41 പന്തില് 91! പൊട്ടിക്കരഞ്ഞ് ഹര്മൻ, സമ്മർദങ്ങളെ മറികടന്ന ഇന്നിങ്സ്
എനിക്ക് ഹിമാൻഷു ഭയ്യയോടാണ് നന്ദി പറയാനുള്ളത്, എന്റെ ബാറ്റിങ് മെച്ചപ്പെടാൻ അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഇന്നത്തെ പ്രകടനം പൂര്‍ണമായും അദ്ദേഹത്തിനുള്ളതാണ്, എനിക്ക് കൂടുതല്‍ സ്വതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാൻ കഴിഞ്ഞു...പ്രതികരണം മുഴുവനാക്കാതെ മൈക്ക് ഒഴിവാക്കി വിതുമ്പിക്കൊണ്ട് ഹര്&zw

എനിക്ക് ഹിമാൻഷു ഭയ്യയോടാണ് നന്ദി പറയാനുള്ളത്, എന്റെ ബാറ്റിങ് മെച്ചപ്പെടാൻ അദ്ദേഹം ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്, ഇന്നത്തെ പ്രകടനം പൂര്‍ണമായും അദ്ദേഹത്തിനുള്ളതാണ്, എനിക്ക് കൂടുതല്‍ സ്വതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാൻ കഴിഞ്ഞു...പ്രതികരണം മുഴുവനാക്കാതെ മൈക്ക് ഒഴിവാക്കി വിതുമ്പിക്കൊണ്ട് ഹര്‍മൻപ്രീത് കൗര്‍ ക്യാമറ ഫ്രെയിമിന് പുറത്തേക്ക് മാറി. ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ഹര്‍മനോളം മെന്റലി ടഫായൊരു താരത്തെ കണ്ടെത്തുക പ്രയാസമാണ്. ഒരുപക്ഷേ, ഇന്ത്യ ലോകകപ്പ് നേടിയ രാത്രിയിലായിരിക്കാം ഹര്‍മനെ ഇത്രയധികം ഇമോഷണലായി ലോകം കണ്ടിട്ടുണ്ടാകുക. റായ്‌പൂരിലെ ഇന്നലത്തെ രാത്രി അവര്‍ക്ക് അത്രയധികം പ്രധാനപ്പെട്ടതായിരുന്നു...വൈകാരികമായിരുന്നു...വനിത ഏഷ്യ കപ്പില്‍ ആകെ നേടിയത് 71 റണ്‍സ്, അതും 91 സ്ട്രൈക്ക് റേറ്റില്‍. ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തപ്പോഴാണ് ഹര്‍മന്റെ പരാജയം. ഏഷ്യൻ ഗെയിംസില്‍ ഒര്‍ത്തുവെക്കാൻ ബംഗ്ലാദേശിനെതിരായ ഇന്നിങ്സ് മാത്രമാണുണ്ടായത്. അവസാന പത്ത് മത്സരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും ആ ബാറ്റിന് കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാത്തിനും ഉപരി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം സ്മൃതിക്ക് കൈമാറേണ്ടതായും വന്നു...ടീമിലെ ഹര്‍മന്റെ സ്ഥാനം ഏറെ നാളായി ചോദ്യം ചെയ്യപ്പെടുന്നുണ്ടായിരുന്നു, കാരണം മോശം ഫോം തന്നെയാണ്, ഇതിനൊപ്പം ക്യാപ്റ്റൻസി നഷ്ടമായത് കരിയറിനെ വല്ലാത്തൊരു ചുഴിയിലേക്കാണ് നയിച്ചത്. റണ്‍സുകൊണ്ട് മാത്രമെ നിലനില്‍ക്കാൻ കഴിയുവെന്ന യാഥാര്‍ത്ഥ്യം ഹര്‍മനേയും ഒടുവില്‍ തേടിയെത്തി. ഒന്നും എളുപ്പമായിരുന്നില്ല, എല്ലാം തിരിച്ചുപിടിക്കാനുള്ള അവസരമായിരുന്നു സിംബാബ്‌വെ സീരിസ്, എന്നാല്‍ ആദ്യ ടി20യില്‍ നാല് പന്തില്‍ ഒരു റണ്‍സ്, രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാൻ അവസരവുമുണ്ടായില്ല.