അരലിറ്റർ വാങ്ങി കഴിച്ച ശേഷം തിരികെയെത്തി, ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മോഷ്ടിച്ചത് ഒരു കെയ്സ് വിദേശമദ്യം!
തിരുവനന്തപുരം: വെള്ളറടയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും ഒരു കെയ്സ് മദ്യം മോഷ്ടിച്ച പ്രതികൾ പിടിയിൽ. പെരുങ്കുന്നം സ്വദേശി അജയകുമാര്‍ (40), അമരവിള സ്വദേശി എബിന്‍ (31) എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.രണ്ടംഗ സംഘം ആദ്യം വെള്ളറട ബിവറേജസില്‍ ന

തിരുവനന്തപുരം: വെള്ളറടയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും ഒരു കെയ്സ് മദ്യം മോഷ്ടിച്ച പ്രതികൾ പിടിയിൽ. പെരുങ്കുന്നം സ്വദേശി അജയകുമാര്‍ (40), അമരവിള സ്വദേശി എബിന്‍ (31) എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.രണ്ടംഗ സംഘം ആദ്യം വെള്ളറട ബിവറേജസില്‍ നിന്ന് അരലിറ്റർ വിദേശമദ്യം വാങ്ങി മടങ്ങി. ഇത് കുടിച്ചശേഷം തിരികെ വീണ്ടും മദ്യം വാങ്ങാന്‍ എത്തിയപ്പോൾ ബിവറേജ് ഔട്ട്ലറ്റിലേക്ക് വന്ന ലോഡിറക്കുന്ന തിരക്കായിരുന്നു. കയറ്റിറക്ക് തൊഴിലാളികള്‍ മദ്യം ഉൾപ്പെട്ട കെയ്സ് ലോറിയില്‍ നിന്ന് ഇറക്കി വച്ച ശേഷമാണ് ഔട്ട്ലറ്റിലേക്ക് കയറ്റിയിരുന്നത്. ഇത് മനസിലാക്കിയ പ്രതികൾ തൊഴിലാളികളുടെയും ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് ഒരു കെയ്‌സ് നിറയെ വിദേശമദ്യവും എടുത്ത് മുങ്ങുകയായിരുന്നു.ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പ്രതികളെ തേടി പൊലീസ് സംഘം എത്തിയപ്പോള്‍ ഒരു കെയ്‌സ് മദ്യം കൂട്ടാളികള്‍ക്ക് ഒപ്പം ഇരുന്ന് കുടിച്ചുതീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എസ്ഐ മനോജ്, സിവില്‍ പൊലീസുകാരായ അഖിലേഷ്, ദീപു, ദുനിഷ് അടങ്ങുന്ന സംഘമാണ് രണ്ടംഗ സംഘത്തെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.