ക്രെഡിറ്റ് കാർഡിലെ '45 ദിവസത്തെ ഫ്രീ ടൈം' ശരിക്കും ഉപകാരമാണോ? ഉപയോഗിക്കുന്നവര് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്
ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് '45 ദിവസത്തെ പലിശരഹിത കാലയളവ്' ലഭിക്കുമെന്ന്. എന്നാല്‍ ഏത് സാധനം വാങ്ങിയാലും കൃത്യം 45 ദിവസം പലിശയില്ലാതെ സമയം ലഭിക്കുമെന്നല്ല ഇതിനര്‍ഥം. പര്‍ച്ചേസ് നടത്തിയ തീയതി മുതല്‍ ബില്‍ അടയ്‌ക്കേണ്ട

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് '45 ദിവസത്തെ പലിശരഹിത കാലയളവ്' ലഭിക്കുമെന്ന്. എന്നാല്‍ ഏത് സാധനം വാങ്ങിയാലും കൃത്യം 45 ദിവസം പലിശയില്ലാതെ സമയം ലഭിക്കുമെന്നല്ല ഇതിനര്‍ഥം. പര്‍ച്ചേസ് നടത്തിയ തീയതി മുതല്‍ ബില്‍ അടയ്‌ക്കേണ്ട അവസാന തീയതിവരെയുള്ള സമയമാണിത്. ബില്ലിലെ മുഴുവന്‍ തുകയും അടച്ചുതീര്‍ക്കുകയാണെങ്കില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.എങ്ങനെയാണ് ഈ 45 ദിവസം കണക്കാക്കുന്നത്?ഉദാഹരണത്തിന്, ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിംഗ് സൈക്കിള്‍എല്ലാ മാസവും 10-ാം തീയതിയാണ് അവസാനിക്കുന്നതെന്നിരിക്കട്ടെ. ബില്‍ അടയ്ക്കാനുള്ള അവസാന തീയതി ഏകദേശം 15 ദിവസത്തിന് ശേഷവുമായിരിക്കും. 11-ാം തീയതിയാണ് ഒരു പര്‍ച്ചേസ് നടത്തുന്നതെങ്കില്‍, അത് അടുത്ത മാസത്തെ ബില്ലിലേ ഉള്‍പ്പെടുകയുള്ളൂ. അതിനാല്‍ പണമടയ്ക്കാന്‍ ഏകദേശം 45 ദിവസത്തോളം സമയം ലഭിക്കും. എന്നാല്‍ അതേ പര്‍ച്ചേസ് 9-ാം തീയതിയാണ് നടത്തുന്നതെങ്കിലോ? ബില്ലിംഗ് സൈക്കിള്‍ അവസാനിക്കാന്‍ പോകുന്ന സമയമായതിനാല്‍ നിങ്ങളുടെ പലിശരഹിതമായ സമയവും വളരെ കുറവായിരിക്കും.അതുകൊണ്ടാണ് ഒരേ ക്രെഡിറ്റ് കാര്‍ഡില്‍ നടത്തുന്ന രണ്ട് പര്‍ച്ചേസുകള്‍ക്ക് പണമടയ്ക്കാന്‍ വ്യത്യസ്ത സമയം ലഭിക്കുന്നത്. പുതിയ ബില്ലിംഗ് സൈക്കിള്‍ തുടങ്ങുന്ന സമയത്താണ് നിങ്ങള്‍ പര്‍ച്ചേസ് നടത്തുന്നതെങ്കില്‍ കൂടുതല്‍ സമയം ലഭിക്കും. കൃത്യമായ തീയതികള്‍ അറിയാന്‍ കാര്‍ഡിന്റെ സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നതാണ് ഏറ്റവും നല്ലത്.എന്താണ് ഇതിന്റെ ഗുണം?ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ഇതൊരു മികച്ച സൗകര്യമാണ്. കയ്യില്‍ പണമില്ലാത്ത സമയത്ത് സാധനങ്ങള്‍ വാങ്ങാനും, അടുത്ത മാസം ശമ്പളം ലഭിക്കുമ്പോള്‍ പലിശയില്ലാതെ ആ തുക അടച്ചുതീര്‍ക്കാനും ഇത് സഹായിക്കുന്നു. വലിയ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വ്യക്തിഗത വായ്പകളെയോ മറ്റ് പലിശയുള്ള കടങ്ങളെയോ ആശ്രയിക്കാതെ തന്നെ കാര്യം നടക്കും.മുഴുവന്‍ തുകയും അടച്ചില്ലെങ്കില്‍ എന്ത് സംഭവിക്കും?മുഴുവന്‍ തുകയും അടച്ചു തീര്‍ത്താല്‍ മാത്രമേ പലിശരഹിത ആനുകൂല്യം ലഭിക്കൂ എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നിബന്ധന. പണമടയ്ക്കാനുള്ള അവസാന തീയതിക്കുള്ളില്‍ മുഴുവന്‍ തുകയും അടച്ചില്ലെങ്കില്‍, പലിശരഹിത ആനുകൂല്യം നഷ്ടപ്പെടുമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. അങ്ങനെ വന്നാല്‍, അടച്ച തുകയോ റീഫണ്ടുകളോ ഉണ്ടെങ്കില്‍ അവ കുറച്ച ശേഷം, സാധനം വാങ്ങിയ തീയതി മുതല്‍ തന്നെ ബാക്കി നില്‍ക്കുന്ന തുകയ്ക്ക് പലിശ ഈടാക്കും.ഇവിടെയാണ് 'മിനിമം ഡ്യൂ' എന്ന കെണിയില്‍ പലരും വീഴുന്നത്. ബില്ലിലെ മിനിമം തുക മാത്രം അടച്ചാല്‍ പിഴ ഒഴിവാക്കാം എന്ന് മാത്രമേയുള്ളൂ. അതുകൊണ്ട് പലിശയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. മിനിമം തുക മാത്രം അടച്ച് മാസങ്ങളോളമോ വര്‍ഷങ്ങളോളമോ കടം നീട്ടിക്കൊണ്ടുപോകുന്നത് വലിയ പലിശ ബാധ്യതയുണ്ടാക്കുമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.