ഒരുപരാജയം കൂടി സംഭവിച്ചാല്‍ അത് ഹര്‍മന്റെ കരിയറിനെ മാത്രമല്ല, വ്യക്തിപരമായും ബാധിക്കുമായിരുന്നു. 68-2 എന്ന ഭേദപ്പെട്ട നിലയില്‍ ഇന്ത്യ തുടരവെയാണ് ഹര്‍മൻ ക്രീസിലേക്ക് എത്തുന്നത്. ടി20യിലെ ഹര്‍മന്റെ സ്ലോ സ്റ്റാര്‍ട്ടുകള്‍ ഏറെക്കാലമായി ഇന്ത്യയുടെ സ്കോറിങ്ങിനെ ബാധിക്കുന്ന ഘടകമാണ്. ഇത്തരം തുടക്കങ്ങള്‍ വലിയ ഒരു സ്കോറിലേക്ക് എത്തിക്കുന്നതില്‍ ഹര്‍മൻ പരാജയപ്പെടുന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം.ഇവിടെയും വ്യത്യസ്തമായില്ല, നേരിട്ട രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി നേടിയെങ്കിലും പിന്നീട് അഞ്ച് ഓവറുകള്‍ ആ ബാറ്റ് നിശബ്ദമായി തുടര്‍ന്നു. ഹര്‍മന്റെ സ്കോര്‍ 11 പന്തില്‍ 11 റണ്‍സ്. എന്നാല്‍ 14-ാം ഓവറില്‍ ഹര്‍മൻ തിരുത്തുകയാണ്. കു‌ദ്‌സായി ചിഗോരയെ ബൗണ്ടറിയോടെ വരവേറ്റ് രണ്ട് വീതം ഫോറും സിക്സും ഉള്‍പ്പെടെ 20 റണ്‍സ്. സിബാന്ദയുടെ ഫുള്‍ ലെങ്ത് പന്തുകളെല്ലാം പരസ്യബോര്‍ഡുകള്‍തൊട്ടു, 11 പന്തില്‍ 11ല്‍ നിന്ന് 25 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലേക്ക്, എ ക്ലാസിക്ക് ഹര്‍മൻ ഷിഫ്റ്റ്.പക്ഷേ, നാഴികക്കല്ല് തൊട്ടതിന് പിന്നാലെയായിരുന്നു ഹര്‍മൻ തന്റെ മൂല്യം ഒരിക്കല്‍ക്കൂടി ഓര്‍മപ്പെടുത്തിയത്. പതിവുപോലെ ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ പരാജയപ്പെടുകയായിരുന്നു ഒരുവശത്ത്, റിച്ചാ ഘോഷും ദീപ്തി ശര്‍മയും അരുന്ധതി റെഡ്ഡിയുമൊക്കെ അഞ്ച് റണ്‍സ് പോലും തികയ്ക്കാൻ കഴിയാതെ ഡഗൗട്ടിലെത്തി. ഷഫാലി പുറത്താകുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 152, ഹര്‍മനപ്പോള്‍ 36ല്‍ നില്‍ക്കുകയാണ്. ശേഷം ഇന്ത്യ സ്കോര്‍ ചെയ്ത റണ്‍സ് 65 റണ്‍സാണ്. ഇതില്‍ 55 റണ്‍സും ഹര്‍മന്റെ ബാറ്റില്‍ നിന്നായിരുന്നു.അവസാന നാല് ഓവറില്‍ 16 പന്തുകളാണ് ഹര്‍മൻ ഫേസ് ചെയ്തത്, 41 റണ്‍സായിരുന്നു നേട്ടം. ആകെ 41 പന്തില്‍ 91 റണ്‍സ്, പത്ത് ഫോറും അഞ്ച് സിക്സും. ഇനി സമ്മര്‍ദങ്ങള്‍ക്കൊന്നും കീഴ്പ്പെടാനില്ല, ക്രിക്കറ്റ് ആസ്വദിക്കുക മാത്രമാണ് ലക്ഷ്യം...അതാണ് എനിക്ക് ചെയ്യാനും ആഗ്രഹം...കളിയിലെ താരത്തിന്റെ പുരസ്കാരവും നേടി ഹര്‍മൻ മടങ്ങി...താൻ തുടരുമെന്ന പ്രഖ്യാപനം കൂടിയുണ്ടായിരുന്നു റായ്പൂരിലെ ഇന്നിങ്സില്‍.