നന്ദിഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം, റജിനഗറും പിടിച്ചെടുത്തു; ബംഗാളിൽ ബിജെപിയുടെ കുതിപ്പ്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നന്ദിഗ്രാം നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപിക്കായി മത്സരിച്ച ഹസി റാണി രഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. 1,64,427 വോട്ടുകൾ നേടിയാണ് ഹസി റാണി രഥിൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നന്ദിഗ്രാം നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർത്ഥി വിജയിച്ചു. ബിജെപിക്കായി മത്സരിച്ച ഹസി റാണി രഥ് ആണ് കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയത്. 1,64,427 വോട്ടുകൾ നേടിയാണ് ഹസി റാണി രഥിൻ്റെ വിജയം. മിലൻ പ്രധാന് 41,674 വോട്ടുകൾ ലഭിച്ചപ്പോൾ മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാർത്ഥി സന്തി ഗോപാൽ ഗിരി 5,779 വോട്ടുകളിൽ ഒതുങ്ങി.ഈ വർഷം നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സുവേന്ദു അധികാരി നന്ദിഗ്രാമിലും ഭവാനിപൂരിലും വിജയിക്കുകയും നന്ദിഗ്രാം സീറ്റിൽ നിന്ന് രാജിവെക്കുകയും ചെയ്തതോടെ ആണ് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത സഹായി ആയിരുന്ന കൊല്ലപ്പെട്ട ചന്ദ്രനാഥ് രഥിൻ്റെ മാതാവാണ് ഹസി റാണി രഥ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, മെയ് ആറിനാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്.റജിനഗറിലും ബിജെപിക്ക് വിജയംനന്ദിഗ്രാമിന് പുറമേ ഉപതെരഞ്ഞെടുപ്പ് നടന്ന റജിനഗർ നിയമസഭാ മണ്ഡലത്തിലും ബിജെപി വിജയിച്ചു. ബിജെപിക്കായി മത്സരിച്ച ശങ്കറവ്വ് സർക്കാർ ആണ് 75,816 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം പിടിച്ചെടുത്തത്. ശങ്കറവ്വ് സർക്കാർ 129914 വോട്ടുകൾ നേടിയപ്പോൾ ആം ജനത ഉന്നയൻ പാർട്ടിയുടെ ഗുലാം നബി ആസാദിന് 54098 വോട്ടുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുള്ളാഹിൽ കാഫി 6168 വോട്ടുകളിൽ ഒതുങ്ങി. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനായി മത്സരിച്ച റബിബുൾ അലാം ചൗധരി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആം ജനത ഉന്നയൻ പാർട്ടി തലവൻ ഹുമയൂർ കബീർ എംഎൽഎ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.നന്ദിഗ്രാമിൽ സ്ഥാനാർത്ഥിയില്ലാതെ മമതനന്ദിഗ്രാമിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പിന്മാറിയത് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമായിരുന്നു. ഇതോടെ തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു. നാമനി‍ർദേശ പത്രിക സമർപ്പിച്ചതിന് തൊട്ടുപിന്നാലെ 2007ലെ നന്ദിഗ്രാം പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ മിലൻ പ്രധാനെ അറസ്റ്റ് ചെയ്തതിനെച്ചൊല്ലി രാഷ്ട്രീയപ്പോര് രൂക്ഷമായിരുന്നു. കൊൽക്കത്ത ഹൈക്കോടതി മിലൻ പ്രധാന് ജാമ്യം അനുവദിച്ചതോടെ ആണ് മണ്ഡലത്തിൽ പ്രചാരണത്തിനിറങ്ങാൻ കഴിഞ്ഞത്. അതേസമയം പശ്ചിമ ബംഗാളിൽ ചരിത്രത്തിലാദ്യമായി ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മേൽക്കൈ നേടാനായത് നേട്ടമായി.