ടൈഗർ ഷ്റോഫ് അല്ല, അക്രമികൾ മുംബൈയിൽ എത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ട്; മുംബൈ വെടിവെപ്പിൽ നിർണായക വിവരങ്ങൾ പുറത്ത്
മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികൾ മുംബൈയിൽ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നടന് നേരേ വെടിയുതിർത്തവരെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധര

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരേയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുകൾ പുറത്ത്. ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ടല്ല അക്രമികൾ മുംബൈയിൽ എത്തിയതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നടന് നേരേ വെടിയുതിർത്തവരെ ചോദ്യംചെയ്തതോടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തത്.ഞായറാഴ്ച വൈകിട്ടാണ് നടൻ ടൈഗർ ഷ്റോഫിന് നേരേ വെടിവെപ്പുണ്ടായത്. മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് കാറിൽ മടങ്ങുന്നതിനിടെ അക്രമികൾ നടന് നേരേ വെടിയുതിർക്കുകയായിരുന്നു. ഹരിയാണ സ്വദേശികളായ ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് ടൈഗർ ഷ്റോഫിന് നേരേ വെടിയുതിർത്തത്. മൂന്ന് പ്രതികളെയും കഴിഞ്ഞദിവസം രാജസ്ഥാനിൽവെച്ച് പൊലീസ് പിടികൂടിയിരുന്നു.അതേസമയം, അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യംചെയ്തതോടെയാണ് ഇവർ മുംബൈയിലെത്തിയത് മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് വ്യക്തമായത്. ഈ ഉന്നതനെ വധിക്കാനായി ഇദ്ദേഹം പതിവായി സഞ്ചരിക്കുന്ന വഴിയിലടക്കം അക്രമികൾ എത്തിയിരുന്നു. എന്നാൽ, ഉന്നതനെ നേരിടുക എളുപ്പമല്ലെന്ന് അക്രമിസംഘത്തിന് ബോധ്യമായി. ഇതിനിടെയാണ് ടൈഗർ ഷ്റോഫിന്റെ ആരാധകർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത റീലുകൾ അക്രമികൾ ശ്രദ്ധിച്ചത്. നടന് പൊലീസ് സംരക്ഷണമില്ലെന്ന് റീലുകളിൽനിന്ന് വ്യക്തമായതോടെയാണ് അക്രമികൾ ടൈഗർ ഷ്റോഫിനെ ലക്ഷ്യമിട്ട് നീങ്ങിയതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.ടൈഗർ ഷ്റോഫിനെ കൊലപ്പെടുത്തി ബോളിവുഡിൽ ഭീതി സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ ശ്രമം. നടൻ കാറിൽ മടങ്ങുന്നതിനിടെ ഏഴ് തവണയാണ് അക്രമികൾ വെടിയുതിർത്തത്. കൂടുതൽ തവണ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും തോക്ക് തകരാറിലായി. വെടിവെപ്പിൽ നടനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. അതിസാഹസികമായാണ് ഇരുവരും അക്രമികളിൽനിന്ന് കാറിൽ രക്ഷപ്പെട്ടത്.അതിനിടെ, ടൈഗർ ഷ്റോഫിന് നേരേ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളടക്കം നാലുപേരെ കൂടി അറസ്റ്റ് ചെയ്തു. കുനാൽ, സുമതി, രാധ, ബബിത എന്നിവരെയാണ് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പൊലീസിന് കൈമാറി.കുനാലും സുമിത്തുമാണ് അക്രമികൾക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകൾ മുംബൈയിലെ ദാദറിലെത്തി അക്രമികൾക്ക് കൈമാറിയതെന്നും പൊലീസ് പറഞ്ഞു.ടൈഗർ ഷ്റോഫിന് നേരേ നടന്ന വധശ്രമത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്ണോയിയുടെ അധോലോകസംഘം ഏറ്റെടുത്തിട്ടുണ്ട്. അനിൽ പണ്ഡിറ്റ് എന്ന് പരിചയപ്പെടുത്തിയ ആളാണ് ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമാണെന്നും ടൈഗർ ഷ്റോഫിനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് തങ്ങളാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയത്. നടൻ സൽമാൻ ഖാനുമായി സഹകരിച്ചതിനാണ് ടൈഗർ ഷ്റോഫിനെ കൊല്ലാൻ ശ്രമിച്ചതെന്നും സൽമാൻ ഖാനുമായി സഹകരിക്കുന്ന സിനിമാ മേഖലയിലെ മുഴുവൻ പേരെയും കൊലപ്പെടുത്തുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.50,000 രൂപയും വിദേശജോലിയും വാഗ്ദാനം ചെയ്താണ് ബിഷ്ണോയ് സംഘം അക്രമികളായ മൂന്ന് യുവാക്കളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ബിഷ്ണോയി സംഘത്തിന്റെ കൃത്യമായ നിർദേശങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. വെടിവെപ്പിന് പിന്നാലെ അക്രമികൾ ഇവരെ വിവരമറിയിച്ചതായും ഇതിനുശേഷമാണ് മുംബൈയിൽനിന്ന് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.