വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ
തൃശൂർ : വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (38), ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം പ്

തൃശൂർ : വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (38), ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം പട്ടാമ്പിയിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം പ്രതികളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് സഹായിച്ച വാടാനപ്പിള്ളി ഗണേശമംഗലം സ്വദേശി ഇരിങ്ങാത്തുരുത്തി വീട്ടിൽ ആൽവിൻഷാ (28) എന്നയാളെയും അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ഫസൽ നഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽസലാം (40) ആണ് കൊല്ലപ്പെട്ടത്.ഒക്ടോബർ 7-ന് രാവിലെ ആറോടെയോടെയാണ് ഫസൽ നഗറിലെ പറമ്പിൽ അബ്ദുൽസലാമിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് അന്വേഷണത്തിൽ, സംഭവത്തിന്റെ തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം ബിൻഷാദിനും മറ്റ് കൂട്ടാളികൾക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഉണ്ടായിരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഒരു പ്രതിയെയും രണ്ട് വിദ്യാർത്ഥികളെയും നേരത്തേ പിടികൂടിയിരുന്നു.തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന മുഖ്യപ്രതികളായ ബിൻഷാദിനെയും റയീസിനെയും പട്ടാമ്പിയിൽനിന്ന് അറസ്റ്റ് ചെയ്തത്. ബിൻഷാദ് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും വാടാനപ്പള്ളി, വടക്കേക്കാട്, ചേർപ്പ്, കാട്ടൂർ, ചാവക്കാട്, കുറ്റിപ്പുറം എന്നീ പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, കവർച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ 37-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്. കാപ്പ നിയമപ്രകാരം 2022 ൽ 6 മാസവും 2025 ൽ 1 വർഷവും ജയിലിൽ കരുതൽ തടങ്കൽ അനുഭവിച്ചിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 2020-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ചിരുന്ന ഇയാൾ, ജയിലിൽ കഴിയുന്നതിനിടെ കോടതിയിൽനിന്ന് അപ്പീൽ ജാമ്യം നേടി പുറത്തിറങ്ങിയശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്നയാളുമാണ്.റയീസ് വാടാനപ്പിളളി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും മൊബൈലും കവർച്ച ചെയ്ത കേസിലും എംഡിഎംയുമായി അറസ്റ്റിലായ കേസിലും പ്രതിയാണ്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ.രതീഷ് കുമാർ, വലപ്പാട് സി.ഐ. പി.കെ.പത്മരാജൻ, വാടാനപ്പള്ളി എസ്.എച്ച്.ഒ. എസ്.ഐ. ഉമേഷ്, ജി.എസ്.ഐ. അസീസ്, തൃശ്ശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ. കൃഷ്ണ, പ്രണവ്, ശരത് എന്നിവരടങ്ങിയ സംഘമാണ് പാലക്കാട് പട്ടാമ്പി, ഷൊർണ്ണൂർ, ഒറ്റപ്പാലം പൊലീസ് സ്റ്റേഷനുകളിലെ ജി എസ് സി പി ഒ മാരായ ബിജുമോൻ, റിയാസ്, സജീഷ്, മിജേഷ്, ഹരിപ്രസാദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.