രോഹിതിന്റെ ലക്ഷ്യം ലോകകപ്പ്! മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസി ഉചിതമായ തീരുമാനമോ?
ഹാർദിക്ക് പാണ്ഡ്യയുടെ റീഎൻട്രി, ക്യാപ്റ്റൻസി ഡിമാൻഡും. വൈകാതെ രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് മുംബൈ ഇന്ത്യൻസ് നീക്കം ചെയ്യുകയാണ്. ഇവിടെ ആദ്യ പകുതി അവസാനിക്കുന്നു. രണ്ടാം പകുതി ആരംഭിക്കുന്നത് രോഹിതിന്റെ കീഴില്‍ ഇന്ത്യ 2024 ടി20 ലോകകിരീടം ഉയർത്തുന്നിടത്താണ്, ശേഷം 2025ല്‍ മറ്റൊരു ഐസിസി ടൈറ്റില

ഹാർദിക്ക് പാണ്ഡ്യയുടെ റീഎൻട്രി, ക്യാപ്റ്റൻസി ഡിമാൻഡും. വൈകാതെ രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് മുംബൈ ഇന്ത്യൻസ് നീക്കം ചെയ്യുകയാണ്. ഇവിടെ ആദ്യ പകുതി അവസാനിക്കുന്നു. രണ്ടാം പകുതി ആരംഭിക്കുന്നത് രോഹിതിന്റെ കീഴില്‍ ഇന്ത്യ 2024 ടി20 ലോകകിരീടം ഉയർത്തുന്നിടത്താണ്, ശേഷം 2025ല്‍ മറ്റൊരു ഐസിസി ടൈറ്റില്‍, ചാമ്പ്യൻസ് ട്രോഫി.രോഹിതിന്റെ ക്യാപ്റ്റൻസി കരിയർ ഐതിഹാസികമാകുമ്പോള്‍ മറുവശത്ത് കരുത്തുറ്റ ഒരു ടീമുണ്ടായിട്ടും ഹാർദിക്കെന്ന നായകൻ പരാജയപ്പെടുകയാണ്. മൂന്ന് രണ്ട് സീസണിലും പോയിന്റ് പട്ടികയുടെ അടിത്തട്ടില്‍. എല്ലാത്തിനും ഒടുവില്‍ രോഹിതിനോട് മാനേജ്മെന്റിന്റെ അഭ്യർത്ഥന, ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കണമെന്ന്. പിന്നീടെന്താണ് സംഭവിക്കുന്നത്.മുംബൈയുടെ പരിശീലകസംഘം ഉടച്ചുവാർക്കപ്പെടുകയാണ്, വന്നവരെല്ലാം രോഹിതിന്റെ പ്രിയപ്പെട്ടവർ. പൊള്ളാർഡ്, ഉത്തപ്പ, മക്ലെനഗൻ, കുല്‍ക്കർണി, ടി ദീലീപ്. ട്രേഡ് സാധ്യമായില്ലെങ്കില്‍ രോഹിതിന്റെ കീഴില്‍ കളിക്കാമെന്ന് ഹാർദിക്ക് വരെ സമ്മതിച്ചിരിക്കുന്നു. കാലം എല്ലാം തിരുത്തിയത് പോലെ. അബ്‌സല്യൂട്ട് സിനിമ.