'ഇത് ആത്മഹത്യയ്ക്ക് തുല്യമാണ്, വെള്ളം കുടിക്കൂ'; നിരാഹാരമിരിക്കുന്ന വിദ്യാർഥി നേതാവിനോട് വാങ്ചുക്, അനുസരിച്ച് നേതാവ്; ഝാർഖണ്ഡിൽ സമരം തുടരുന്നു
റാഞ്ചി: ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷന്റെ(ജെ.പി.എസ്.സി) പരീക്ഷാ ക്രമക്കേടുകൾക്കെതിരേ നിരാഹാരം സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോ നാലാംദിവസം വെള്ളം കുടിച്ചു. ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ അഭ്യർഥന പ്രകാരമാണ് മഹ്തോ വെള്ളം കുടിക്കാൻ തയ്യാറായത്. അതേസമയം, നിരാഹാരസമരവും സത്യഗ്രഹവും

റാഞ്ചി: ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷന്റെ(ജെ.പി.എസ്.സി) പരീക്ഷാ ക്രമക്കേടുകൾക്കെതിരേ നിരാഹാരം സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്രനാഥ് മഹ്തോ നാലാംദിവസം വെള്ളം കുടിച്ചു. ആക്ടിവിസ്റ്റായ സോനം വാങ്ചുക്കിന്റെ അഭ്യർഥന പ്രകാരമാണ് മഹ്തോ വെള്ളം കുടിക്കാൻ തയ്യാറായത്. അതേസമയം, നിരാഹാരസമരവും സത്യഗ്രഹവും തുടരുമെന്നും മഹ്തോ വ്യക്തമാക്കി.ജെ.പി.എസ്.സി.യുടെയും ഝാർഖണ്ഡ് സ്റ്റാഫ് സിലക്ഷൻ കമ്മീഷന്റെയും(ജെ.എസ്.എസ്.സി) പരീക്ഷകളിൽ ക്രമക്കേട് ആരോപിച്ചാണ് വിദ്യാർഥി നേതാവായ ദേവേന്ദ്രനാഥ് മഹ്തോയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്. ജൂലായ് 25-ന് സത്യഗ്രഹ സമരത്തോടെയായിരുന്നു തുടക്കം. തുടർന്ന് ഓഗസ്റ്റ് രണ്ടാംതീയതി മുതൽ റാഞ്ചിയിലെ ജയ്പാൽസിങ് മുണ്ട സ്റ്റേഡിയത്തിൽ ദേവേന്ദ്രനാഥ് മഹ്തോ നിരാഹാരവും ആരംഭിച്ചു. വിദ്യാർഥി നേതാവിന്റെ ആരോഗ്യനില മോശമായതിന് പിന്നാലെയാണ് സോനം വാങ്ചുക് അദ്ദേഹത്തെ വീഡിയോകോളിൽ വിളിച്ചത്. സമരത്തിന് പിന്തുണ അറിയിച്ച വാങ്ചുക് മഹ്തോയുടെ ആരോഗ്യനിലയെക്കുറിച്ചും തിരക്കി. ഡോക്ടർ വെള്ളം കുടിക്കാൻ ആവശ്യപ്പെട്ടെന്നും അല്ലെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞതായും മഹ്തോ മറുപടി നൽകി. ഇതോടെയാണ് മഹ്തോയോട് നിരാഹാരം അവസാനിപ്പിക്കാൻ വാങ്ചുക് ആവശ്യപ്പെട്ടത്. ഇത് ആത്മഹത്യയ്ക്ക് തുല്യമാണെന്നും അല്പം വെള്ളം കുടിക്കണമെന്നും വാങ്ചുക് പറഞ്ഞു. സർക്കാർ കാര്യങ്ങൾ മനസിലാക്കി ശരിയായ തീരുമാനമെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാങ്ചുക് കൂട്ടിച്ചേർത്തു.വാങ്ചുക് സമരത്തിന് പിന്തുണ അറിയിച്ചതായും വീഡിയോകോളിലൂടെ ഇനിയും സമരത്തെ അഭിസംബോധന ചെയ്യാമെന്ന് പറഞ്ഞതായും മഹ്തോ പ്രതികരിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് വെള്ളവും ഉപ്പും കഴിക്കാൻ താൻ സമ്മതിച്ചതെന്നും എന്നാൽ സർക്കാരിൽനിന്ന് അനുകൂല തീരുമാനമുണ്ടാകുന്നത് വരെ ഭക്ഷണം കഴിക്കില്ലെന്നും സമരം തുടരുമെന്നും മഹ്തോ വ്യക്തമാക്കി.ജൂലായ് അഞ്ചിന് ജെ.പി.എസ്.സി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഝാ‍ർഖണ്ഡിൽ വിദ്യാർഥി-യുവജന പ്രക്ഷോഭം ആരംഭിച്ചത്. ജെ.പി.എസ്.സി.യുടെ പരീക്ഷാനടത്തിപ്പിലും റിക്രൂട്ട്മെന്റ് നടപടികളിലും ക്രമക്കേട് നടന്നതായാണ് പരീക്ഷാർഥികളുടെ ആരോപണം. പരീക്ഷ റദ്ദാക്കണമെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം വേണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. അതേസമയം, വിഷയം പരിശോധിച്ചുവരികയാണെന്നും പരീക്ഷാർഥികൾക്ക് നീതി ഉറപ്പാക്കുമെന്നും കഴിഞ്ഞദിവസം മുഖ്യമന്ത്രി ഹേമന്ത് സോറൻ പ്രതികരിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.