'നുണകൾ പ്രചരിപ്പിച്ച് തളർന്നു, വിയറ്റ്നാമിൽ കറങ്ങിയിട്ട് വരാം', കടുത്ത പരിഹാസവുമായി ബിജെപി; രാഹുലിന്റെ യാത്രയെ പിന്തുണച്ച് കോൺഗ്രസ്
ന്യൂഡൽഹി: എസ്ഐആറിനെതിനെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി. നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വ്യക്തിഗത യാത്രയ്ക്കായി വിദേശത്തേക്ക് പോയെന്ന് ആരോപിച്ചുകൊണ്ട് ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ

ന്യൂഡൽഹി: എസ്ഐആറിനെതിനെ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധങ്ങൾ തുടരുന്നതിനിടയിലുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി. നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വ്യക്തിഗത യാത്രയ്ക്കായി വിദേശത്തേക്ക് പോയെന്ന് ആരോപിച്ചുകൊണ്ട് ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചു. 'നുണകൾ പ്രചരിപ്പിച്ച് ഞാൻ തളർന്നു... കുറച്ചു ദിവസത്തേക്ക് വിയറ്റ്നാമിൽ കറങ്ങിയിട്ട് വരാം... ഇത് ആരും കണ്ടുപിടിക്കാൻ പോകുന്നില്ല!' എന്നാണ് ബി.ജെ.പി തങ്ങളുടെ പോസ്റ്റിൽ പരിഹസിച്ചത്.ബിസിനസ് ക്ലാസ് കാബിനിൽ യാത്ര ചെയ്യുന്ന നീല ടി-ഷർട്ട് ധരിച്ച ഒരാളുടെ വീഡിയോ ആണ് ബിജെപി പുറത്തുവിട്ടത്. ഇത് രാഹുൽ ഗാന്ധിയാണെന്ന് വീഡിയോയിലുള്ള മറ്റ് യാത്രക്കാർ സംസാരിക്കുന്നതും കേൾക്കാം. എന്നാൽ ഈ വീഡിയോയിലൂടെ ആ വ്യക്തിയുടെയോ യാത്രാ ലക്ഷ്യസ്ഥാനത്തിന്‍റെയോ ആധികാരികത പൂർണ്ണമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.വ്യക്തിപരമായ ആവശ്യങ്ങൾക്കായി രാഹുൽ ഗാന്ധി നാല് ദിവസത്തെ സന്ദർശനത്തിനായി വിയറ്റ്നാമിലേക്ക് പോയതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ കോൺഗ്രസിന്‍റെ 'ഗോയ് രഖോൻ യാത്ര'യിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹത്തിന്‍റെ ഈ യാത്ര. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് 'മാർച്ച് ഫോർ ഡെമോക്രസി' ഉൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര എന്നത് ശ്രദ്ധേയമാണ്.രാഹുൽ ഗാന്ധിയുടെ യാത്രയെ പിന്തുണച്ച് കോൺഗ്രസ്രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ കോൺഗ്രസ് ശക്തമായി പ്രതിരോധിച്ചു. വ്യക്തിപരമായ സമയത്ത് എവിടേക്കും യാത്ര ചെയ്യാൻ അദ്ദേഹത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് പാർട്ടി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് വ്യക്തിജീവിതത്തോടൊപ്പം പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളുമുണ്ട്. വിദേശയാത്രകളിൽ അദ്ദേഹം വിദ്യാർത്ഥികളേയും ബുദ്ധിജീവികളേയും കാണാറുണ്ടെന്നും രാജ്യത്തിന് പ്രയോജനകരമായ കാര്യങ്ങളാണ് ചെയ്യാറുള്ളതെന്നും കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പ്രതികരിച്ചു. മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാറുണ്ടെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിന് തയ്യാറാകാറുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ വർഷത്തെ പാർലമെന്‍റ് വർഷകാല സമ്മേളനത്തിനിടയിലെ പ്രധാനമന്ത്രിയുടെ വിദേശയാത്രകളെയും അദ്ദേഹം ചോദ്യം ചെയ്തു.