മൈതാനത്തിന് പുറത്ത് മുംബൈ ഇന്ത്യൻസില്‍ സംഭവിച്ചതിനെല്ലാം സിനിമാറ്റിക്ക് ഇവന്റുകളുടെ സ്റ്റൈലുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല, എങ്കിലും 2027 ഐപിഎല്‍ സീസണില്‍ രോഹിത് മുംബൈയെ നയിക്കുമെന്നാണ് സൂചനകള്‍. പ്രായത്തെയോ രോഹിതെന്ന നായകന്റെ എബിലിറ്റികളെയോ ചോദ്യം ചെയ്യുന്നില്സ. പക്ഷേ, രോഹിതിനെ നായകനാക്കുക എന്ന തീരുമാനം ഉചിതമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്2027 ഐപിഎല്‍ പുരോഗമിക്കുമ്പോള്‍ രോഹിതിന്റെ പ്രായം 40 കടക്കും. രോഹിത് മുംബൈയുടെ ബ്ലൂ ആൻഡ് ഗോള്‍ഡില്‍ എത്ര കാലം ഇനിയും കളിക്കുമെന്നതില്‍ വ്യക്തതയില്ല. ടീം പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ഷോർട്ട് ടേം സൊലൂഷനാണോ വേണ്ടതെന്നാണ് ചോദ്യം. പക്ഷേ, ഇവിടെ മാനേജ്മെന്റ് കണ്ട മറ്റൊരു കാര്യമുണ്ട്.ഹാർദിക്കിന്റെ കീഴില്‍ മുംബൈ ഇനി കളിക്കേണ്ടതില്ല എന്ന് മാനേജ്മെന്റ് ഉറപ്പാക്കി കഴിഞ്ഞു. പകരമാര്, ഉത്തരം നിരവധിയുണ്ട്. 2026 ടി20 ലോകകപ്പ് ഇന്ത്യക്ക് നേടിത്തന്ന സൂര്യകുമാര്‍ യാദവ്, മറ്റ് സീനിയർ താരങ്ങളായ ജസ്പ്രിത് ബുമ്രയും മിച്ചല്‍ സാന്റനറും, ഒപ്പം ഭാവിതാരമായി വിലയിരുത്തപ്പെടുന്ന തിലക് വർമ.നിലവില്‍ ആഭ്യന്തര സര്‍ക്യൂട്ടുകളില്‍ നിന്ന് പോലും തഴയപ്പെട്ട് നില്‍ക്കുന്ന താരമാണ് സൂര്യ. ബുമ്രയാകട്ടെ പരിക്ക് നിരന്തരം വേട്ടയാടുന്നൊരാള്‍. സാന്റനര്‍ വിദേശ താരമായതിനാല്‍ ടീമില്‍ സ്ഥിരസാന്നിധ്യമാകാനുള്ള സാധ്യതയും വിരളമാണ്. മുംബൈയുടെ ഭാവി പരിശോധിക്കുമ്പോള്‍ ഏറ്റവും ഉചിതമായ തിരഞ്ഞെടുപ്പ് തിലകാണ്, നിലവില്‍ ഇന്ത്യൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റൻ. രോഹിത് മാനേജ്മെന്റിന് നിര്‍ദേശിച്ച പേരും തിലകിന്റേതായിരുന്നു. പക്ഷേ, മാനേജ്മെന്റ് അതിന് തയാറായില്ല.അതിനും ചില കാരണങ്ങളുണ്ട്. മുംബൈയെ ഐപിഎല്ലിലെ തന്നെ ഏറ്റവും സ്റ്റാർ സ്റ്റഡഡായ ടീമാണ്. കൂടുതലും സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെട്ട സംഘം. രോഹിതിനെ മാറ്റി ഹാർദിക്കിനെ നായകനാക്കിയപ്പോള്‍ സംഭവിച്ചതെന്തൊക്കെയാണെന്ന് കഴിഞ്ഞ മൂന്ന് സീസണിലേക്ക് തിരിഞ്ഞുനോക്കിയാല്‍ കാണാനാകും. അതുപോലെ ഒന്നുകൂടി ആവർത്തിക്കുക എന്നത് അഞ്ച് കിരീടങ്ങളുള്ള ഫ്രാഞ്ചൈസിയെ സംബന്ധിച്ച് നാണക്കേടുളവാക്കുന്നതാണ്.