, ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും': പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും പ്രളയ സാധ്യത സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും പ്രളയ സാധ്യത സ്ഥലങ്ങളിൽ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു. പ്രളയ സാധ്യത സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റും. ഇന്ന് രാത്രി കൂടി സഹകരിക്കണം. കോൺഗ്രസുകാരെ കൂട്ടി അവലോകന യോഗം നടത്തി എന്ന ആരോപണം സങ്കടപ്പെടുത്തിയെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. രാജു എബ്രഹാം അങ്ങനെ പറയരുത്. കലക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥർ ആണ് യോഗങ്ങളിൽ പങ്കെടുത്തതെന്നും മന്ത്രി പറഞ്ഞു. പമ്പയിൽ അതിതീവ്ര വെള്ളപ്പൊക്കം എന്ന മുന്നറിയിപ്പാണ് കിട്ടിയിരിക്കുന്നത്. ഒരു വാർഡിലേക്ക് 25000 രൂപ അനുവദിച്ചിട്ടുണ്ട്, ക്ലീനിംഗ് അടക്കമാണിത്. വെള്ളപ്പൊക്കത്തിലെ ഇരകൾക്ക് ഉളള നഷ്ടപരിഹാരം അടുത്ത മന്ത്രിസഭ യോഗം പ്രഖ്യാപിക്കും. ഓറഞ്ച് ബുക്ക് പ്രകാരം റൂൾ കര്‍വ് ഇല്ലാത്ത ഡാമുകളുടെ പട്ടികയിൽ ആണ് മൂഴിയാർ ഡാം എന്നും അതിന് വേണ്ട എല്ലാ മാനദണ്ഡവും പാലിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. പെട്ടെന്ന് തുറക്കേണ്ട ഡാം ആണ് മൂഴിയാർ. റൂൾ കര്‍വ് ബാധകമല്ലെന്നും പി സി വിഷ്ണുനാഥ് വിശദമാക്കി. സർക്കാർ സ്പോൺസേർഡ് വെള്ളപ്പൊക്കം എന്ന ആരോപണത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. നദിയിലെ മണൽ നീക്കം സർക്കാർ നയപരമായി തീരുമാനിക്കേണ്ട കാര്യമാണ്. നടപടി വേണ്ട കാര്യമാണ്. അതുപോലെ പരിസ്ഥിതി അനുമതി ഉൾപ്പെടെ വേണം. മണിയാർ അടയ്ക്കാൻ ഗേറ്റുകൾ പോലുമില്ല. രണ്ടര വർഷമായി തുറന്നിട്ടിരിക്കുകയാണെന്നും മുൻ സർക്കാരിന്റെ വീഴ്ചയാണെന്നും പി സി വിഷ്ണുനാഥ് വിമര്‍ശിച്ചു. അടിയന്തരമായി പണികൾ പൂർത്തിയാക്കേണ്ട സാഹചര്യമുണ്ട്. പ്രളയസാഹചര്യം കഴിഞ്ഞാൽ ഉടൻ തിരുവനന്തപുരത്ത് ഉന്നതല യോഗം വിളിക്കും. മഴ അവധിയിൽ ഒരു ട്യൂഷൻ സെൻററുകളും പ്രവർത്തിക്കാൻ പാടില്ലെന്നും എല്ലാവർക്കും ബാധകമാണെന്നും മന്ത്രി അറിയിച്ചു. ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കും. അവധി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണ്. സുരക്ഷയെ കരുതി ആണ് അവധി പ്രഖ്യാപിക്കുന്നതെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.