ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, ഗൃഹനാഥൻ അറസ്റ്റിൽ
വീയപുരം: ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാർത്തികപ്പള്ളി ചെറുതന ശ്യാം നിവാസിൽ ശ്യാംകുമാറിനെയാണ് (42) വീയപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ഭാര്യയെ ഉപദ്രവിക്കുന്നതായി സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്ന് അന്വേഷിക

വീയപുരം: ഭാര്യയെ മർദിക്കുന്നത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കാർത്തികപ്പള്ളി ചെറുതന ശ്യാം നിവാസിൽ ശ്യാംകുമാറിനെയാണ് (42) വീയപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം. ഭാര്യയെ ഉപദ്രവിക്കുന്നതായി സ്റ്റേഷനിൽ ലഭിച്ച വിവരത്തെത്തുടർന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. പ്രതിയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ജീപ്പിലേക്ക് കയറ്റുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ജീപ്പിൽ കയറാൻ വിസമ്മതിച്ച പ്രതി ബലപ്രയോഗത്തിലൂടെ വീയപുരം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സേതുനാഥിന്‍റെ വലതുകൈയിലെ ചെറുവിരൽ പിടിച്ചുതിരിച്ചു. ഉദ്യോഗസ്ഥന്‍റെ വിരലിലെ ലിഗമെന്റിന് പരിക്കേറ്റിട്ടുണ്ട്.ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. വീയപുരം എസ് എച്ച് ഒ ഷൈജ ഇ എസ്സിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ദിലീപ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സേതുനാഥ്, ശരത്ത്കുമാർ, വിമൽ, സി പി ഒ ദിനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.