'എന്റെ മോനെ നോക്കണം', ചോരവാർന്ന് പിടയുമ്പോഴും വിസ്മയ പറഞ്ഞത് ഇങ്ങനെ, അച്ഛന്റെ കൊലക്കത്തിക്കിരയായി നാലര വയസുകാരനും; ഇരട്ടക്കൊലയിൽ നടുങ്ങി വലപ്പാട്
വലപ്പാട്: തൃശൂർ വലപ്പാട് ബീച്ചിനടുത്ത് യുവതിയേയും നാലര വയസുകാരനായ കുഞ്ഞിനേയും കുടുംബനാഥൻ കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടാണ് വലപ്പാട് ഗ്രാമം ഉണർന്നത്. പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അതിദാരുണമായ കൊല നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് തുടർന്ന് പിഞ്ചു മകനെയും കഴുത്തറുത്ത് കൊല്ലുകയായിരു

വലപ്പാട്: തൃശൂർ വലപ്പാട് ബീച്ചിനടുത്ത് യുവതിയേയും നാലര വയസുകാരനായ കുഞ്ഞിനേയും കുടുംബനാഥൻ കൊലപ്പെടുത്തിയെന്ന വാർത്ത കേട്ടാണ് വലപ്പാട് ഗ്രാമം ഉണർന്നത്. പുലർച്ചെ ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ അതിദാരുണമായ കൊല നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് തുടർന്ന് പിഞ്ചു മകനെയും കഴുത്തറുത്ത് കൊല്ലുകയായിരുന്നു. വിസ്മയ (30), മകന്‍ നാലര വയസുകാരനായ ദക്ഷ് എന്നിവരെയാണ് നാട്ടിക ബീച്ച് തെക്കിനിയേടത്ത് വിജേഷ് കൊലപ്പെടുത്തിയത്. മുറിയുടെ വാതിൽ അകത്ത് നിന്നും പൂട്ടിയ ശേഷമായിരുന്നു കൊലപാതകം. ഭാര്യക്ക് ആൺ സുഹൃത്തുക്കളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് വിജേഷും വിസ്മയയും തമ്മിൽ അകൽച്ചയിലായിരുന്നു.ഭർത്താവുമായി പിണങ്ങി വിസ്മയ മത്സ്യത്തൊഴിലാളിയായ സഹോദരനും അമ്മയോടുമൊപ്പം വലപ്പാട് ജി.ഡി.എം. സ്കൂളിനടുത്ത് താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച ഇരുവരുടേയും ബന്ധുക്കൾ വലപ്പാട് പൊലീസ് സ്റ്റേഷനിൽ പോയി പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയും ഒന്നിച്ച് താമസിക്കാൻ ധാരണയാവുകയും ചെയ്തു. തൃശൂരിൽ ലോറി ഡ്രൈവറായ വിജേഷ് ആഴ്ചയിലൊരിക്കൽ വരികയും പിറ്റേന്ന് തിരിച്ചു പോകാറുമാണ് പതിവ്. പ്രശ്നങ്ങൾ പറഞ്ഞു തീർത്തതിനെ തുടർന്ന് വിജേഷും വിസ്മയയുടെ വീട്ടിൽ ഉണ്ടായിരുന്നു. എന്നാൽ പുലർച്ചെ ഒന്നരയോടെ വിസ്മയയുടെ നിലവിളികേട്ട് സഹോദരൻ വികാസ് വാതിൽ തള്ളിത്തുറന്നപ്പോൾ കണ്ട് ചോരയൊലിച്ച് പുറത്തേയ്ക്ക് ഓടുകയായിരുന്ന വിസ്മയയെ ആണ്.നിലവിളിച്ച് കൊണ്ട് ഏകദേശം അമ്പത് മീറ്റർ ദൂരം ഓടി വിസ്മയ റോഡിൽ തളർന്നു വീണു. സഹോദരനും അയൽവാസികളും ചേർന്ന് ഉടനെ തന്നെ യുവതിയെ വലപ്പാട് സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യാത്രാമധ്യേ 'എന്റെ മോനെ നോക്കണം' എന്ന് ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിസ്മയ മരിച്ചുവെന്ന വിവരം ഡോക്ടർമാർ സ്ഥിരീകരിച്ചു. തിരിച്ചെത്തിയ നാട്ടുകാർ വീട്ടിലേക്ക് നോക്കിയപ്പോൾ ഇവരുടെ കിടപ്പുമുറിയുടെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിജേഷിനെ വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. വാതിൽ തള്ളി തുറന്നപ്പോൾ കുഞ്ഞും വിജഷും ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലായിരുന്നു.ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വിജേഷ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിജേഷിൻ്റെ കഴുത്തിൽ നിന്നും മുറിവേറ്റ് രക്തം വാർന്ന് പോയിരുന്നു. ദക്ഷിനെ വലപ്പാട് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലും വിജേഷിനെ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ ദക്ഷ് മരണപ്പെട്ടു. വലപ്പാട് ബീച്ച് പരേതനായ വിക്രഞ്ചേരി മണികണ്ഠന്റെ മകളാണ് വിസ്മയ. അമ്മ കനക. കഴുത്ത് മുറിച്ച് ഗുരതരാവസ്ഥയിലുള്ള വിജേഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.