രോഹിത് നായകനായി മടങ്ങിയെത്തുമ്പോള്‍ അത്തരം പ്രശ്നങ്ങളെയൊക്കെ മറികടക്കാൻ മാനേജ്മെന്റിന് സാധിക്കും. 2027 സീസണിലേക്ക് മാത്രമായിരിക്കും ഒരുപക്ഷേ രോഹിത് നായകനായി എത്തുക, 2028 സീസണിന് മുന്നോടിയായി മെഗാ ലേലം നടക്കാനിരിക്കുകയാണ്. ടീമിനെ ഉടച്ചുവാര്‍ക്കാനും പുതിയ നായകനെ കണ്ടെത്താനും ലേലത്തിലൂടെ കഴിഞ്ഞേക്കും. രോഹിതിന്റെ നായകപദവിയെ ഒരു ഷോർട്ട് ടേം ക്രൈസിസ് മാനേജരായും കാണാനാകും. തിലകാണ് ഭാവി നായകനെങ്കില്‍ ഗ്രൂം ചെയ്തെടുക്കാനും രോഹിതിനാകും.എന്നാല്‍ ഇത് രോഹിതിന് അത്ര പോസീറ്റീവായ കാര്യമാണോയെന്നാണ് മറ്റൊരു ചോദ്യം. കരിയറിന്റെ സായാഹ്നത്തിലേക്ക് എത്തുന്ന രോഹിതിന്റെ അള്‍ട്ടിമേറ്റ് ഗോള്‍ എന്താണെന്ന് വ്യക്തമാണ്, അത് 2027 ഏകദിന ലോകകപ്പാണ്, ഐപിഎല്‍ 2027 അല്ല. കഴിഞ്ഞ ഐപിഎല്ലിനിടെയാണ് രോഹിതിന്റെ ഹാം സ്ട്രീങ് ഇഞ്ചുറി സംഭവിക്കുന്നത്, ശേഷം മത്സരങ്ങള്‍ നഷ്ടമാകുകയും പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഇംപാക്റ്റ് പ്ലെയറായാണ് രോഹിത് കളിച്ചതും.ടി20, ടെസ്റ്റ് ഫോർമാറ്റുകളില്‍ നിന്ന് വിരമിച്ചതിനാലും ഏകദിന പരമ്പരകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളയും രോഹിതിന്റെ ഇഞ്ചുറി സാധ്യതകള്‍ കുറയ്ക്കുന്ന ഘടകമാണ്, കാരണം വർക്ക് ലോഡ് കുറവാണ്. മാസങ്ങള്‍ കൂടുമ്പോഴാണ് ഒരു പരമ്പര. പക്ഷേ ഐപിഎല്ലിലേക്ക് വരുമ്പോള്‍ രണ്ട് മാസത്തില്‍ തന്നെ 14 മുതല്‍ 17 മത്സരങ്ങള്‍ വരെ കളിക്കേണ്ടി വന്നേക്കാം. നായകനായാല്‍ ഇംപാക്റ്റ് പ്ലെയറായി തുടരാനും കഴിയില്ല. തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ രോഹിതിന്റെ ഫിറ്റ്നസിനെ ബാധിക്കുമോയെന്ന ആശങ്കയാണ് ഇവിടെ ഉയരുന്നത്.2027 ഏകദിന ലോകകപ്പ് ഒക്ടോബർ ആദ്യ വാരമാണ് ആരംഭിക്കുന്നത്. ഐപിഎല്‍ അവസാനിക്കുന്നത് മേയിലാകാനാണ് സാധ്യത. നാല് മാസത്തിന്റെ ഇടവേളയാണുള്ളത്. ഗുരുതരമായ പരിക്കുകളെന്തെങ്കിലും സംഭവിച്ചാല്‍ രോഹിതിന് ആ വലിയ ലക്ഷ്യത്തിലേക്കുള്ള യാത്ര പൂർത്തിയാക്കാതെ കളം വിടേണ്ടതായും വരും.