എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീയിട്ട പ്രതി ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടു; എബിനെ നിയന്ത്രിക്കുന്ന ബോസിനെ കണ്ടെത്താൻ പൊലീസ്
കൊച്ചി: എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീയിട്ട പ്രതി എബിൻ പോൾ ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടെന്ന് പൊലീസ്. വാളകം അമ്പലപ്പടിയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലാണ് തീയിട്ടത്. ജനുവരിയിലും മാർച്ചിലുമായി രണ്ടു തവണ തീയിട്ടു. ദൃശ്യങ്ങൾ പകർത്തി 'ബോസ്' എന്നയാളുടെ ചാറ്റിലേക്ക് അയച്ചതോടെ ഇതിനുള്ള പ്രതിഫലം ലഭിച്ചു. പിന്

കൊച്ചി: എറണാകുളത്തെ സിനഗോഗിന് മുമ്പിൽ തീയിട്ട പ്രതി എബിൻ പോൾ ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടെന്ന് പൊലീസ്. വാളകം അമ്പലപ്പടിയിൽ ആൾതാമസം ഇല്ലാത്ത വീട്ടിലാണ് തീയിട്ടത്. ജനുവരിയിലും മാർച്ചിലുമായി രണ്ടു തവണ തീയിട്ടു. ദൃശ്യങ്ങൾ പകർത്തി 'ബോസ്' എന്നയാളുടെ ചാറ്റിലേക്ക് അയച്ചതോടെ ഇതിനുള്ള പ്രതിഫലം ലഭിച്ചു. പിന്നീട് മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും തീയിട്ടു. ഓരോ തവണയും പ്രതിഫലം ഉയർത്തി വലിയ ആക്രമണത്തിന് എബിനെ ഒരുക്കുകയായിരുന്നു 'ബോസ്' എന്ന് പൊലീസ് പറയുന്നു.കേസിൽ കേന്ദ്ര ഏജൻസികൾ ഉടൻ ഇടപെട്ടേക്കും. ഫോണിലെ വിവരങ്ങൾ ലഭിച്ചാൽ ഉടൻ കേസ് കൈമാറിയേക്കും. ഇത് മുന്നിൽകണ്ട് പൊലീസ് പ്രതിയെ ഇനി തൽക്കാലം കസ്റ്റഡിയിൽ വാങ്ങില്ല. ഇന്ന് പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കും.കഴിഞ്ഞ പന്ത്രണ്ടാം തീയതി പുലർച്ചയാണ് എബിൻ പോൾ എറണാകുളം മാർക്കറ്റിൽ ഉള്ള കടവുംഭാഗം സിനഗോഗിന് മുൻപിൽ തീയിട്ടത്. എബിൻ പോളിന്റെ ഫോണിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയം ഉയർന്നത്. ബോസ് എന്ന അജ്ഞാത ചാറ്റിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാൾ ആക്രമണം നടത്തിയതെന്നും ആക്രമണം ദൃശ്യങ്ങൾ അയച്ചു കൊടുത്ത ശേഷം പണം ലഭിച്ചെന്നും കണ്ടെത്തി. പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും ഐബിയും വിവരങ്ങൾ ശേഖരിച്ചു.ബോസ് ആരാണെന്ന് കണ്ടെത്താനായുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ മുമ്പ് തീവച്ചതും എബിൻ പോൾ തന്നെയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 105 ഗ്രാം രാസലഹരിയും കണ്ടെത്തിയിരുന്നു. അതിനിടയാണ് ഇന്നലെ വൈകിട്ട് സിനഗോഗിന് മുമ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്ന് തൃപ്പൂണിത്തുറയിലും ഇയാൾ മുമ്പ് തീവച്ച മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിലും തെളിവെടുപ്പ് നടന്നു.