അച്ഛൻ ഐഐടി ജെഇഇ പരീക്ഷയില് തോറ്റതാണ് ജീവിതത്തിലെ ഏറ്റവും നല്ല കാര്യം; വൈറലായി കുറിപ്പ്
രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ ഐഐടി ജെഇഇ യെക്കുറിച്ച് ഓർക്കുമ്പോൾ ഏവർക്കും ഓർമ്മവരിക സ്വപ്നങ്ങളും കടുത്ത മാനസിക സമ്മർദ്ദങ്ങളുമാണ്. എന്നാൽ, 'എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്റെ അച്ഛൻ ഐഐടി പരീക്ഷയിൽ പരാജയപ്പെട്ടതാണ്' എന്ന വ്യത്യസ്തമായ വെളിപ്പെടുത്തലുമായി രംഗത്തെത്തി

രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ ഐഐടി ജെഇഇ യെക്കുറിച്ച് ഓർക്കുമ്പോൾ ഏവർക്കും ഓർമ്മവരിക സ്വപ്നങ്ങളും കടുത്ത മാനസിക സമ്മർദ്ദങ്ങളുമാണ്. എന്നാൽ, 'എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്റെ അച്ഛൻ ഐഐടി പരീക്ഷയിൽ പരാജയപ്പെട്ടതാണ്' എന്ന വ്യത്യസ്തമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂയോർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ആകാശ് സമ്പൂർണാനന്ദ് പാണ്ഡേ എന്ന യുവാവ്. ഐഐടി ബിഎച്ച്‌യു പൂർവ്വവിദ്യാർത്ഥി കൂടിയായ ആകാശ് എക്സിൽ പങ്കുവെച്ച ഈ വൈകാരികമായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.10 രൂപയും 200 കിലോമീറ്റർ യാത്രയും1980 -ൽ നടന്ന സംഭവങ്ങൾ ഓർത്തെടുത്താണ് ആകാശിന്റെ കുറിപ്പ് ആരംഭിക്കുന്നത്. 'സ്വന്തം ഗ്രാമത്തിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അച്ഛൻ. പരീക്ഷയ്ക്ക് കേവലം 6 മാസം മുമ്പ് മാത്രമാണ് ഐഐടിയെക്കുറിച്ച് അറിയുന്നത്. കയ്യിൽ വെറും 10 രൂപയുമായി, 200 കിലോമീറ്ററോളം വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ചാണ് അദ്ദേഹം പരീക്ഷാ സെന്ററിലെത്തിയത്. പക്ഷേ പരീക്ഷയിൽ തോറ്റു. ഒരു ചോദ്യത്തിന് പോലും ഉത്തരം നൽകാനായില്ല' ആകാശ് കുറിച്ചു. തോൽവി സംഭവിച്ചെങ്കിലും അച്ഛൻ അതിൽ നിരാശനാവുകയോ കയ്പേറിയ ഓർമ്മകൾ സൂക്ഷിക്കുകയോ ചെയ്തില്ല. പകരം, ഐഐടിക്കാരായ ആളുകളെ ജീവിതാവസാനം വരെ വലിയ ബഹുമാനത്തോടും ആദരവോടുമാണ് അദ്ദേഹം നോക്കിക്കണ്ടത്.അച്ഛന്റെ ഈ പരാജയം തനിക്ക് നൽകിയത് വലിയ ആശ്വാസമായിരുന്നു എന്ന് ആകാശ് വ്യക്തമാക്കുന്നു. വീട്ടിൽ കാത്തുസൂക്ഷിക്കേണ്ട ഐഐടി പാരമ്പര്യമൊന്നുമില്ലാത്തതിനാൽ തനിക്ക് പരീക്ഷകളിൽ സമ്മർദ്ദം അനുഭവിക്കേണ്ടി വന്നില്ല.'തോറ്റാൽ ഞാൻ അച്ഛനെപ്പോലെ സാധാരണക്കാരനായി സന്തോഷത്തോടെ ജീവിക്കും. ജയിച്ചാൽ കുടുംബത്തിലെ ആദ്യത്തെ ഐഐടിക്കാരനാകും. അതുകൊണ്ട് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതും നേടാൻ വലിയൊരു ചരിത്രവുമുള്ള അവസ്ഥയായിരുന്നു എന്റേത്. താൻ തോറ്റ പരീക്ഷ ജയിക്കാൻ അച്ഛന് എന്നെ നിർബന്ധിക്കാനും കഴിയില്ലായിരുന്നു' ആകാശ് കൂട്ടിച്ചേർത്തു. The best thing that ever happened to me was my father failing the IIT JEE.In the summer of 1980, he hitchhiked 200 km with 10 rupees in his pocket to reach the exam center. He had learned what JEE was just 6 months ago and sat it cold because he was the smartest guy in his…— Akash Sampurnanand Pandey (@late_bloomer_7) August 4, 2026 2012-ൽ ആദ്യ ശ്രമത്തിൽ തന്നെ ആകാശ് ഐഐടി ജെഇഇ വിജയിച്ചു. ആ വാർത്ത കേട്ട അച്ഛൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയതും അത്യധികം ആഘോഷിച്ചതും ആകാശ് ഓർത്തെടുക്കുന്നു. 'അന്ന് 1980-ൽ അച്ഛൻ ആ പരീക്ഷ ജയിച്ചിരുന്നെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്' എന്ന് പറഞ്ഞാണ് ആകാശ് കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി ആളുകളാണ് ആകാശിന്റെ പോസ്റ്റിന് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തുന്നത്.