ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു; ശസ്ത്രക്രിയക്കിടെ നടത്തിയ ടിഷ്യു പരിശോധനയിൽ കണ്ടെത്തൽ, അറിയിപ്പുമായി വത്തിക്കാൻ
റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്‍റെ താഴത്തെ ലോബ് (lower lobe) ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രി

റോം: ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ (ലങ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിന്‍റെ താഴത്തെ ലോബ് (lower lobe) ചൊവ്വാഴ്ച നടത്തിയ 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു.റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമാണെന്നും മാർപാപ്പ സാധാരണ നിലയിൽ ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ വിശ്രമത്തിലാണെന്നും മുഖ്യ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറ വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്കിടെ എടുത്ത ടിഷ്യു പരിശോധനയിലാണ് കാൻസർ ബാധ സ്ഥിരീകരിച്ചത്. പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.മുന്നറിയിപ്പ് എന്ന നിലയിൽ ഒക്ടോബർ 20 വരെ മാർപാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. നവംബർ ആദ്യം നിശ്ചയിച്ചിട്ടുള്ള ലാറ്റിൻ അമേരിക്കൻ പര്യടനത്തെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കും. 1955-ൽ ഷിക്കാഗോയിൽ ജനിച്ച റോബർട്ട് പ്രിവോസ്റ്റ് എന്ന ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമീപകാലത്തൊന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളാണ് മാർപാപ്പയുടെ രോഗമുക്തിക്കായി പ്രാർത്ഥിക്കുന്നത്.