ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി, 13 ഇന്ത്യക്കാരുൾപ്പെടെ 14 ജീവനക്കാരെയും രക്ഷപ്പെടുത്തി
ദില്ലി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ് നൂറെ ഒലിയ'ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങി. എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമ

ദില്ലി: ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ഇന്ത്യൻ ചരക്കുകപ്പലായ 'എം.എസ്.വി ഫൈസ് നൂറെ ഒലിയ'ക്ക് നേരെ പ്രൊജക്റ്റൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ തുടർന്ന് നിയന്ത്രണം വിട്ട കപ്പൽ തലകീഴായി മറിഞ്ഞ് സമുദ്രത്തിൽ മുങ്ങി. എന്നാൽ, കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യൻ പൗരന്മാരും ഒരു യെമൻ പൗരനുമുൾപ്പെടെ 14 ജീവനക്കാരെയും യെമൻ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ജീവനക്കാരെ യെമനിലെ മൊഖ തുറമുഖത്ത് എത്തിച്ചതായും എല്ലാവരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.കപ്പലിന് നേരെ നടന്ന പ്രകോപനമില്ലാത്ത ആക്രമണത്തെ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോവാളും വിദേശകാര്യ മന്ത്രാലയവും ശക്തമായി അപലപിച്ചു. തങ്ങളുടെ പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ മന്ത്രി, മേഖലയിലെ ഇന്ത്യൻ നാവികരുടെയും കപ്പൽ ജീവനക്കാരുടെയും പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനും രക്ഷപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന് കർശന നിർദ്ദേശം നൽകി. ചെങ്കടലിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതത്തിന് നേരെ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ റിയാദിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യെമൻ അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. ജീവനക്കാരെ വേഗത്തിൽ രക്ഷപ്പെടുത്തിയ യെമൻ ഭരണകൂടത്തിനും കോസ്റ്റ് ഗാർഡിനും ഇന്ത്യ നന്ദി അറിയിച്ചു. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനിടെ ചൊവ്വാഴ്ച ഹൊർമുസ് കടലിടുക്കിന് സമീപം മറ്റൊരു ലൈബീരിയൻ ചരക്കപ്പലിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ അന്താരാഷ്ട്ര നാവിക പാതകളിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.