തേനി ജയിൽചാട്ടം: 17ാമത്തെ പ്രതിയും പിടിയിലായി, 7 വകുപ്പുകൾ കൂടി ചുമത്തി കേസെടുത്തു, സഹായം ലഭിച്ചോയെന്നും അന്വേഷണം
ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട എല്ലാ പ്രതികളും പിടിയിലായി. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലിൽ നിന്നും തടവ് ചാടിയ എല്ലാരെയും പോലീസ് പിടികൂടി. 17 പേരാണ് തിങ്കളാഴ്ച രാത്രി ജയിൽ ചാടിയത്. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലിൽ നിന്നും രക്ഷപെട്ടതിൽ മധുര സ്വദേശികളായ തിരുപ്പ

ചെന്നൈ: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽ നിന്ന് രക്ഷപ്പെട്ട എല്ലാ പ്രതികളും പിടിയിലായി. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലിൽ നിന്നും തടവ് ചാടിയ എല്ലാരെയും പോലീസ് പിടികൂടി. 17 പേരാണ് തിങ്കളാഴ്ച രാത്രി ജയിൽ ചാടിയത്. ആണ്ടിപ്പെട്ടിയിലുള്ള തേനി ജില്ല ജയിലിൽ നിന്നും രക്ഷപെട്ടതിൽ മധുര സ്വദേശികളായ തിരുപ്പതി, മീനാക്ഷി സുന്ദരം, പൊൻമുത്തു ശെൽവം, കന്യാകുമാരി സ്വദേശി റെജിൻ എന്നിവരാണ് ഇന്ന് പിടിയിലായത്. രക്ഷപ്പെട്ട 17 പേരിൽ 13 പേരെ ഇന്നലെ പിടികൂടിയിരുന്നു.ജയിലിന് പിൻഭാഗത്തുള്ള അമച്ചിയാപുരം വനമേഖലയിൽ നിന്നാണ് പൊലീസ് പത്തു പേരെ കണ്ടെത്തിയത്. ഇന്ന് പിടിയിലായ രണ്ടുപേരെയും ഇതേ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്. അവസാനം പിടിയിലായ മധുര സ്വദേശികളും സഹോദരന്മാരുമായ തിരുപ്പതിയെയും മീനാക്ഷി സുന്ദരത്തെയും ചിന്നമന്നൂരിന് സമീപത്തു നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. വനത്തിൽ നിന്നും ഇറങ്ങി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ആണ് ഇരുവരും പിടിയിലായത്.ഇന്നലെ ആദ്യം പിടിയിലായ അഞ്ചു പേരെ ആണ്ടിപ്പെട്ടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തേനി ജില്ല ജയിലിൽ തന്നെയാണ് ഇവരെ വീണ്ടും പാർപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ള എട്ടു പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിടിയിലായ എല്ലാവരുടെയും പേരിൽ ഒന്നിലധികം കേസുകളുണ്ട്. ജയിൽ ചാടിയതിനും സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും 7 വകുപ്പുകൾ ചുമത്തി പുതിയ കേസും എടുത്തിട്ടുണ്ട്. കൂട്ടത്തോടെ രക്ഷപെടാൻ തടവുകാർക്ക് ജയിൽ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.334 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. സംഭവം നടക്കുമ്പോൾ തടവുകാരുടെ എണ്ണത്തിനനുസരിച്ച് എട്ടുപേർ ഡ്യൂട്ടിയിലുണ്ടാകേണ്ട സ്ഥലത്ത് നാലു പേ‍ർ മാത്രമാണുണ്ടായിരുന്നത്. അഞ്ചു പേരാണ് അന്നേ ദിവസം ആകെ ഹാജരായത്. തോക്ക് ഉപയോഗിക്കാൻ അറിയാത്ത ഉദ്യോഗസ്ഥരെയാണ് കാവലിന് നിയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ തടവ് ചാടിയത് 50ലധികം പേരാണെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തി. എന്നാൽ പോലീസ് ഇക്കാര്യം നിഷേധിച്ചു.