പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിൽ സിജെപി, ഒപ്പം ക്രൈം ബ്രാഞ്ച് അന്വേഷണവും; 'ഗ്യാനേഷ് പ്രക്ഷോഭ'ത്തിന് ഇടവേള പ്രഖ്യാപിച്ചു, വെറുപ്പിനെതിരെ പോരാട്ടം തുടരും
ദില്ലി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക് റോച്ച് ജനത പാർട്ടി. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്

ദില്ലി: ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നുവെന്ന സൂചന നല്‍കി കോക്ക് റോച്ച് ജനത പാർട്ടി. ഈ ഉത്സവകാലം പ്രതിഷേധ രംഗത്തുള്ളവര്‍ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്ന് സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തിൽ അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചതിനൊപ്പം സി ജെ പിയെ പൂട്ടാന്‍ ക്രൈംബ്രാ‍ഞ്ച് അന്വേഷണം കൂടി തുടങ്ങിയതിന് പിന്നാലെയാണ് താല്‍ക്കാലിക പിന്മാറ്റത്തിന്‍റെ സൂചന നല്‍കിയുള്ള സന്ദേശം. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്ന പീസ് ബോണ്ടിന്‍റെ അടിസ്ഥാനത്തിലാണ് ദീപ്കെയെ ജാമ്യത്തിൽ വിട്ടയച്ചതെന്ന കാര്യവും സി ജെ പിയെ പ്രതിസന്ധിയിലാക്കുന്നതാണ്.പ്രതിസന്ധികളുടെ ചക്രവ്യൂഹത്തിൽ സി ജെ പി'പ്രതിഷേധ ദിനങ്ങളില്‍ കുടുംബത്തില്‍ നിന്ന് എല്ലാവരും മാറി നിന്നു. എന്നാല്‍ ഉത്സവകാലം കുടുംബത്തോടൊപ്പം ചെലവഴിക്കണം. വെറുപ്പിനെതിരെയാണ് പോരാട്ടം. അത് തുടരും. ജയിലിലുള്ള അശുതോഷ് റങ്കയേയും, സൗരവ് ദാസിനെയും എല്ലാവരും ഓര്‍മ്മിക്കണം. ഈ ഉത്സവകാലത്ത് അവര്‍ കുടുംബത്തൊടപ്പമില്ല'. താല്‍ക്കാലിക പിന്‍വാങ്ങലിന്‍റെ സൂചന നല്‍കുന്ന ദീപ്കെ ഇനി സമര രംഗത്തേക്ക് എപ്പോള്‍ തിരികെ വരുമെന്ന് എന്ന് വ്യക്തമാക്കുന്നില്ല. ചില നേതാക്കള്‍ ജയിലില്‍, ചിലര്‍ക്ക് അനങ്ങാന്‍ പറ്റാത്ത ജാമ്യവ്യവസ്ഥ. പോരാത്തതിന് ക്രൈബ്രാഞ്ച് അന്വേഷണവും, ഫണ്ടിംഗിലടക്കം ആരോപണത്തില്‍ കേന്ദ്ര ഏജന്‍സികളുടെയും അന്വേഷണം വന്നേക്കാമെന്ന സൂചനയും. കടുത്ത സമ്മര്‍ദ്ദത്തിലായ ഘട്ടത്തിലാണ് അഭിജിത് ദീപ്കെയുടെ ഈ സന്ദേശമെന്നതും ശ്രദ്ധേയമാണ്. സി ജെ പിയുടെ ആഹ്വാനം ഏറ്റെടുത്തുള്ള മുന്നേറ്റം പ്രതിഷേധത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും ദൃശ്യമായിരുന്നില്ല. ആദ്യം ദിനം വിമാനത്തിൽ നിന്ന് തന്നെ നേതാക്കളെ കസ്റ്റഡിയിലെടുത്തതോടെ നീക്കങ്ങല്‍ പാളി. പിന്നീട് ജന്തര്‍മന്തറില്‍ അതിക്രമിച്ച് കയറിയ നേതാക്കള്‍, അവിടേക്ക് ഇതുപൊലെ കയറണമെന്ന് നല്‍കിയ ആഹ്വാനം ആരും ഏറ്റെടുത്തതുമില്ല. സി ജെ പി ആഹ്വാനം ചെയ്ത തിരംഗ മാര്‍ച്ചില്‍ സാന്നിധ്യമായത് ഇടത് പാര്‍ട്ടികള്‍ മാത്രമായിരുന്നു. ഇതിനിടെ പ്രതിഷേധിച്ച് നിരത്തിലിറങ്ങിയാല്‍ കായികമായി നേരിടുമെന്ന ഭീഷണിയുമായി ലാ‍ല്‍ ഹിറ്റ് ജനത പാര്‍ട്ടിയെന്ന കൂട്ടായ്മ രംഗത്തെത്തുകയും ചെയ്തു. തീവ്ര വലത് ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന് ആരോപണമുയര്‍ന്ന കൂട്ടായ്മ, സി ജെ പി സമരത്തിനെതിരെ പ്രതിഷേധിച്ച ദില്ലിയിലെ വ്യാപാരികളെ കൂടി ഒപ്പം ചേര്‍ത്ത് നീങ്ങാനാണ് ശ്രമിക്കുന്നത്. അശുതോഷ് റങ്കയുടെയും, സൗരവ് ദാസിന്‍റെയും ജാമ്യേപക്ഷയില്‍ എക്സി മജിസ്ട്രേറ്റ് നാളെ എന്ത് നിലപാടെടുക്കുമെന്നതും സി ജെ പിക്ക് നിര്‍ണ്ണായകമാണ്.