കൊണാട്ട് പ്ലെയിസിലെ തിരംഗ യാത്ര: `കച്ചവടക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കും'; അടിയന്തര ഇടപെടലിന് തയ്യാറാകാതെ സുപ്രീംകോടതി
ദില്ലി: കൊണാട്ട് പ്ലെയിസിൽ കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാർക്ക് തിരിച്ചടിയായാൽ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി

ദില്ലി: കൊണാട്ട് പ്ലെയിസിൽ കോക്ക്റോച്ച് ജനത പാർട്ടി പ്രഖ്യാപിച്ച തിരംഗ യാത്രയിൽ അടിയന്തര ഇടപെലിന് തയ്യാറാകാതെ സുപ്രീംകോടതി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സമരം കച്ചവടക്കാർക്ക് തിരിച്ചടിയായാൽ പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജൂഡീഷ്യറിക്കെതിരായ പരാമർശത്തിൽ ശിവസേന നേതാവ് സഞ്ജയ് റൗത്തിനോട് വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചു.കൊണാട്ട് പ്ലെയിസിൽ ഇന്ന് കോക്ക്റോച്ച് ജനത പാർട്ടി നടത്തുന്ന തിരംഗ യാത്ര തടയണം എന്ന ആവശ്യം സ്ഥലത്തെ വ്യാപാരികൾക്കായി അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്റായി ആണ് സുപ്രീംകോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിൽ അല്ലേയെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്ല്യ ബാഗ്ച്ചിയും ഉൾപ്പെടുന്ന ബെഞ്ച് ആരാഞ്ഞു. ചെറുകിട കച്ചവടക്കാർക്ക് ഈ ഉത്സവകാലത്താണ് വരുമാനം കിട്ടുന്നത്. ഇത് തടസ്സപ്പെട്ടാൽ നിരവധി കുടുംബങ്ങളെ ബാധിക്കും എന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. എല്ലാവർക്കും നല്ല ബുദ്ധിയുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പരാമർശിച്ചു. ഇന്ന് എന്തുണ്ടാവും എന്നത് നോക്കിയ ശേഷം 26ന് ഹർജി പരിഗണിക്കാമെന്നും ബഞ്ച് വ്യക്തമാക്കി.ഗ്യാനേഷ് കുമാറിനെതിരെ ഹർജി നൽകിയ ഒരാളുടെ പെരുമാറ്റത്തിൽ വിശദീകരണം തേടേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഇന്നലെ പറഞ്ഞിരുന്നു. ശിവസേന നേതാവ് സഞ്ജയ് റൗത്തിനാണ് കോടതി നോട്ടീസ് നൽകിയിരിക്കുന്നത്. ജഡ്ജിമാർ ബിജെപി നേതാക്കളുടെ വീടുകളിൽ അതിഥികളായി പോകുന്നു എന്നും ചില ജഡ്ജിമാർ ലണ്ടനിൽ രാഷ്ട്രീയക്കാർക്കൊപ്പം ബാഡ്മിൻ്റൺ കളിച്ചു എന്നും സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് അറ്റോണി ജനറൽ ചൂണ്ടിക്കാട്ടി സാഹചര്യത്തിലാണ് നോട്ടീസ് നൽകിയത്. പ്രതിപക്ഷത്തെ ഹർജിക്കാരിൽ ഒരാളുടെ പെരുമാറ്റം പരിശോധിക്കണം എന്ന നിരീക്ഷണം റൗത്തിനെ ഉദ്ദേശിച്ചാണെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് നൽകുന്നത്. രാഹുൽ ഗാന്ധിക്ക് കോടതിയിലേക്ക് നടന്ന മാർച്ചിൽ വിശദീകരണം തേടി കോടതി നോട്ടീസ് അയച്ചിരുന്നു. രാഹുൽ പിടിച്ചു തള്ളി എന്ന് പരാതിപ്പെട്ട് ഗർഭിണിയായ മാധ്യമപ്രവർത്തക നൽകിയ ഹർജി 26ന് പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് ഇന്ന് വ്യക്തമാക്കി. പ്രതിഷേധ റിപ്പോർട്ടിംഗിൽ മാധ്യമപ്രവർത്തകർക്ക് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഇതിനിടെ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. സമരങ്ങളുടെ ഭാഗമാകാതെ നിഷ്പക്ഷമായി നില്ക്കണമെന്നും പൊലീസ് നിർദ്ദേശങ്ങൾ പാലിക്കണമെന്നും പ്രസ് കൗൺസിൽ ആവശ്യപ്പെട്ടു.