പിണറായിയെ മാത്രമല്ല, മമതയെയും ദില്ലി പൊലീസ് നഗരം ചുറ്റിച്ചു, മൊത്തം നാല് മുൻ മുഖ്യമന്ത്രിമാരെ ഇന്ന് കസ്റ്റഡിയിലെടുത്തു
ദില്ലി: കോക്രോച്ച് ജനത പാര്‍ട്ടിക്ക് ഐക്യദാര്‍ഡ്യവുമായി ഇറങ്ങിയ പിണറായി വിജയനടക്കം നാല് മുന്‍ മുഖ്യമന്ത്രിമാരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ വാഹനത്തില്‍ മൂന്നര മണിക്കൂറോളം വട്ടം കറക്കിയാണ് പിണറായി വിജയനെ മന്ദിര്‍മാര്‍ഗ് പോലീസ് സ്റ്റേഷനില

ദില്ലി: കോക്രോച്ച് ജനത പാര്‍ട്ടിക്ക് ഐക്യദാര്‍ഡ്യവുമായി ഇറങ്ങിയ പിണറായി വിജയനടക്കം നാല് മുന്‍ മുഖ്യമന്ത്രിമാരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ വാഹനത്തില്‍ മൂന്നര മണിക്കൂറോളം വട്ടം കറക്കിയാണ് പിണറായി വിജയനെ മന്ദിര്‍മാര്‍ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്. മമത ബാനര്‍ജിയെ ബസ് സ്റ്റോപ്പില്‍ വച്ചും, ജന്തര്‍മന്തറിലേക്ക് മാര്‍ച്ച ചെയ്യാനൊരുങ്ങുന്നതിനിടെ അരവിന്ദ് കെജരിവാളിനെ വീടിനടുത്ത് വച്ചുമാണ് കസ്റ്റഡിയിലെടുത്തത്. ത്രിപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരും മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില്‍ തുടര്‍ന്നു.കേരള ഹൗസില്‍ നിന്ന് സിപിഎം ജനറല്‍സെക്രട്ടറി എംഎ ബേബി, പോളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ട് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് ജന്തര്‍മന്തറിലേക്ക് പ്രതിഷേധത്തിനായി പിണറായി വിജയന്‍ നീങ്ങിയത്. ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യവുമായി നീങ്ങിയ എംഎ ബേബി, പി കെ ശ്രീമതി തുടങ്ങിയ നേതാക്കളെ ആദ്യം കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് നീങ്ങി. പിണറായിക്കും, ജോണ്‍ ബ്രിട്ടാസിനും ബാലഗോപാലിനും ജന്തര്‍മന്തര്‍ പ്രവേശന കവാടത്തിലേക്ക് നടക്കാന്‍ അനുമതി നല്‍കി. എന്നാല്‍ സ്ഥിരം സമര വേദിയിലേക്ക് നീങ്ങണമെന്ന് നേതാക്കള്‍ വാശി പിടിച്ചതോടെ പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വാഹനത്തില്‍ കയറ്റി ഛത്രസാല്‍ സ്റ്റേഡിയത്തിലെ കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലെത്തിച്ചു. ആരോഗ്യ സ്ഥിതിയറിയിച്ചെങ്കിലും പിന്നീട് പൊലീസ് വാഹനത്തില്‍ കയറ്റി മൂന്ന് മണിക്കൂറോളം വട്ടം കറക്കി. മരുന്നും ആഹാരവും നിഷേധിച്ചെന്ന് ഒപ്പമുള്ള നേതാക്കള്‍ അറിയിച്ചു. മന്ദിര്‍മാര്‍ഗ് സ്റ്റേഷനിലും മണിക്കൂറോളം കസ്റ്റഡി തുടര്‍ന്നു.തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സൗത്ത് അവന്യൂ ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കുന്നതിനിടെയാണ് മമത ബാനര്‍ജിയെ കസ്റ്റഡിയിലെടുത്തത്. മമതയേയും ഒപ്പമുണ്ടായിരുന്ന ഡെറിക് ഒബ്രിയാനടക്കം നേതാക്കളെയും പൊലീസ് വാഹനത്തില്‍ വട്ടം കറക്കി. വീട്ട് തടങ്കിലില്‍ നിന്ന് പുറത്തിറങ്ങി ജന്തര്‍മന്തറിലേക്ക് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം നീങ്ങുന്നതിനിടെയാണ് അരവിന്ദ് കെജരിവാളിനെ കസ്റ്റഡിയിലെടുത്തത്. സുര്‍ജിത് ഭവനില്‍ നിന്നാണ് തൃപുര മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ കസ്റ്റഡിയിലെടുത്തത്.