ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു, പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് എംപി, രക്ഷകനായത് ജാർഖണ്ഡ് യുവാവ്
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിൽ എടുത്ത ശേഷം ബസില്‍ നിന്ന് വഴിയിൽ ഇറക്കിവിട്ട് ദില്ലി പൊലീസ്. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാരാണ് അക്രമണത്തിന് പിന്നിലെന്നും അദ്

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ കസ്റ്റഡിയിൽ എടുത്ത ശേഷം ബസില്‍ നിന്ന് വഴിയിൽ ഇറക്കിവിട്ട് ദില്ലി പൊലീസ്. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. നാല് പൊലീസുകാരാണ് അക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സീറ്റിനടിയിലേക്ക് തള്ളിയിട്ട് മുഖം അമര്‍ത്തി മർദ്ദിക്കുകയായിരുന്നുവെന്നും എംപിയാണെന്ന് പറഞ്ഞിട്ട് പോലും മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബ്രിട്ടാസിന് ദേഹാസ്വാസ്ഥ്യമുണ്ടായി. ഓട്ടോ പിടിച്ചാണ് ജോണ്‍ ബ്രിട്ടാസ് തിരിച്ചെത്തിയത്.തന്നെ മർദ്ദിക്കുന്നത് ഡിസിപി അറിഞ്ഞുവെന്നും ഡിസിപിയുടെ നിര്‍ദേശത്തിനെ തുടര്‍ന്നാണ് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് വഴിയിൽ ഇറക്കിവിടുകയായിരുന്നു. ഇതാണ് എംപിയുടെ അവസ്ഥയാണെങ്കിൽ ബാക്കി കാര്യങ്ങൾ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എത്തിയത്. ബസിലെ മറ്റുള്ളവരും മർദ്ദനത്തിനിരയായി. എന്നെ മർദ്ദിച്ചതിന് ജാർഖണ്ഡ് സ്വദേശി സാക്ഷിയാണെന്നും ഈ പയ്യൻ കാരണമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടക്കാണ് ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയില്‍ എടുത്തത്. മറ്റൊരു എംപി എഎ റഹീമും സ്ഥലത്തെത്തി. എസ്എഫ്ഐ നേതാക്കളെയും ദില്ലി പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ദേശീയ പ്രസിഡന്‍റ് ആദര്‍ശ് എം. സജി പറഞ്ഞു. ലക്ഷ്യം കാണും വരെ സമരം തുടരുമെന്നും ആദർശ് വ്യക്തമാക്കി.