ടൈഗർ ഷ്റോഫിന് നേരെ ആക്രമണം: വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അനിൽ പണ്ഡിറ്റ്; സൽമാൻ ഖാനും ഭീഷണി
മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിൻ്റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ്. മുംബൈയിലെ ജൂഹുവിൽ വച്ചാണ് ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അപകടത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ, സുരക്ഷ

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിൻ്റെ കാറിന് നേരെ വെടിവെയ്പ്പ് ഉണ്ടായതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘാംഗമായ ഗുണ്ടാ തലവൻ അനിൽ പണ്ഡിറ്റ്. മുംബൈയിലെ ജൂഹുവിൽ വച്ചാണ് ടൈഗർ ഷ്റോഫിന്റെ വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. അപകടത്തിൽ നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ, സുരക്ഷാ ഏജൻസികൾക്ക് ലഭിച്ച ശബ്ദസന്ദേശത്തിലൂടെയാണ് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനിൽ പണ്ഡിറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.താനും കൂട്ടാളി ഹർമാൻ സന്ധുവുമാണ് ആക്രമണത്തിന് പിന്നിലെന്ന് സന്ദേശത്തിൽ വ്യക്തമാക്കിയ അനിൽ പണ്ഡിറ്റ്, ബോളിവുഡ് സിനിമാ ലോകത്തിനും നടൻ സൽമാൻ ഖാനും കടുത്ത മുന്നറിയിപ്പും നൽകി. ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയ് സമുദായത്തോടും സൽമാൻ ഖാൻ നിരുപാധികം മാപ്പ് പറയണമെന്ന് സന്ദേശത്തിൽ ആവശ്യപ്പെടുന്നു. ലോറൻസ് ബിഷ്ണോയിയുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സിനിമാമേഖലയിലുള്ള ആരെയും വധിക്കുമെന്നും ഇതാണ് തങ്ങളുടെ ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പെന്നും അനിൽ പണ്ഡിറ്റ് ഭീഷണിപ്പെടുത്തി.ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനിൽ പണ്ഡിറ്റ് 2024-ലാണ് 'ഡങ്കി' വഴി നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കടന്നതെന്നും തുടര്‍ന്ന് ബിഷ്ണോയ് ഗാംഗിൽ ചേരുകയായിരുന്നു എന്നുമാണ് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്. നിലവിൽ അമേരിക്കയിൽ നിന്ന് പ്രവർത്തിക്കുന്ന ഹരി ചന്ദ് ജാട്ട് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പ്രവർത്തിക്കുന്നത്. ഇതിനുമുമ്പും ബോളിവുഡ് ലോകത്തെ പ്രമുഖർക്കും സംഗീതജ്ഞർക്കും നേരെ ബിഷ്ണോയ് സംഘത്തിൽ നിന്ന് സമാനമായ രീതിയിൽ ആക്രമണങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.