സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തി ഒരു വർഷത്തേക്ക് പാടില്ല; അഭിജിത്ത് ദീപ്കെയെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെ
ദില്ലി: കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി അറസ്റ്റിലായ കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ ഇന്നലെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെ. സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവൃത്തിയോ ആഹ്വാനമോ ഒരു വർഷത്തേക്ക് പാടില്ലെന്ന് നിർദേശം. മാധ്യമങ്ങൾ ഉ

ദില്ലി: കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ നടക്കാനിരുന്ന പ്രതിഷേധത്തിന് മുന്നോടിയായി അറസ്റ്റിലായ കോക്റോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ ഇന്നലെ വിട്ടയച്ചത് കർശന ജാമ്യ വ്യവസ്ഥകളോടെ. സമാധാന അന്തരീക്ഷം തകർക്കുന്ന പ്രവൃത്തിയോ ആഹ്വാനമോ ഒരു വർഷത്തേക്ക് പാടില്ലെന്ന് നിർദേശം. മാധ്യമങ്ങൾ ഉപയോഗിക്കുന്നതിലടക്കം നിയന്ത്രണങ്ങളുണ്ടെന്ന് സൂചന. ജാമ്യവ്യസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നതിൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കടുത്ത അതൃപ്‌തിയറിയിച്ചു. ജാമ്യ ഉത്തരവ് ഇനിയും പുറത്ത് വന്നിട്ടില്ല. അതിനിടെ, ആദ്യ ജന്തർ മന്തർ സമരത്തിൽ സുപ്രീംകോടതി ഉന്നതാധികാര സമിതി അന്വേഷണം തുടങ്ങി. പെല്ലെറ്റ് ആക്രമണം, വനിതാപ്രവർത്തകർക്കെതിരായ മർദനം എന്നിവയിൽ തെളിവ് തേടി. വിവരങ്ങൾ അറിയിക്കാൻ വെബ്സൈറ്റ് ലഭ്യമാക്കിയിട്ടുണ്ട്.മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്നാണ് അഭിജിത്ത് ദീപ്കെയെ വിട്ടയച്ചത്. ദീപ്കെയയ്ക്ക് ജാമ്യം ലഭിച്ചതിനെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ സ്വാഗതം ചെയ്തു. ദേശീയ പതാക ഉയർത്തുക എന്നത് എക്കാലത്തും തങ്ങളുടെ അവകാശമാണെന്ന് കെജ്രിവാൾ കുറിച്ചു. ജയിൽ മോചിതനായതിന് പിന്നാലെ, തിഹാർ ജയിലിൽ റിമാൻഡിൽ കഴിയുന്ന സൗരവ് ദാസിനും അശുതോഷ് രങ്കയ്ക്കും വേണ്ടി കാത്തിരിക്കുകയാണെന്ന് ദീപ്കെ എക്സിൽ കുറിച്ചു. ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ചാണ് ദാസിനെയും രങ്കയെയും മറ്റുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇന്ന് ജയിൽ മോചിതരാകും. രണ്ടുപേർക്കും ജാമ്യം അനുവദിക്കരുതെന്ന കർശന നിലപാടിലാണ് ദില്ലി പൊലീസ്.അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ദില്ലിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടർന്നേക്കും. നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നതിനാൽ ഇന്ന് സംഘടനകൾ സമരപ്രഖ്യാപനം നടത്തിയിട്ടില്ല. ദില്ലിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന നേതാക്കളിൽ പലരും നവരാത്രി, ദസറ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.