പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു
വയനാട്: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിട പറയുന്നത് അൻപതിലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കർഷകർക്ക് പ്രചോദനമായ വ്യക്തിത്വം. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ച

വയനാട്: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. വിട പറയുന്നത് അൻപതിലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കർഷകർക്ക് പ്രചോദനമായ വ്യക്തിത്വം. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. 74ാം വയസിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ഏഴാമത് ടിഎൻജി പുരസ്കാരം നൽകി ഏഷ്യാനെറ്റ് ന്യൂസ് രാമനെ ആദരിച്ചിരുന്നു. 52 ലേറെ പൈതൃക നെൽവിത്തുകൾ സംരക്ഷിച്ച് കൃഷി ചെയ്ത് കേരളത്തിലെ മറ്റു കർഷകർക്ക് പ്രചോദനമായി മാറിയിട്ടുണ്ട് ഈ ജൈവ മനുഷ്യൻ.ഒരു പുരുഷായുസ്സ് മുഴുവൻ കേരളത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാനും നെൽക്കർഷകർക്ക് വഴികാട്ടാനും മുന്നിൽ നിന്നു ചെറുവയൽ രാമൻ എന്ന ആദിവാസി കർഷകൻ. കേന്ദ്രസർക്കാരിന്റെ ജനിതക സംരക്ഷണ പുരസ്കാരവും പത്മശ്രീയും സംസ്ഥാന സർക്കാരിന്റെയും ഉമ്മൻചാണ്ടി അവാർഡ് മടക്കം എണ്ണമറ്റ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന ചെറുവയൽ രാമൻ.മറ്റു കർഷകർ ലാഭം ലക്ഷ്യമിട്ട് ഹൈബ്രിഡ് വിത്തുകളുടെ പിന്നാലെ പോയപ്പോൾ രാമൻ വംശനാശത്തിന്റെ വക്കിൽ ആയിരുന്ന 55 ലേറെ പൈതൃക നെൽവിത്തുകൾ കണ്ടെത്തി കൃഷി ചെയ്തു. ആദ്യം രാമന് കിറുക്കാണെന്ന് പറഞ്ഞവർ രാമൻ കൃഷി ചെയ്ത കുത്തി ചിരയും കുന്നു കുളമ്പനും ഓണമൊട്ടനും പോലുള്ള വിത്തുകൾ തേടിയെത്തി. 3 ഏക്കറോളം മാത്രം വിസ്തൃതിയിലുള്ള തന്റെ ചെറിയ പാടത്ത് കേട്ടറിവില്ലാത്ത നെൽവിത്തുകൾ വളർത്തി രാമൻ വഴികാട്ടി. മറ്റു കർഷകരെ പോലെ രാസവളമിട്ട് ലാഭം കൊയ്യാൻ രാമൻ ശ്രമിച്ചില്ല. ജൈവകൃഷി കേരളത്തിൽ തിരികെ കൊണ്ടുവരുന്നതിൽ പ്രചോദനമായത് ചെറുവയൽ രാമന്‍റെ കാർഷിക രീതിയാണ്.പത്താം വയസ്സിൽ അമ്മാവന്റെ കൈപിടിച്ചാണ് രാമൻ പാടത്തിറങ്ങിയത്. അഞ്ചാം ക്ലാസ് പൂർത്തിയാക്കി സ്കൂൾ പഠിത്തം മതിയാക്കി ഇടക്കാലത്ത് ആശുപത്രിവാർഡനായി ജോലി കിട്ടിയെങ്കിലും രാമൻ ചേറും ചളിയും നിറഞ്ഞ പാടം തന്നെയാണ് തന്റെ വഴിയെന്ന് കണ്ട് അതുപേക്ഷിച്ചു. ജനിതകമാറ്റം വരുത്തിയ വിത്തുകൾ എതിരായ സമരം കൂടിയായിരുന്നു രാമന് പരമ്പരാഗത വിത്തുകളുടെ കൃഷി. കനകം, ചെമ്പകം തൊണ്ടി ചോമാല തുടങ്ങി ഇന്നത്തെ കര്‍ഷകര്‍ക്ക് കേട്ടറിവ് പോലും ഇല്ലാത്ത അനേകയിനം നെൽ വിത്തുകൾ. തരിശായി മാറിയ പാടങ്ങളുടെ നാടായ കേരളത്തിൽ ചെറുവയൽ രാമൻ പുതിയ ചിന്തയ്ക്ക് തി കൊളുത്തി.കൃഷി ഉപേക്ഷിച്ച പല കർഷകരും മണ്ണിന്റെ വിളി കേട്ടു. രാമൻ നൽകിയ നെല്ലിനങ്ങൾ കൃഷി ചെയ്തു. വിത്ത് സൗജന്യമായി നൽകുമ്പോൾ ഒറ്റ ഉപാധിയേ ഉണ്ടായിരുന്നുള്ളൂ. വിളവ് നന്നായാൽ കൊയ്ത് കഴിഞ്ഞ് അതേ അളവിൽ തിരിച്ച് നൽകണം. ക‍ൃഷി തുടരണം. അനന്തര തലമുറകൾക്കായി കാത്ത് വെക്കണം ആ വിത്തിനങ്ങളെ. ബ്രസീലിലെ ലോക കാര്‍ഷിക സെമിനാറിലടക്കം വിവിധ രാജ്യങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിച്ചിട്ടുണ്ട് ഇദ്ദേഹം.കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ജിനോം സേവിയര്‍ പുരസ്‌കാരം, ജനിതക സംരക്ഷണ പുരസ്‌കാരം, സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ഭക്ഷ്യ ഭദ്രത അവാർഡ് ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ക്ക് അർഹനായി. ഏഷ്യാനെറ്റ് ന്യൂസിന്റെ ടി എൻ ജി അവാർഡ് ചെറു വയൽ രാമന് ലഭിച്ചിട്ടുണ്ട്. ചെറു വയൽ രാമൻ വിട പറയുന്നതോടെ അനാഥമാകുന്നത് കേരളത്തിന്റെ ജൈവ വൈവിധ്യം സംരക്ഷിക്കാനുള്ള അസാധാരണമായ ഒരു പോരാട്ടം കൂടിയാണ്. പല നൂറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം പിറക്കുന്ന നിശ്ചയദാർഢ്യം ഉള്ള ഒരു പോരാളിയാണ് വിട പറഞ്ഞത്.