സൗദി അറേബ്യയിൽ വ്യാപക പരിശോധന; ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമലംഘനങ്ങൾ കണ്ടെത്തി; 34,834 പ്രവാസികൾക്കെതിരെ നടപടി
റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 13,800ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 8 മുതൽ 14 വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 13,822 നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ച

റിയാദ്: സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഒരാഴ്ചക്കിടെ 13,800ലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 8 മുതൽ 14 വരെ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് 13,822 നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. നിയമലംഘനങ്ങളിൽ 6,547 എണ്ണം ഇഖാമ നിയമ ലംഘനങ്ങളും, 3,896 എണ്ണം അതിർത്തി സുരക്ഷാ ലംഘനങ്ങളും 3,379 എണ്ണം തൊഴിൽ നിയമ ലംഘനങ്ങളുമാണ്.കഴിഞ്ഞ ആഴ്ച രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ച 2,021 പേരെ അധികൃതർ പിടികൂടി. കൂടാതെ രാജ്യത്ത് നിന്ന് അനധികൃതമായി പുറത്തുകടക്കാൻ ശ്രമിച്ച 28 പേരും അറസ്റ്റിലായിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളെ കടത്തുകയോ ഒളിപ്പിക്കുകയോ ജോലിക്ക് സഹായിക്കുകയോ ചെയ്ത 24 പേരും പിടിയിലായവരിൽ ഉൾപ്പെടുന്നു.ആകെ 34,834 പ്രവാസികളാണ് (32,433 പുരുഷന്മാരും 2,401 സ്ത്രീകളും) നിലവിൽ നിയമാനുസൃതമായ നടപടികൾ നേരിടുന്നത്. ഇതിൽ 20,190 പേർക്ക് യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് എംബസികളുമായോ കോൺസലേറ്റുകളുമായോ ബന്ധപ്പെടാൻ നിർദ്ദേശം നൽകി. 6,509 പേർക്ക് മടക്കയാത്രക്കുള്ള സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകിയപ്പോൾ, 9,454 പേരെ ഇതിനോടകം നാടുകടത്തിയതായും മന്ത്രാലയം അറിയിച്ചു.അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കും നിയമലംഘകരെ വാഹനങ്ങളിൽ കടത്തുന്നവർക്കും അഭയവും മറ്റ് സഹായങ്ങളും നൽകുന്നവർക്കും 15 വർഷം വരെ തടവും 10 ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് ഉപയോഗിച്ച വാഹനങ്ങളും അവർക്കായി അഭയം നൽകിയ വസ്തുവകകളും കണ്ടുകെട്ടുന്നതായിരിക്കും. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അറസ്റ്റ് ചെയ്യപ്പെടേണ്ട ഗൗരവമേറിയ കുറ്റങ്ങളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.സംശയകരമായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദി അറേബ്യയിലെ മറ്റ് പ്രവിശ്യകളിൽ 999 അല്ലെങ്കിൽ 996 എന്നീ നമ്പറുകളിലും വിളിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.